തൊടുപുഴ: പെമ്പിളൈ ഒരുമൈ സമര നേതാക്കളിലൊരാളായ ലിസി സണ്ണിയുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടന രൂപവത്കരിക്കുന്നു. പെമ്പിളൈ ഒരുമൈ എസ്റ്റേറ്റ് വര്‍ക്കേഴ്സ് ട്രേഡ് യൂനിയന്‍ എന്ന പേരിലാണ് സംഘടന രൂപവത്കരിക്കുന്നത്. ലിസി സണ്ണി പ്രസിഡന്‍റും തോട്ടം തൊഴിലാളികളായ കൗസല്യ വൈസ് പ്രസിഡന്‍റും രാജേശ്വരി ജനറല്‍ സെക്രട്ടറിയും അന്നമ്മ ജോയന്‍റ് സെക്രട്ടറിയും സ്റ്റെല്ല മേരി ട്രഷററുമാണ്.
കഴിഞ്ഞ ദിവസം മൂന്നാറില്‍ ലിസി സണ്ണി അധ്യക്ഷയായി ചേര്‍ന്ന യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. തുടര്‍ന്ന് പെമ്പിളൈ ഒരുമൈ എന്ന പേരില്‍ വാര്‍ത്താക്കുറിപ്പും ഇറക്കിയിട്ടുണ്ട്.
തൊഴിലാളികള്‍ക്ക് ദിവസക്കൂലി 69 രൂപ വീതം വര്‍ധിപ്പിച്ച് ലഭിച്ചത് പെമ്പിളൈ ഒരുമൈയുടെ സമരത്തിന്‍െറ വിജയമാണെന്നും സര്‍ക്കാറിനും എസ്റ്റേറ്റ് ഉടമസ്ഥര്‍ക്കും തങ്ങളെ സഹായിച്ച എല്ലാ നല്ലമനസ്സുകള്‍ക്കും നന്ദിയുണ്ടെന്നും ലിസി സണ്ണി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
നാലു പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട് കഴിഞ്ഞുവന്ന തോട്ടം തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങള്‍ സമരത്തിലൂടെയാണ് പൊതുസമൂഹം അറിഞ്ഞത്. തോട്ടം തൊഴിലാളികളുടെ നിലനില്‍പിനായി കേരളത്തിന്‍െറ പൊതുവികാരം ഉണര്‍ന്നത് മൂലമാണ് ആശ്വാസ തീരുമാനങ്ങള്‍ ഉണ്ടായത്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പെമ്പിളൈ ഒരുമൈ ഇനിയും ശക്തമായി മുന്നോട്ടുപോകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
പെമ്പിളൈ ഒരുമൈയുടെ സമരവിജയത്തിനുശേഷം സമരനേതാക്കളായിരുന്ന ലിസി സണ്ണിയും ഗോമതിയും അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഭിന്നതയിലാണ്. ഇതിനിടെയാണ് ഗോമതിയെ ഒഴിവാക്കി ലിസിയുടെ നേതൃത്വത്തില്‍ യൂനിയന്‍ രൂപവത്കരിക്കാനൊരുങ്ങുന്നത്.
എന്നാല്‍, കൂടുതല്‍ തൊഴിലാളികളും തങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും ഉടന്‍തന്നെ തങ്ങളും തൊഴിലാളി സംഘടന രൂപവത്കരിക്കുമെന്ന് ഗോമതി ‘മാധ്യമ’ത്തോട് പ്രതികരിച്ചു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഞായറാഴ്ച മൂന്നാര്‍ മര്‍ച്ചന്‍റ്സ് ഹാളില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും ഗോമതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.