സര്‍ക്കാറും ജനവും കബളിക്കപ്പെട്ടു; മൂന്നാര്‍ മാര്‍ക്കറ്റിന്‍െറ ഉടമാവകാശം ടാറ്റയില്‍ നിക്ഷിപ്തം

മൂന്നാര്‍: സര്‍ക്കാറിനെയും പൊതുജനത്തെയും കബളിപ്പിച്ച് വീണ്ടും കണ്ണന്‍ദേവന്‍ കമ്പനി.  ടൗണ്‍ വികസനത്തിനായി സര്‍ക്കാര്‍ കണ്ടത്തെിയ ഭൂമിയില്‍ നവീകരണപ്രവര്‍ത്തനം നടത്തിയാണ് കമ്പനി ഒരിക്കല്‍കൂടി ഉടമസ്ഥാവകാശം നിലനിര്‍ത്തിയത്. നൂറ്റാണ്ടിലധികം പഴക്കമുള്ള മാര്‍ക്കറ്റ് കെട്ടിടം പൊളിച്ച് നവീകരണം നടത്തി ടാറ്റ കമ്പനി കച്ചവടക്കാരെയും സര്‍ക്കാറിനെയും വെല്ലുവിളിക്കുകയാണ്.  കച്ചവടക്കാരില്‍നിന്ന് നിര്‍മാണച്ചെലവിലേക്കായി പണവും വാങ്ങി. കമ്പനിക്ക് അതിന് അധികാരമില്ളെന്നും പണം വാങ്ങിയതുവഴി കമ്പനി ഉടമസ്ഥരും കച്ചവടക്കാര്‍ വാടകക്കാരും എന്ന ഭാവം നിലനിര്‍ത്തുകയായിരുന്നുവെന്ന് ഒരു വിഭാഗം പറയുന്നു.

കണ്ണന്‍ ദേവന്‍ കമ്പനിയില്‍നിന്ന് 1956 ഏപ്രില്‍ 27ന് 216.58 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ പൊന്നുംവില കൊടുത്ത് വാങ്ങിയിരുന്നു. മൂന്നാര്‍ ടൗണിനോട് ചേര്‍ന്നുള്ള ഈ ഭൂമിയിലാണ് നിരവധി കച്ചവടക്കാരും ജനങ്ങളും കഴിയുന്നത്. ടൗണ്‍ വികസനത്തിന് വി.എസ് സര്‍ക്കാറിന്‍െറ കാലത്ത് പദ്ധതി വിഭാവനം ചെയ്തെങ്കിലും എങ്ങുമത്തെിയില്ല. വിനോദസഞ്ചാരികള്‍ക്കടക്കം വന്നിറങ്ങാന്‍ നല്ല ബസ്സ്റ്റാന്‍ഡുപോലും മൂന്നാറിലില്ല. ഇപ്പോഴും ബസ് റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. മാര്‍ക്കറ്റ് മറ്റൊരിടത്തേക്ക് മാറ്റി ഇവിടെ ആധുനിക ബസ്സ്റ്റാന്‍ഡ് നിര്‍മിക്കാനും ആലോചന നടന്നിരുന്നു. എന്നാല്‍, കമ്പനി നിലപാടുകള്‍കൊണ്ട് നടപ്പായില്ല. പാട്ടവ്യവസ്ഥയില്‍ കമ്പനി നിലനില്‍ക്കുമ്പോള്‍ കെട്ടിടത്തിന്‍െറ ഉടമാവകാശം സ്വയം ഏറ്റെടുത്ത് തങ്ങളെ വാടകക്കാരായി നിര്‍ത്തുന്നതാണ് കച്ചവടക്കാര്‍ ചോദ്യംചെയ്യുന്നത്.

തോട്ടം മേഖലയില്‍നിന്ന് ടൂറിസം മേഖല എന്ന നിലയിലേക്ക് വളര്‍ന്നെങ്കിലും ടൗണില്‍ വികസനങ്ങള്‍ മുരടിപ്പ് നില്‍ക്കുകയാണ്. ഇത് കമ്പനിയുടെ മുതലാളിത്ത ഭാവം കൊണ്ടാണെന്നാണ് കച്ചവടക്കാരും ജനങ്ങളും ആരോപിക്കുന്നത്. കമ്പനിയില്‍നിന്ന് ഭൂമി തിരിച്ചുപിടിക്കാന്‍ വ്യാപാര വ്യവസായി ഏകോപന സമിതി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കച്ചവടക്കാര്‍ താമസിക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ നല്‍കിയ പരാതികള്‍ കോടതികളില്‍ നിലനില്‍ക്കവെ സര്‍ക്കാറിനെയും പൊതുജനങ്ങളെയും വെല്ലുവിളിച്ച് കമ്പനി ഉടമകള്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ഊട്ടിയുറപ്പിക്കുകയാണ്. സര്‍ക്കാറുമായി തര്‍ക്കത്തില്‍ നില്‍ക്കുന്ന ഭൂമിയിലെ നിര്‍മാണങ്ങള്‍ക്ക് മൂന്നാര്‍ പഞ്ചായത്ത് അനുമതി നല്‍കിയതും ദുരൂഹമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.