കൊച്ചി മെട്രോ: കുതിക്കാന്‍ കോച്ചുകളെത്തുന്നു

കൊച്ചി: സ്വപ്ന സാക്ഷാത്കാരത്തിലേക്ക് കുതിക്കാന്‍ കൊച്ചി മെട്രോയുടെ കോച്ചുകള്‍ എത്തുന്നു. ആന്ധ്രയിലെ ശ്രീസിറ്റിയില്‍ നിര്‍മാണം പുരോഗമിക്കുന്ന കോച്ചുകളില്‍ ആദ്യത്തേത് ജനുവരി രണ്ടിന് നിര്‍മാതാക്കളായ അല്‍സ്റ്റോം കൈമാറുമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. ശ്രീസിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു മന്ത്രി ആര്യാടന്‍ മുഹമ്മദിന് കോച്ചുകള്‍ കൈമാറും. ആദ്യഘട്ടത്തില്‍ മൂന്ന് കോച്ചാണ് നല്‍കുന്നത്. ഇത് പ്രത്യേക ട്രെയിലര്‍ ലോറികളില്‍ കേരളത്തില്‍ എത്തിക്കും. ഇവിടെ എത്താന്‍ 12 ദിവസത്തോളമെടുക്കുമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി വിശദമാക്കി.
ആലുവ മുട്ടം യാര്‍ഡില്‍ എത്തിക്കുന്ന കോച്ചുകള്‍ അവിടെ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ച ശേഷമായിരിക്കും ഉപയോഗിക്കുക. വളരെ വലിയ ട്രെയിലര്‍ ലോറികളില്‍ എത്തിക്കേണ്ടിവരുന്നതിനാലാണ് 12 ദിവസത്തോളം കാലതാമസം. കൊണ്ടുവരുന്നതിന് മുന്നോടിയായി കേരളത്തിലേക്കുള്ള റൂട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ട്രെയിലറുകള്‍ ഓടിച്ചിരുന്നു. ചരക്കുനീക്ക രംഗത്ത് മികച്ച പ്രവൃത്തിപരിചയമുള്ള കമ്പനികളാണ് കോച്ചുകള്‍ ട്രെയിലര്‍ ലോറികളില്‍ കേരളത്തില്‍ എത്തിക്കുക.
നേരത്തേ, ഈ മാസം പകുതിയോടെ കൊച്ചിയില്‍ എത്തിച്ച് ജനുവരിയില്‍ പരീക്ഷണ ഓട്ടം തുടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍, ചെന്നൈയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കോച്ചുകള്‍ എത്തിക്കുന്നത് ജനുവരിയിലേക്ക് നീളുമെന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചിരുന്നു. അതേസമയം, കോച്ചുകള്‍ വൈകിയത്തെുന്നത് നിശ്ചയിച്ചിരുന്ന പരീക്ഷണ ഓട്ടമടക്കമുള്ളവ വൈകാനിടയാക്കുമെന്ന ആശങ്കയുണ്ട്.
മുട്ടം യാര്‍ഡില്‍ കൊച്ചി മെട്രോയുടെ കോച്ചുകള്‍ സൂക്ഷിക്കാനും മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ക്രമീകരണങ്ങളും ഈ മാസം പൂര്‍ത്തിയാക്കുമെന്നായിരുന്നു ഡി.എം.ആര്‍.സി അധികൃതരും അറിയിച്ചിരുന്നതെങ്കിലും യാര്‍ഡിന്‍െറ മറ്റുജോലി യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണ്.
മാര്‍ച്ചിലാണ് ആന്ധ്രപ്രദേശ് ശ്രീസിറ്റിയിലെ പ്ളാന്‍റില്‍ അല്‍സ്റ്റോം കൊച്ചി മെട്രോ കോച്ചുകളുടെ നിര്‍മാണത്തിന് തുടക്കംകുറിച്ചത്. ഒരു ട്രെയിനില്‍ മൂന്ന്കോച്ചാണ് ഉണ്ടാവുക.
ഓരോ കോച്ചിനും 22 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയുമുണ്ട്. 250 യാത്രക്കാര്‍ക്ക് ഇതില്‍ സഞ്ചരിക്കാനാകും. എല്ലാ കോച്ചും സൗണ്ട് പ്രൂഫ് ആയാണ് നിര്‍മിച്ചിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.