കാലിക്കറ്റ് സെനറ്റ് പ്രമേയം ജനവിരുദ്ധം –സാംസ്കാരിക നായകര്‍

കോഴിക്കോട്: കാമ്പസില്‍ സുരക്ഷ ആവശ്യപ്പെട്ട പെണ്‍കുട്ടികള്‍ക്കെതിരെ സെനറ്റില്‍ പ്രമേയം പാസാക്കിയ കാലിക്കറ്റ് സര്‍വകലാശാലാ നടപടിക്കെതിരെ സാംസ്കാരിക പ്രമുഖര്‍ രംഗത്ത്. സുരക്ഷാവീഴ്ചയും അതിക്രമങ്ങളും ചൂണ്ടിക്കാട്ടിയവരെ ഒറ്റപ്പെടുത്താനുള്ള നീക്കം ജനവിരുദ്ധമാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി. സ്ത്രീവിരുദ്ധമായ പ്രമേയം പിന്‍വലിക്കണമെന്നും സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി.
‘പെണ്‍കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് അശുഭകരമായ വാര്‍ത്തകളാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് കേള്‍ക്കുന്നത്. പരാതി നല്‍കിയ പെണ്‍കുട്ടികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍വകലാശാലാ സെനറ്റ് പ്രമേയത്തിലൂടെ തീരുമാനമെടുത്തതായി അറിഞ്ഞു. ജനാധിപത്യ സമൂഹത്തിനുതന്നെ അപമാനകരമായ ഈ സ്ത്രീവിരുദ്ധ നടപടിയില്‍നിന്ന് അധികൃതര്‍ പിന്മാറണം’ -പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കെ. സച്ചിദാനന്ദന്‍, സാറാ ജോസഫ്, കെ.പി. രാമനുണ്ണി, മുന്‍ മന്ത്രി എം.എ. ബേബി, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്‍റ് എം. ലിജു, സി.കെ. ജാനു, സി.ആര്‍. നീലകണ്ഠന്‍, സുനില്‍ പി. ഇളയിടം, കെ. അജിത, വി.പി. സുഹ്റ, ആഷിഖ് അബു, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍, സോ. ആസാദ്, ഡോ. കെ.എന്‍. ഗണേശ്, കെ.ഇ.എന്‍, ജെ. ദേവിക, രേഖാ രാജ്, ഡോ. എം.എന്‍. കാരശ്ശേരി, ഹരീഷ് വാസുദേവ്, ഐ.വി. ബാബു, പി. ഗീത, ഡോ. പി.കെ. പോക്കര്‍ തുടങ്ങി 32 പേരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്.

കാമ്പസിലെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി വനിതാ ഹോസ്റ്റലിലെ 600ഓളം പേര്‍ ഗവര്‍ണര്‍, യു.ജി.സി, വിദ്യാഭ്യാസ മന്ത്രി, ഹൈകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവര്‍ക്കാണ് കത്തയച്ചിരുന്നത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനും കേസെടുത്ത് പ്രശ്നത്തിലിടപ്പെട്ടു. പരാതിയില്‍ കഴമ്പുണ്ടെന്നും നടപടി സ്വീകരിക്കുന്നതായും വ്യക്തമാക്കി യു.ജി.സി, ഗവര്‍ണര്‍, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവര്‍ക്ക് വി.സി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതിനിടെയാണ്, പരാതി വ്യാജമാണെന്നും ഉത്തരവാദികളായ ആറുപേര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം സെനറ്റ് അംഗീകരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.