പോളിഗ്രാഫ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു ഇറാനിയന്‍ ബോട്ട് സമുദ്രാതിര്‍ത്തി ലംഘിച്ചത് അബദ്ധത്തിലെന്ന് സൂചന

കൊച്ചി: ആലപ്പുഴ തീരത്തുനിന്ന് തീരസംരക്ഷണ സേന പിടികൂടിയ ഇറാനിയന്‍ ബോട്ടിലുണ്ടായിരുന്ന നാലുപേരുടെ പോളിഗ്രാഫ് പരിശോധനാ റിപ്പോര്‍ട്ട് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചു.  തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടന്ന പോളിഗ്രാഫ് പരിശോധനയുടെ വിശദാംശങ്ങളാണ് കോടതിക്ക് കൈമാറിയത്.
ഇറാന്‍ സ്വദേശികളായ അബ്ദുല്‍ മജീദ് ബലൂചി, ഷഹ്സാദ് ബലൂചി, ജംഷാദ് ബലൂചി, അബ്ദുല്‍ ഖാദിന്‍ ബലൂചി എന്നിവരെയാണ് പരിശോധന നടത്തിയത്.  എന്‍.ഐ.എ സംശയിച്ചിരുന്ന രീതിയില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം ലക്ഷ്യമാക്കിയല്ല ഇവര്‍ യാത്ര ചെയ്തതെന്നും അബദ്ധത്തില്‍ സമുദ്രാതിര്‍ത്തി ലംഘിക്കുകയായിരുന്നുവെന്നും പരിശോധനയില്‍ തെളിഞ്ഞതായാണ് സൂചന. പ്രതികള്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് എന്‍.ഐ.എ.
എന്നാല്‍, ഇതിന് മുന്നോടിയായി ജനുവരിയില്‍ ഒരു തവണ കൂടി ആലപ്പുഴ തീരത്ത് പരിശോധന നടത്തും. ദിവസങ്ങള്‍ക്ക് മുമ്പ് പരിശോധന നടത്തിയ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കപ്പലായ ആര്‍.വി സമുദ്ര രത്നാകറിന്‍െറ സഹായത്തോടെയാവും വീണ്ടും പരിശോധന. നേരത്തേ അടിത്തട്ടില്‍ കാര്യമായി പരിശോധിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഒരിക്കല്‍ കൂടി പരിശോധന നടത്തുന്നത്. തെളിവും ലഭിച്ചില്ളെങ്കില്‍ അന്വേഷണം അവസാനിപ്പിക്കാനാണ് എന്‍.ഐ.എയുടെ തീരുമാനം. പ്രതികളെ നാര്‍ക്കോ അനാലിസിസ് പരിശോധനക്ക് വിധേയമാക്കാന്‍ എന്‍.ഐ.എക്ക് കോടതി അനുമതി നല്‍കിയിരുന്നെങ്കിലും പോളിഗ്രാഫ് പരിശോധന വിഫലമായതോടെ അന്വേഷണ സംഘം കൂടുതല്‍ പരിശോധന നടത്തേണ്ടതില്ളെന്ന് തീരുമാനിക്കുകയായിരുന്നു.  ജൂലൈ ആദ്യമാണ് ആലപ്പുഴ തീരത്തിന് 50 നോട്ടിക്കല്‍ മൈല്‍ അകലെനിന്ന് ഇറാനിയന്‍ ബോട്ട്  കസ്റ്റഡിയിലെടുത്തത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.