കാലിക്കറ്റ് സെനറ്റിലെ വിവാദ പ്രമേയം: വകുപ്പു മേധാവികളുടെ യോഗത്തില്‍ രൂക്ഷവിമര്‍ശം

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റിലെ വിവാദ പ്രമേയത്തിനെതിരെ പഠനവകുപ്പ് മേധാവികളുടെ യോഗത്തില്‍ രൂക്ഷവിമര്‍ശം. പെണ്‍സുരക്ഷ ആവശ്യപ്പെട്ട് പരാതി അയച്ച വിദ്യാര്‍ഥിനികള്‍ക്കെതിരെ പ്രമേയം പാസാക്കിയത് ശരിയായില്ളെന്ന് വിവിധ പഠന വകുപ്പ് മേധാവികള്‍ പറഞ്ഞു. കാര്യങ്ങള്‍ ഇത്ര വഷളാവുന്നതിന് മുമ്പായിരുന്നു യോഗം വിളിക്കേണ്ടിയിരുന്നതെന്നും സര്‍വകലാശാലക്ക് അപമാനമായ സംഭവമായി ഇതു മാറിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പെണ്‍സുരക്ഷ സംബന്ധിച്ച് കാമ്പസിലെ ഭൂരിപക്ഷം വിദ്യാര്‍ഥിനികളും പരാതിയുമായി രംഗത്തത്തെിയതോടെയാണ് വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചത്.
പരാതിക്കാരെ ഒറ്റപ്പെടുത്താനാണ് സര്‍വകലാശാലാ അധികൃതരുടെ ഒത്താശയോടെ ഇപ്പോള്‍ ശ്രമം നടക്കുന്നത്. വി.സിക്കും രജിസ്ട്രാര്‍ക്കും പരാതി നല്‍കി നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ ഗവര്‍ണര്‍, യു.ജി.സി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി അയച്ചത്. ഇതില്‍ അസ്വാഭാവികതയൊന്നുമില്ളെന്നും വിവിധ വകുപ്പ് മേധാവികള്‍ കുറ്റപ്പെടുത്തി. വിദ്യാര്‍ഥിനികളുടെ ആവശ്യം ന്യായമാണെന്നും ശാശ്വത പരിഹാരം ഉദ്ദേശിച്ചാണ് യോഗം വിളിച്ചതെന്നും ആമുഖ പ്രസംഗത്തില്‍ വി.സി വ്യക്തമാക്കി.
കാമ്പസിനു ചുറ്റുമതില്‍ കെട്ടുന്നത് യോഗത്തില്‍ ചര്‍ച്ചയായി. ഇതിനുവേണ്ട നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചു. കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കും. നിയമനത്തിന് അനുമതി തേടി സര്‍ക്കാറിന് കത്തെഴുതും. പുറമെ നിന്നുള്ളവരെ തിരിച്ചറിയാന്‍ കാമ്പസിലുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. പുതിയ ഹോസ്റ്റലിലേക്ക് കൂടുതല്‍ പേരെ മാറ്റിത്താമസിപ്പിക്കും. സര്‍വകലാശാലയിലെ പാര്‍ക്കിലേക്ക് പൊതുജനത്തെ പ്രവേശിപ്പിക്കുന്നത് തല്‍ക്കാലം വിലക്കില്ല. ഇവരുടെ സന്ദര്‍ശന സമയം ഒരു മണിക്കൂര്‍ കുറക്കും. ഹോസ്റ്റലിന്‍െറ ചുറ്റുമതില്‍ അറ്റകുറ്റപ്പണി നടത്താനും ധാരണയായി. ഇക്കാര്യങ്ങള്‍ പഠിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഡോ. ഗോപിനാഥന്‍ കണ്‍വീനറായ ഉപസമിതിയെ യോഗം ചുമതലപ്പെടുത്തി. മാസത്തില്‍ സമിതിയുടെ അവലോകന യോഗം ചേരാനും തീരുമാനിച്ചു. 34 പഠനവകുപ്പ് മേധാവികള്‍ക്കും പുറമെ രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദും യോഗത്തില്‍ പങ്കെടുത്തു.
ഡിസംബര്‍ 19ന് ചേര്‍ന്ന സെനറ്റ് യോഗത്തിലെ പ്രമേയമാണ് വിവാദമായത്. കാലിക്കറ്റ് കാമ്പസില്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയില്ളെന്ന് ചൂണ്ടിക്കാട്ടി വനിതാ ഹോസ്റ്റലിലെ 600ഓളം പേര്‍ ഗവര്‍ണര്‍, യു.ജി.സി, വിദ്യാഭ്യാസ മന്ത്രി, ഹൈകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് പരാതി അയച്ചിരുന്നു. പരാതി വ്യാജമാണെന്നും ഇത്തരം സംഭവമേ നടന്നില്ളെന്നും പരാതിക്കാരായ ആറ് വിദ്യാര്‍ഥിനികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയമാണ് സെനറ്റ് പാസാക്കിയത്. എം.എസ്.എഫ് അംഗം അവതരിപ്പിച്ച പ്രമേയം കെ.എസ്.യു ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പോടെയാണ് പാസാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.