കൊച്ചി: പുതിയ സംസ്ഥാന പ്രസിഡൻറ് അടക്കം ബി.ജെ.പി കേരള ഘടകത്തിൻെറ ഭാവികാര്യങ്ങൾ തീരുമാനിക്കാൻ പാർട്ടി അധ്യക്ഷൻ അമിത്ഷാ കേരള നേതാക്കളെ ഡൽഹിക്ക് വിളിച്ചു. 16 ന് ബുധനാഴ്ച ഡൽഹിയിൽ എത്താനാണ് സംസ്ഥാന ബി.ജെ.പിയിലെ പത്തംഗ കോർ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൻെറ മുന്നൊരുക്കം, വെള്ളാപ്പള്ളി നടേശൻെറ പാർട്ടിയോടുള്ള സമീപനം എന്നിവ പ്രധാന ചർച്ചാ വിഷയങ്ങളാണ്.
സംസ്ഥാന പ്രസിഡൻറ് വി.മുരളീധരൻെറ കാലാവധി ഈ മാസം 31 ന് അവസാനിക്കും. രണ്ടു ടേം അദ്ദേഹം പ്രസിഡൻറ് ആയിരുന്നു. പാർട്ടി ഭരണഘടന അനുസരിച്ച് തുടർച്ചയായി മൂന്നാമതൊരു ടേം ലഭിക്കില്ല. അതിനാൽ മുരളീധരന് മാറിയേ പറ്റൂ. തദ്ദേശ തെരഞ്ഞെടുപ്പിൽ റിക്കാർഡ് വിജയം നേടിയതിൻെറ ക്രെഡിറ്റ് അദ്ദേഹത്തിനുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷം മുരളിയെ മാറ്റിയാൽ മതിയെന്ന അഭിപ്രായം പാർട്ടിയിൽ ഒരു വിഭാഗത്തിനുണ്ട്. അതല്ല, പ്രസിഡൻറും മറ്റു ഭാരവാഹികളും ഉടനെ മാറണമെന്ന അഭിപ്രായക്കാരും ഉണ്ട്.
കേന്ദ്ര ഭരണവും അനുകൂല രാഷ്ട്രീയ സാഹചര്യങ്ങളും മൂലം പുതിയ പ്രസിഡൻറ് ആകാൻ ആഗ്രഹക്കാർ കൂടുതലാണ്. നേരത്തെ പ്രസിഡൻറ് ആയിരുന്ന പി.കെ കൃഷ്ണദാസിനെ വീണ്ടും കൊണ്ടു വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. സംസ്ഥാന ബി.ജെ.പിയിൽ മുരളീധരനെ എതിർക്കുന്ന വിഭാഗത്തിൻെറ പ്രധാന നേതാവാണ് കൃഷ്ണദാസ്. കേന്ദ്രനേതൃത്വം എത്ര ശ്രമിച്ചിട്ടും സംസ്ഥാനത്തെ ഗ്രൂപ്പിസം അമർച്ച ചെയ്യാൻ കഴിഞ്ഞിട്ടില്ല. കൃഷ്ണദാസ് പ്രസിഡൻറ് ആയാൽ ഗ്രൂപ്പിസം കൂടാനേ ഇടയുള്ളൂ എന്ന ചിന്താഗതി പാർട്ടി തലപ്പത്തുണ്ട്.
എം.ടി രമേശ്, കുമ്മനം രാജശേഖരൻ എന്നിവർ പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ്. ഇരുവരും ആർ.എസ്.എസിന് താല്പര്യമുള്ളവർ. ശോഭാ സുരേന്ദ്രനാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു നേതാവ്. ഈഴവ സമുദായ അംഗമായ ശോഭ പ്രസിഡൻറ് ആകണമെന്ന് വെള്ളാപ്പള്ളി നടേശന് താല്പര്യമുണ്ടത്രേ. എന്നാൽ ബി.ജെ.പി പ്രസിഡന്റിനെ തീരുമാനിക്കുന്നിടത്തു വെള്ളാപ്പള്ളിക്ക് എന്തു കാര്യമെന്ന് ചോദിക്കുന്നവർ പാർട്ടിയിലുണ്ട്. കെ.പി ശ്രീശൻ, കെ.സുരേന്ദ്രൻ തുടങ്ങിയ നേതാക്കളും പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്.
കേരളാ പാർട്ടിയിൽ നിന്ന് ഉയരുന്ന പേരുകളാണ് ഇതെല്ലാം. ഇവരെയെല്ലാം അപ്രസക്തമാക്കി കേന്ദ്ര ബി.ജെ.പി നേതൃത്വം ഒരാളെ പ്രസിഡൻറ് ആയി വാഴിക്കുമെന്ന ഭീതി കുറച്ചു നാളായി സംസ്ഥാന നേതാക്കൾക്കുണ്ട് .ചെങ്ങന്നൂർ സ്വദേശിയായ ആർ ബാലശങ്കറിനെ അമിത്ഷാ സജീവമായി പരിഗണിക്കുന്നുവെന്നാണ് ശ്രുതി. മുൻപ് കേന്ദ്ര ബി.ജെ.പി യുടെ ബുദ്ധിജീവി വിഭാഗത്തിന്റെ ചുമതല വഹിച്ചയാളാണ് ബാലശങ്കർ. മുരളീ മനോഹർ ജോഷി കേന്ദ്രമന്ത്രി ആയിരുന്നപ്പോൾ സ്റ്റാഫിൽ പ്രധാന ചുമതലയിൽ ഉണ്ടായിരുന്നു. ഓർഗനൈസറുടെ മുൻ പത്രധിപരുമാണ്. എന്നാൽ, കേരളത്തിൽ ഒരു ബൂത്ത് പ്രസിഡന്റ് പോലും ആകാത്ത ആളെ സംസ്ഥാന പ്രസിഡന്റ് ആക്കുമോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. കേരളാ പാർട്ടിയിൽ പ്രവർത്തിച്ച് പാരമ്പര്യം ഇല്ലാത്ത ഒരാൾ പ്രസിഡന്റ് ആയി വന്നാൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്നും വെള്ളാപ്പള്ളിയുടെ പാർട്ടിയിലേക്ക് ബി.ജെ.പിക്കാർ ആകർഷിക്കപ്പെടുമെന്നും ആശങ്കപ്പെടുന്നവരുണ്ട്. എന്തു തന്നെ ആയാലും ആർ എസ് എസിന്റെ താൽപര്യവും അമിത്ഷായുടെ തീരുമാനവുമാണ് ഇതിൽ പ്രധാനം.
വെള്ളാപ്പള്ളിയുടെ പാർട്ടിയോട് സ്വീകരിക്കേണ്ട നിലപാടിന്റെ കാര്യത്തിൽ കേരള ബി ജെ പിയിൽ കടുത്ത ആശയക്കുഴപ്പമുണ്ട് . കേരളത്തിന്റെ ഹിന്ദു മുഖമായി വെള്ളാപ്പള്ളി മാറിക്കഴിഞ്ഞു. ബി.ജെ.പി യുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യും വിധമാണ് നടേശന്റെ നീക്കങ്ങൾ. സംസ്ഥാനത്ത് ബി.ജെ.പിയുടെ വളർച്ച അവസാനിച്ചെന്നും ഇനി തന്റെ പാർട്ടിക്കാണ് പ്രസക്തിയെന്നും നടേശൻ പരസ്യമായി പറയുന്നുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം മാനിച്ച് വെള്ളാപ്പള്ളിയുടെ പിന്നാലെ പോകേണ്ട ഗതികേടിലാണ് സംസ്ഥാന നേതാക്കൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ നടേശൻ വലിയ തോതിൽ വിലപേശൽ നടത്തുമെന്നും അവർക്ക് ആശങ്കയുണ്ട്.
മൂന്നര പതിറ്റാണ്ട് കാലം കേരളത്തിൽ സാന്നിധ്യമുള്ള ഒരു പാർട്ടിക്ക് ഇതിനിടയിൽ ഒരു എം.എൽ.എ യെ പോലും ജയിപ്പിക്കാൻ കഴിയാതിരുന്നത് നേതൃത്വത്തിന്റെ കഴിവുകേടാണെന്ന വിലയിരുത്തലാണ് അമിത്ഷായുടേത്. വെള്ളാപ്പള്ളി, മാത്രമാണ് അതിനുള്ള ഒറ്റമൂലിയെന്നു അമിത്ഷാ കരുതുന്നു. അതിനാൽ വെള്ളാപ്പള്ളിയുടെ പിൻബലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പു നേരിടണമെന്നാണ് അമിത്ഷായുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.