മാണിക്ക് പകരം തല്‍ക്കാലം പുതിയ മന്ത്രി വേണ്ടെന്ന് കേരള കോണ്‍ഗ്രസ്(എം)

ബാര്‍ കോഴയിലെ തുടരന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി മാണിതന്നെ മന്ത്രിസഭയിലേക്ക് തിരിച്ചത്തെണമെന്ന് യോഗത്തില്‍ ആവശ്യം
കോട്ടയം: കെ.എം. മാണിക്ക് പകരം തല്‍ക്കാലം പുതിയ മന്ത്രിസ്ഥാനം ആവശ്യപ്പെടേണ്ടതില്ളെന്ന് കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനം. ബാര്‍ കോഴയിലെ തുടരന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി മാണിതന്നെ മന്ത്രിസഭയിലേക്ക് തിരിച്ചത്തെണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. തുടര്‍ന്ന് തല്‍ക്കാലം മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാട് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നടന്ന യോഗം സ്വീകരിക്കുകയായിരുന്നു. ആവശ്യഘട്ടത്തില്‍ പുതിയ മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി ഉന്നതാധികര സമിതിയെ യോഗം ചുമതലപ്പെടുത്തി. അതേസമയം, മാണി തിരിച്ചത്തെണമെന്ന ആവശ്യത്തില്‍ ജോസഫിനെ അനുകൂലിക്കുന്നവര്‍ മൗനം പാലിച്ചു.
ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് മാണി രാജിവെച്ചശേഷം ആദ്യമായി ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ബാര്‍ കോഴക്കേസായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. കേസില്‍  ഇരട്ടനീതിയാണെന്നും ആഭ്യന്തരവകുപ്പ് മന$പൂര്‍വം ക്രൂശിക്കാന്‍ ശ്രമിച്ചെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഇതിനിടെ, കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.
ധനവകുപ്പുപോലെ പ്രധാനവകുപ്പ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്നത് ശരിയല്ളെന്നും പാര്‍ട്ടി ഇത് തിരിച്ചെടുക്കണമെന്നും ആന്‍റണി രാജു പറഞ്ഞു. എന്നാല്‍, ആരും അഭിപ്രായം പറഞ്ഞില്ല. പിന്നീട് ചര്‍ച്ച തെരഞ്ഞെടുപ്പിലേക്ക് നീണ്ടു. നിയമസഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ഇതിന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മാണി പറഞ്ഞു. ഇതിന് പോഷകസംഘടനകളെല്ലാം കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായെന്നും യോഗം വിലയിരുത്തി. മൂകമായ അന്തരീക്ഷത്തിലായിരുന്നു യോഗം.
യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട മാണി ബാര്‍ കോഴയില്‍ പുനരന്വേഷണം നീട്ടരുതെന്നും എത്രയും വേഗം ഇത് പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യമായ സമയത്ത് പൂര്‍ത്തിയാക്കണം. അന്വേഷണത്തെ ഭയക്കുന്നില്ല. കേസ് അനന്തമായി നീളുന്നത് അംഗീകരിക്കാനാവില്ല. പുതിയ മന്ത്രി തല്‍ക്കാലം ഉണ്ടാകില്ളെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബാര്‍ കോഴക്കേസില്‍ പുനരന്വേഷണ റിപ്പോര്‍ട്ട് അനുകൂലമാകുമെന്നും ഇതോടെ മാണിക്ക് തിരിച്ച് മന്ത്രിസ്ഥാനത്ത് എത്താന്‍ കഴിയുമെന്നുമുള്ള വിശ്വാസമാണ് പുതിയ മന്ത്രിസ്ഥാനം തല്‍ക്കാലം വേണ്ടെന്ന നിലപാടിലേക്ക് കേരള കോണ്‍ഗ്രസിനെ എത്തിച്ചതെന്നതാണ് വിവരം.
പുതിയ മന്ത്രി എത്തിയാല്‍ ധനവകുപ്പ് വേണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെടാനുള്ള സാധ്യതയും ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതായാണ് സൂചന.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.