പൂക്കോട്ടുംപാടം(മലപ്പുറം): നിലമ്പൂരിനടുത്ത് ടി.കെ കോളനിക്ക് സമീപം പൂത്തോട്ടംകടവില്‍ മാവോവാദികള്‍ ഫോറസ്റ്റ് ഒൗട്ട് പോസ്റ്റ് കത്തിച്ചു. വനം വകുപ്പ് ജീവനക്കാരായ മൂന്നുപേരെ തട്ടികൊണ്ടുപോയി. ഒൗട്ട് പോസ്റ്റ് ഡ്യൂട്ടിയിലായിരുന്ന ഫോറസ്റ്റ് വാച്ചര്‍ അജയന്‍, സൈലന്‍റ് വാലിയിലെ ഫോറസ്റ്റ് വാച്ചര്‍ രമണന്‍, താല്‍കാലിക ജീവനക്കാരൻ ആലി എന്നിവരെയാണ് ഭക്ഷണം ആവശ്യപ്പെട്ട ശേഷം തോക്കുചൂണ്ടി കാട്ടിനുള്ളിലേക്കു കൊണ്ടുപോയത്. അവിടെവെച്ച് വാച്ചര്‍ രമണന്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് പത്തരയോടെ ഇവരുടെ മൊബൈല്‍ ഫോണിലെ സിം കാര്‍ഡ് ഊരി വാങ്ങി വിട്ടയച്ചു.
വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. വാച്ചര്‍മാരായതു കൊണ്ടാണ് വിട്ടയക്കുന്നതെന്നും ഉന്നത ഉദ്യോഗസ്ഥരെയാണ് തങ്ങള്‍ക്ക് ആവശ്യമെന്നും മാവോവാദികള്‍ പറഞ്ഞതായി ജീവനക്കാർ പറഞ്ഞു. കാക്കിയിട്ട് ആരെങ്കിലും കാട്ടിലേക്കു പ്രവേശിച്ചാല്‍ വെടിവെക്കുമെന്നും മാവോവാദികള്‍ ഭീഷണിപ്പെടുത്തി. കോളനിയിലെ വനംവകുപ്പിന്‍റെ ബോര്‍ഡില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
സ്ത്രീകൾ ഉള്‍പ്പെടെയുള്ള ഒമ്പതംഗസംഘം തോക്കുചൂണ്ടി ജീവനക്കാരെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ഡി.എഫ്.ഒ എസ്. സജികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറം എസ്.പി ദേബേഷ് കുമാർ ബഹ്റയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം മേഖലയിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
നിലമ്പൂര്‍ സൈലന്‍റ് വാലി അതിര്‍ത്തിയില്‍ ചക്കിക്കുഴി ഫോറസ്റ്റ് പരിധിയില്‍പ്പെട്ട ഇവിടെ രണ്ട് വര്‍ഷം മുമ്പ് വനം വകുപ്പ് ജീവനക്കാര്‍ക്ക് നേരെ മാവോവാദികള്‍ വെടിയുതിര്‍ത്തിരുന്നു. അതിനു സമീപമാണ് വെള്ളിയാഴ്ചത്തെ സംഭവവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.