ആവി മാത്രമല്ല; തട്ടുകടകളില്‍ പണവും പറക്കുന്നു

കോട്ടയം: ആവിപറക്കുന്ന ദോശയും ഓംലെറ്റും വിളമ്പുന്ന തട്ടുകടകളില്‍നിന്ന് എന്തുകിട്ടാനാണെന്ന് ചിന്തിക്കുന്നവര്‍ അറിയുക? കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ തട്ടുകടകളുടെ പ്രതിമാസലാഭം 2.51 കോടിയെന്ന് സര്‍ക്കാര്‍ കണക്ക്.
മൂന്നു ജില്ലകളിലായി 1117 തട്ടുകടകളുണ്ട്. പത്തനംതിട്ടയാണ് മുന്നില്‍; 578. കോട്ടയത്ത് 397ഉം, ഇടുക്കിയില്‍ 142ഉം തട്ടുകടകളുണ്ട്. സംസ്ഥാനത്ത് ഏറ്റവും കുറവ് കടയുള്ളതും ഇടുക്കി ജില്ലയിലാണ്. 2014 നവംബര്‍ മുതല്‍ 2015 ഫെബ്രുവരിവരെയുള്ള കാലയളവിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തിയ കണക്കെടുപ്പിലാണ് ഈ കണ്ടത്തെല്‍.
മൂന്നു ജില്ലകളില്‍ ഏറ്റവും കൂടുതല്‍ ലാഭം പത്തനംതിട്ടയിലാണ്. ഇവിടുത്തെ കടകളില്‍നിന്ന് മാസം 1,21,75,314 രൂപയാണ് ലാഭം. ആഴ്ചയില്‍ ലഭിക്കുന്നത് 31,67,095 രൂപ. കോട്ടയത്തെ കച്ചവടക്കാര്‍ക്ക് പ്രതിമാസലാഭം 97,64,354 രൂപയാണ്. ആഴ്ചയില്‍ 27,16,906 രൂപയും. ഇടുക്കിയിലെ തട്ടുകടക്കാര്‍ക്ക് 33,35,150 രൂപയാണ് ലാഭം. ആഴ്ചയിലിത് 9,30,832 രൂപയാണ്. സംസ്ഥാനത്ത് 11,033 തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നതായാണ് വകുപ്പിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറ്റവുമധികം തട്ടുകടകള്‍ കൊല്ലം ജില്ലയിലാണ്; 1553. പാലക്കാട് (1266), തിരുവനന്തപുരം (1259) ജില്ലകളാണ് തൊട്ടുപിറകില്‍. സംസ്ഥാനത്ത് 382 കടകള്‍ നടത്തുന്നത് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരാണ്. പത്തനംതിട്ടയാണ് ഇതില്‍ മുന്നില്‍. ഇവിടുത്തെ 152 കടകളുടെ ഉടമസ്ഥര്‍ ഇതരസംസ്ഥാനക്കാരാണ്. കോട്ടയത്തെ തട്ടുകടകളില്‍ 87 എണ്ണത്തിന് മാത്രമാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്‍െറയോ പഞ്ചായത്തിന്‍െറയോ അംഗീകാരമുള്ളത്. ഇടുക്കിയില്‍ 11, പത്തനംതിട്ടയില്‍ 48വീതം കടകള്‍ക്കുമാത്രമാണ് അംഗീകാരം. മൊത്തം തട്ടുകടകളില്‍ 62 ശതമാനത്തില്‍ ചായയും കാപ്പിയും ചെറുകടികളും മാത്രമാണ് വില്‍പന. ഇടുക്കിയില്‍ 84.5 ശതമാനം കടകളിലും മാംസാഹാരം വില്‍ക്കുന്നു. കോട്ടയത്ത് ഇത് 63 ശതമാനമാണ്. കോട്ടയത്തും ഇടുക്കിയിലും 73 ശതമാനത്തിലധികം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വൈകീട്ട് മുതല്‍ പാതിരാത്രി വരെയാണ്. ബാക്കി സ്ഥാപനങ്ങള്‍  രാവിലെ മുതല്‍ വൈകീട്ടു വരെയാണ് പ്രവര്‍ത്തനം.  
ഇത്തരം കടകളില്‍ കോട്ടയം ജില്ലയില്‍ 860 പേരും പത്തനംതിട്ടയില്‍ 1,141 പേരും ഇടുക്കിയില്‍ 258 പേരും ജോലി ചെയ്യുന്നു. ഇതില്‍ കോട്ടയത്തെ ജോലിക്കാരില്‍ 57 പേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. പത്തനംതിട്ടയില്‍ ഇത്തരക്കാരുടെ എണ്ണം 255 ആണ്. ഇടുക്കിയിലെ കടകളില്‍ ഇതര സംസ്ഥാനക്കാര്‍ ആരും ജോലി ചെയ്യുന്നില്ളെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കച്ചവടക്കാരില്‍ ഭൂരിഭാഗവും പാചകത്തിനായി എല്‍.പി.ജിയാണ് ആശ്രയിക്കുന്നത്. രണ്ടാം സ്ഥാനം മണ്ണെണ്ണക്കും. വിറക് ഉപയോഗിക്കുന്നവരും ഏറെയുണ്ട്. കച്ചവടക്കാരില്‍ ഭൂരിഭാഗവും കടബാധ്യതയുള്ളവരാണ്. സംസ്ഥാനത്തെ മൊത്തം കച്ചവടക്കാരില്‍ പൊതുമേഖലാ ബാങ്കുകളില്‍നിന്ന് 10 ശതമാനം പേര്‍ വായ്പ എടുത്താണ് വ്യാപാരം ആരംഭിച്ചത്. 26 ശതമാനം സഹകരണ ബാങ്കുകളില്‍നിന്നും 33 ശതമാനം പ്രാദേശിക ബ്ളേഡുകാരില്‍നിന്നുമാണ് വായ്പ എടുത്തത്. അടുത്തിടെയാണ് സംസ്ഥാനത്തെ തട്ടുകടകളെ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് പുറത്തിറങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.