ലോകബാങ്കില്‍നിന്ന് 400 കോടി കൂടി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സേവനപ്രദാന പദ്ധതിക്കായി എടുത്ത വായ്പയില്‍ ഡോളര്‍ വിനിമയത്തിലെ മാറ്റം പരിഗണിച്ച് 400 കോടി രൂപ കൂടി അധികം നല്‍കാമെന്ന് ലോകബാങ്ക് സമ്മതിച്ചു. ഈ തുക പിന്നാക്ക പഞ്ചായത്തുകളുടെ അഭിവൃദ്ധിക്കും ട്രൈബല്‍ ക്ളസ്റ്റുകളുടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതി പൂര്‍ത്തിയാക്കേണ്ട കാലാവധി അടുത്ത മാര്‍ച്ച് 31 ആയിരുന്നു. ഇത് 2017 ജൂണ്‍ 30 വരെ നീട്ടി നല്‍കാനും ലോകബാങ്ക് സമ്മതിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലോകബാങ്ക് സഹായത്തോടെ ആരംഭിച്ച കേരള ലോക്കല്‍ ഗവണ്‍മെന്‍റ് സര്‍വിസ് ഡെലിവറി പ്രോജക്ട് 1195.8 കോടിയുടേതായിരുന്നു. ഇതില്‍ 1039 കോടി ഇതിനകം ചെലവിട്ടിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയാക്കേണ്ടത് അടുത്ത മാര്‍ച്ച് 31നായിരുന്നു. ഇതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലോകബാങ്കിന് കത്തെഴുതിയിരുന്നു. ഡോളര്‍ വിനിമയത്തിലെ മാറ്റത്തിനനുസരിച്ച് 400 കോടി കൂടി അധികം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച ലോകബാങ്ക് പ്രതിനിധികളും സര്‍ക്കാറുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. വിനിമയനിരക്കിലെ മാറ്റത്തിനനുസരിച്ച് പണം നല്‍കാനും പദ്ധതി പൂര്‍ത്തിയാക്കേണ്ട കാലാവധി നീട്ടി നല്‍കാനും ചര്‍ച്ചയില്‍ ലോകബാങ്ക് പ്രതിനിധികള്‍ സമ്മതിച്ചു. ഈ തുകയുടെ വിനിയോഗം സംബന്ധിച്ചാണ് മന്ത്രിസഭ തീരുമാനമെടുത്തത്.       
ശിവഗിരി മഠത്തിന് 14.44 ആര്‍ ഭൂമി പതിച്ചുനല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ശിവഗിരി ധര്‍മസംഘം ട്രസ്റ്റിന് അവരുടെ കൈവശമിരിക്കുന്ന ഈ ഭൂമി സൗജന്യമായാണ് നല്‍കുക. മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ പേരിലുള്ള ഫൗണ്ടേഷന് വര്‍ക്കലയില്‍ 4.05 ആര്‍ ഭൂമി അനുവദിച്ചു. മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ പുതിയ സബ്രജിസ്ട്രാര്‍ ഓഫിസ് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
വൈദ്യുതി റെഗുലേറ്ററി കമീഷന് 75 സെന്‍റും മലിനീകരണ നിയന്ത്രണ ബോര്‍ഡിന് 25 സെന്‍റും ഭൂമി അനുവദിക്കും. തിരുവനന്തപുരം ചെറുവക്കലില്‍ എനര്‍ജി മാനേജ്മെന്‍റ് സെന്‍ററിന് നേരത്തേ പാട്ടത്തിന് നല്‍കിയിരുന്ന ഭൂമിയില്‍നിന്നാണ് ഇത് അനുവദിക്കുക. പട്ടത്ത് സി-ഡിറ്റിന് 15 സെന്‍റും ഐ.ടി മിഷന് 45 സെന്‍റും അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സോളാര്‍ കേസില്‍ ആരോപണവിധേയനായി സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പി.ആര്‍.ഡി മുന്‍ ഡയറക്ടര്‍ എ. ഫിറോസിനെ സര്‍വിസില്‍ തിരിച്ചെടുക്കും. സംസ്ഥാന അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലില്‍നിന്ന് അദ്ദേഹത്തിന് അനുകൂല വിധി വന്ന സ്ഥിതിക്ക് ആ ഉത്തരവ് നടപ്പാക്കിയേ പറ്റൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 തിരിച്ചെടുക്കുമെങ്കിലും എവിടെ നിയമനം നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശം ചോദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.