കമ്പനി നിയമ ലംഘനം; എസ്​.എൻ.ഡി.പിക്ക് എതിരെ നടപടിക്ക് ആവശ്യം

തൊടുപുഴ: ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ  ഏകാധിപത്യ തീരുമാനങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം സ്വീകരിച്ച സമീപകാല നടപടികൾ നിയമലംഘനമായതിനാൽ സർക്കാർ  ഇടപെടണമെന്ന്  ആവശ്യം. ഇന്ത്യൻ കമ്പനി നിയമം 1956ഉം 1961ലെ കേരള നോൺ ട്രേഡിങ് കമ്പനി നിയമവും അനുസരിച്ച് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന എസ്.എൻ.ഡി.പി യോഗത്തിെൻറ ഭാരവാഹികളുടെ പ്രവർത്തനം ഈ നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്നാണ് ആക്ഷേപം.കമ്പനി നിയമം 397, 398, 399ഉം അനുബന്ധ വകുപ്പുകളും പ്രകാരം അന്വേഷണം നടത്തി ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തണമെന്ന്  തൊടുപുഴ ശാഖാംഗമായ കെ.കെ. പുഷ്പാംഗദൻ സംസ്ഥാന സർക്കാറിന് കീഴിൽ തിരുവനന്തപുരം വഞ്ചിയൂരിലുള്ള ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ മുമ്പാകെ രേഖാമൂലം നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

എസ്.എൻ.ഡി.പി യോഗം കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തതായതിനാൽ യോഗത്തിെൻറ സ്ഥിരാംഗമായ താൻ അതിെൻറ ഓഹരി ഉടമയാണെന്ന് പുഷ്പാംഗദൻ പറയുന്നു. വെള്ളാപ്പള്ളിക്കെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുള്ള ഗോകുലം ഗോപാലനും ബിജു രമേശും നേതൃത്വം നൽകുന്ന ശ്രീനാരായണ ധർമ വേദി വൈസ് ചെയർമാനാണ് പുഷ്പാംഗദൻ. ധർമവേദി സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരമാണ് പരാതി നൽകിയതെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.

ശ്രീനാരായണ ധർമത്തിൽ വിശ്വസിക്കുന്ന 18 വയസ്സ് പ്രായപൂർത്തിയായ ഏത് വ്യക്തിക്കും ജാതിമത ഭേദമന്യേ അംഗമായി ചേരാവുന്നതാകുന്നെന്ന യോഗം ഭരണഘടനയിലെ പരാമർശം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യോഗം പ്രസിഡൻറ് ഡോ.എം.എൻ. സോമൻ, വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി, വെള്ളാപ്പള്ളി നടേശൻ എന്നിവർ യഥാക്രമം കമ്പനി പ്രസിഡൻറും വൈസ് പ്രസിഡൻറും സി.ഇ.ഒയുമാണെന്നിരിക്കെ അടുത്തിടെ യോഗത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ  ഗൗരവം അർഹിക്കുന്നതാണെന്നാണ് ധർമവേദി വിലയിരുത്തൽ. മതസ്പർധ വളർത്തുംവിധം  വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന ജനറൽ സെക്രട്ടറിയുടെ ആലുവ പ്രസംഗം യോഗത്തിെൻറ പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കുന്നതോടൊപ്പം ആലുവ പൊലീസ് ഐ.പി.സി 153(എ) പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത കാര്യവും പരാതിയിൽ എടുത്തുപറയുന്നു.

നോൺ ട്രേഡിങ് കമ്പനിയായ എസ്.എൻ.ഡി.പി യോഗം മൈക്രോ ഫിനാൻസിെൻറ മറവിൽ ബാങ്കിൽനിന്ന് കുറഞ്ഞ പലിശക്ക് വയ്പയെടുത്ത് കൂടിയ പലിശക്ക് നൽകിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നതിന് പുറമെ കൊല്ലം സി.ജെ.എം കോടതിയിൽ എസ്.എൻ ട്രസ്റ്റുമായി ബന്ധപ്പെട്ട പണാപഹരണ കേസും നിലവിലുള്ളതായി പരാതിയിൽ ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിൽ  എസ്.എൻ.ഡി.പി വസ്തു വാങ്ങിയ മറ്റൊരു കേസിൽ തമിഴ്നാട് പൊലീസ് ഐ.പി.സി 465,468,420 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി എടുത്ത കേസുകളും എടുത്ത് പറയുന്നുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT