തിരുവനന്തപുരം: മലയാളത്തിലെ ട്രോളൻമാർക്ക് ചാകരയൊരുക്കി മന്ത്രി വി. ശിവൻകുട്ടിയും. ഷേക്ക് ഹാൻഡിന് വേണ്ടി കൈനീട്ടി ചമ്മി പോയ ‘ഷേക്ക് ഹാൻഡ് ചമ്മൽ ക്ലബിൽ’ ആണ് മന്ത്രിയുംപെട്ടത്. കാലിക്കറ്റ് എഫ്‌സി - ഫോഴ്സ കൊച്ചി മത്സരത്തിനിടെ നടനും സംവിധായകനുമായ ബേസിൽ ജോസഫ് ചമ്മിയതോടെയാണ് ‘ഷേക്ക് ഹാൻഡ് ചമ്മൽ’ വൈറലായത്. ഇതിൽ ‘ഞാനും പെട്ടു‘ എന്ന കുറിപ്പോടെ മന്ത്രി തന്നെ ട്രോൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപപന വേദിയിലായിരുന്നു രസകരമായ സംഭവം. സമാപന വേദിയിൽ ഇരിപ്പിടത്തിലേക്ക് വന്ന നടന്‍ ആസിഫ് അലിക്ക് കൈകൊടുക്കാന്‍ മന്ത്രി കൈനീട്ടി. എന്നാൽ, അത് കാണാതെ നടൻ നടന്നുപോയി കസേരയിലിരുന്നു. ഇരുവർക്കും ഇടയിലുണ്ടായിരുന്ന നടന്‍ ടൊവിനോ ആസിഫ് അലിയെ വിളിച്ച് മന്ത്രി കൈ നീട്ടിയ കാര്യം ശ്രദ്ധയിൽപെടുത്തി. തുടർന്ന് ചിരിച്ചുകൊണ്ട് ഇരുവരും കൈകൊടുക്കുന്നതാണ് വിഡിയോയിലുള്ളത്. ‘തക്ക സമയത്ത് ഞാന്‍ ഇടപ്പെട്ടതു കൊണ്ട് രക്ഷപ്പെട്ടു’ എന്ന് വിഡിയോക്ക് താഴെ നടന്‍ ടൊവിനോ കമന്റ് ചെയ്തിട്ടുണ്ട്.
നേരത്തെ മമ്മൂട്ടിയും രമ്യ നമ്പീശനും സുരാജ് വെഞ്ഞാറമൂടും ‘ചമ്മൽ ക്ലബി’ൽ ഇടംപിടിച്ചിരുന്നു. സൂപ്പര്‍ ലീഗ് കേരള ഫുട്‍ബാൾ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിൽ ടീമിലെ ഒരു താരത്തിന് ബേസില്‍ കൈ നീട്ടിയെങ്കിലും അദ്ദേഹമത് കാണാതെ പൃഥ്വിരാജിന് കൈകൊടുത്തതോടെയാണ് ബേസിൽ വൈറലായത്. അടുത്ത ഇരയായി വന്നുവീണത് സുരാജ് വെഞ്ഞാറമൂടാണ്. പുതിയ ചിത്രമായ 'ഇഡി'യുടെ ഓഡിയോ ലോഞ്ചിൽ നടി ഗ്രേസ് ആന്റണിക്ക് കൈ കൊടുക്കാൻ പോയപ്പോഴാണ് സുരാജ് 'അവഗണന' നേരിട്ടത്. ഇതിനിടെയാണ് ഒരു കുട്ടിക്ക് കൈകൊടുക്കാൻ കൈ നീട്ടി മമ്മൂട്ടിയും പെട്ടത്. മമ്മൂട്ടി കൈനീടിയത് കാണാതെ കുട്ടി മറ്റൊരാളുടെ കയ്യിലാണ് ചെന്നുപിടിച്ചത്. ഒരാൾക്ക് മെഡൽ കൊടുത്തതിന് ശേഷം കൈനീട്ടിയാണ് നടി രമ്യ നമ്പീശൻപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.