കൊച്ചി: ബദൽ യാത്രാസംവിധാനം ഒരുക്കാതെയും മുന്നറിയിപ്പില്ലാതെയും വിമാന ടിക്കറ്റ് റദ്ദാക്കിയ എയർലൈൻ കമ്പനി ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറം. എറണാകുളം സ്വദേശി പീറ്റർ എം. സ്കറിയ, എയർ ഏഷ്യ, കോട്ടയം ഇൻഫിനിറ്റി ട്രാവൽ കെയർ എന്നീ സ്ഥാപനങ്ങൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
24 പേര് ഉൾപ്പെടുന്ന യാത്രാസംഘത്തിൽ അംഗമായ പരാതിക്കാരൻ 2021 നവംബറിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. 2022 ജനുവരി 28ന് യാത്രക്കായി പുറപ്പെടാൻ കൺഫർമേഷൻ സന്ദേശം ലഭിക്കുകയും ചെയ്തു.
എന്നാൽ, ഗുവാഹതിയിൽനിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് 2022 ജനുവരി 26ന് മുന്നറിയിപ്പില്ലാതെ അവസാന നിമിഷം റദ്ദാക്കി. സാങ്കേതിക പ്രശ്നങ്ങളാണ് കാരണമായി വിമാനക്കമ്പനി പറഞ്ഞത്. എന്നാൽ, ഓവർ ബുക്കിങ്ങിലൂടെ കൂടിയ വിലയ്ക്ക് ടിക്കറ്റ് വിൽക്കാനാണ് റദ്ദാക്കിയത് എന്നാണ് പരാതിക്കാരന്റെ വാദം.
പകരം യാത്രാസംവിധാനം ഏർപ്പെടുത്തുകയോ തുക തിരിച്ചുനൽകുകയോ ചെയ്തില്ല. ഇത് സേവനത്തിലെ ന്യൂനതയും അധാർമിക വ്യാപാര രീതിയുമാണെന്ന് പരാതിക്കാരൻ വാദിച്ചു.
വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച പാസഞ്ചർ ചാർട്ടർ പ്രകാരം വിമാനം റദ്ദാക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും യാത്രക്കാരനെ അറിയിച്ചിരിക്കണം. അധിക യാത്രച്ചെലവിനത്തിലെ 5000 രൂപയും നഷ്ടപരിഹാരം, കോടതിച്ചെലവ് എന്നീ ഇനങ്ങളിൽ 30,000 രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകാനാണ് നിർദേശം. പരാതിക്കാരനുവേണ്ടി അഡ്വ. കെ. രാധാകൃഷ്ണൻ നായർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.