തൃശ്ശൂർ: തൃശൂർ പൂരം നടത്താൻ ചിലർ സമ്മതിച്ചില്ലെന്ന ബിനോയ് വിശ്വത്തിന്റെ വിമർശനം നിലനിൽക്കെ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെ പിന്തുണച്ച് സി.പി.ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി രംഗത്ത്. പൂരം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി 36 മണിക്കൂറിന് ശേഷം ഉപചാരം ചൊല്ലി പിരിയുകയാണ് ചെയ്തതെന്ന് ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പറഞ്ഞു.
അടുത്ത വർഷത്തെ തീയതി പ്രഖ്യാപിച്ച് കൊണ്ടാണ് പൂരം അവസാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൂരം അലങ്കോലപ്പെടുത്താൻ ശ്രമിച്ചവർ വിജയിച്ചില്ല. അതു കൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതെന്നും വത്സരാജ് വാർത്താ ചാനലിനോട് വ്യക്തമാക്കി.
പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമര്‍ശത്തോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. ശനിയാഴ്ച കോഴിക്കോട്ട് നടന്ന പരിപാടിയിലായിരുന്നു തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. വെടിക്കെട്ട് അൽപം വൈകിയതിനെ പൂരം കലങ്ങിയതായി ചിത്രീകരിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
എന്നാൽ, തൃശൂർ പൂരം നടക്കേണ്ടതു പോലെ നടന്നിട്ടില്ലെന്നും നടത്താൻ ചിലർ സമ്മതിച്ചില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞത്. സംഭവത്തിന് പിന്നിൽ തീർച്ചയായും ഒരു ഗൂഢാലോചനയുണ്ട്. അതുമായി ബന്ധപ്പെട്ട സത്യങ്ങളെല്ലാം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തുവന്നത്. പൂരം കലങ്ങിയ വിഷയത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും കേസെടുത്താല്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയായിരിക്കുമെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നു. അതിനാല്‍ ത്രിതല അന്വേഷണം സുഗമമായി നടക്കില്ല. ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്ന നിലപാട് ആവര്‍ത്തിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.