ശാശ്വതീകാനന്ദയുടെ മരണം: തലയോട്ടി തുറന്ന് പരിശോധിച്ചിട്ടുണ്ടോ എന്ന് ഹൈകോടതി

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച സ്വാമി ശാശ്വതീകാനന്ദയുടെ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട കുറിപ്പ് ഹാജരാക്കാന്‍ ഹൈകോടതി നിര്‍ദേശം. പോസ്റ്റ്മോര്‍ട്ടം സമയത്ത് ഡോക്ടര്‍ കുറിക്കുന്ന നോട്ട് ഹാജരാക്കണമെന്നാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ ഉത്തരവ്. ഈ നോട്ടിന്‍െറ അടിസ്ഥാനത്തിലാണ് പിന്നീട് റിപ്പോര്‍ട്ട് തയാറാക്കാറുള്ളത്. പോസ്റ്റ്മോര്‍ട്ടം പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാനും സര്‍ക്കാറിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട് തലയോട്ടി തുറന്ന് പരിശോധന നടന്നിട്ടുണ്ടോയെന്ന് സര്‍ക്കാറിനോട് ആരാഞ്ഞ ശേഷമാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.
സ്വാമി ശാശ്വതീകാനന്ദകേസില്‍ തുടരന്വേഷണം വേണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശങ്ങളുണ്ടായത്. പാലക്കാട്ടെ ഓള്‍ കേരള ആന്‍റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഐസക് വര്‍ഗീസാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. കേസിലെ പ്രതിയെന്ന് ആരോപിക്കുന്ന പള്ളുരുത്തി സ്വദേശി പ്രിയന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.
 നീന്തലറിയാവുന്ന ശിവഗിരി മഠാധിപതി സ്വാമി ശാശ്വതീകാനന്ദ മുങ്ങിമരിച്ചത് ദുരൂഹമാണെന്നാണ് പരാതികളിലെ ആരോപണം. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് ഇവരുടെ വാദം. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ തലക്ക് അടിയേറ്റതുമായി ബന്ധപ്പെട്ട സംശയം കോടതി ഉന്നയിച്ചത്. മസ്തിഷ്ക ക്ഷതം ഉണ്ടായതായി പോസ്റ്റ്മോര്‍ട്ടം വേളയില്‍ പരിശോധിച്ചിട്ടുണ്ടോയെന്നാണ് കോടതി അന്വേഷിച്ചത്. തലക്ക് പരിക്കേറ്റതായാണ് പരാതിക്കാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ തലയോട്ടി തുറന്ന് പരിശോധന അനിവാര്യമാണ്. അങ്ങനെ ചെയ്തിട്ടില്ളെങ്കില്‍ അത് ഗുരുതര അപാകതയാണെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.
ശാശ്വതീകാനന്ദകേസിലെ അന്വേഷണം പ്രഹസനമായിരുന്നെന്നാണ് തുടരന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിലെ വാദം. മജിസ്ട്രേറ്റിന് മുമ്പാകെ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെയാണ് അന്വേഷണം നടന്നത്. ഇത് നിയമപരമല്ല. മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയശേഷം അന്വേഷണം നടത്തുകയാണ് വേണ്ടത്. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് എഫ്.ഐ.ആര്‍ സമര്‍പ്പിച്ച ശേഷം മാത്രമെ അന്വേഷണം നടത്താവൂവെന്നിരിക്കെ അന്വേഷണം നടന്നുവെന്ന് പറയാനാകില്ല. ദുരൂഹമരണ കേസുകളില്‍ പൊലീസ് നടത്തുന്ന അന്വേഷണത്തിന്‍െറ അപാകത പരിശോധിക്കാന്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന് (ആര്‍.ഡി.ഒ) അധികാരമില്ളെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. തനിക്കെതിരെ അനാവശ്യ ആരോപണം ഉയരുന്ന സാഹചര്യത്തില്‍ ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യമാണ് പ്രിയന്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അന്വേഷണം ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന ആവശ്യം ബിജു രമേശും ഉന്നയിച്ചിട്ടുണ്ട്. നീന്തലറിയാവുന്ന ശാശ്വതീകാനന്ദ മുങ്ങിമരിച്ചതിലെ ദുരൂഹത ശരിയായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരേണ്ടതാണെന്ന നിരീക്ഷണം കോടതി നേരത്തേ നടത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.