മാവോവാദി സംഘത്തിലെ മൂന്നാമത്തെ ആദിവാസിയും കീഴടങ്ങി

അഗളി: മാവോവാദി സംഘത്തിലുണ്ടായിരുന്ന അട്ടപ്പാടിയിലെ മൂന്നാമത്തെ ആദിവാസിയും പൊലീസിന് മുന്നില്‍ കീഴടങ്ങി. മുള്ളി ഊരിലെ പൊക്കുടിയന്‍െറ മകന്‍ രാജുവാണ് (60) അഗളി ഡിവൈ.എസ്.പി പി. വാഹിദ് മുമ്പാകെ കീഴടങ്ങിയത്. കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച രാജുവിനെ ശനിയാഴ്ച രാവിലെ താഴെ മുള്ളി വനത്തില്‍നിന്ന് പൊലീസ് സംരക്ഷണത്തില്‍ അഗളിയിലേക്ക് കൊണ്ടുവരികയായിരുന്നു. മാവോവാദി സംഘത്തിലുണ്ടായിരുന്ന അയ്യപ്പനും ശെല്‍വനും നേരത്തേ പൊലീസിന് കീഴടങ്ങിയിരുന്നു. ഇവരെ പൊലീസ് കേസെടുക്കാതെ, നിരുപാധികം വിട്ടയച്ചതിനെ തുടര്‍ന്നാണ് രാജു കീഴടങ്ങാന്‍ സന്നദ്ധനായത്. ആറുമാസം മുമ്പാണ് വിക്രംഗൗഡയുടെ നേതൃത്വത്തിലുള്ള ആറംഗ മാവോവാദി സംഘം സഹായത്തിന് ആദിവാസികളെ കൂടെ ചേര്‍ത്തത്. വനത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ചുമടെടുക്കുകയും ഭക്ഷണം കൊണ്ടുവരികയും മറ്റുമായിരുന്നു ഇവര്‍ക്കുള്ള പ്രധാന ജോലി.

ഭക്ഷണം കിട്ടിയിരുന്നെങ്കിലും പ്രതിഫലം നല്‍കിയിരുന്നില്ളെന്ന് രാജു പറഞ്ഞു. മൂത്രമൊഴിക്കാന്‍ പോകുമ്പോള്‍പോലും തോക്കുമായി മാവോവാദികള്‍ കൂടെ വരുമായിരുന്നു. ഊരിലേക്ക് തിരിച്ചുപോയാല്‍ പൊലീസ് വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാവോസംഘം തങ്ങളെ ഒപ്പം നിലനിര്‍ത്തിയതെന്ന് രാജു പറഞ്ഞു. രജിത എന്ന സാവിത്രി, കന്യാകുമാരി, ലത എന്നീ സ്ത്രീകളും മാവോവാദി സംഘത്തിലുണ്ടെന്ന് രാജു പറഞ്ഞു. ആനവായ് മുതല്‍ മുള്ളി വരെ ചുമടെടുത്ത് ഇവരോടൊപ്പം നടന്നിരുന്നുവെന്നും രാജു പറഞ്ഞു. മാവോവാദി ഭീഷണിയുള്ളതിനാല്‍ രാജു, ശെല്‍വന്‍, അയ്യപ്പന്‍ എന്നിവര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയുണ്ട്.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.