കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അട്ടിമറിച്ചതിന് മാപ്പ്- ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അട്ടിമറിച്ചതിൽ മാപ്പപേക്ഷയുമായി ചെറിയാൻ ഫിലിപ്പിന്‍റെ ഫേസ്ബുക് പോസ്റ്റ്. 1995ൽ നടന്ന പ്രവൃത്തിയിൽ 20 വർഷം പിന്നിട്ടിട്ടും കുറ്റബോധം വേട്ടയാടുന്നത് കൊണ്ടാണ് കരുണാകരന്‍റെ അഞ്ചാം ചരമ വാർഷിക ദിനത്തിൽ ക്ഷമാപണത്തിന് മുതിരുന്നതെന്ന് ചെറിയാൻ ഫിലിപ്പ് പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

ഇന്ന് ലീഡർ കെ കരുണാകരന്റെ അഞ്ചാം ചരമ വാർഷിക ദിനമാണ് - 1995 ൽ കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അട്ടിമറിച്ച ഹീനവൃത്തിയിൽ ഭാഗികമായി പങ്കാളിയാകേണ്ടി വന്നതിൽ പരസ്യമായി മാപ്പ് അപേക്ഷിക്കുന്നു. ഇരുപതു വർഷം കഴിഞ്ഞിട്ടും ഈ അപരാധത്തിൽ കുറ്റബോധം എന്നെ വേട്ടയാടുന്നത് കൊണ്ടാണ് അദ്ദേഹത്തിന്‍റെ അഞ്ചാം ചരമ വാർഷിക ദിനത്തിൽ ക്ഷമാപണത്തിന് മുതിരുന്നത് .

1994-95 കാലഘട്ടത്തിൽ ഗ്രൂപ്പ്‌ രാഷ്ട്രീയത്തിന്‍റെ ഭാഗമായി കോൺഗ്രസിലെ 'എ' വിഭാഗം കരുണാകരനെ ചാരനായും രാജ്യദ്രോഹിയായും ചിത്രീകരിച്ചാണ് ജനമദ്ധ്യത്തിൽ താറടിച്ചത്. മുഖ്യമന്ത്രി കരുണാകരനെതിരെ കോണ്ഗ്രസ് ഹൈക്കമാണ്ടിനു കുറ്റപത്രം സമർപ്പിക്കുകയും, രാജി വെക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ട് നാടുനീളെ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തവർക്ക് ഇപ്പോഴെങ്കിലും മനസ്താപം ഉണ്ടാകേണ്ടതാണ്. കരുണാകരപക്ഷത്ത് ഉണ്ടായിരുന്ന ഏഴു എം.എൽ.എ മാരെ അടർത്തിയെടുത്ത്‌ നിയമസഭകക്ഷിയിൽ അദ്ദേഹത്തിന്‍റെ ഭൂരിപക്ഷം നഷ്ടപ്പെടുത്തിയതിന്‍റെ പിന്നിലെ കുതിരക്കച്ചവടം അധാർമികവും നീചവും ആയിരുന്നു. ഞാൻ ചെയ്ത കാര്യങ്ങൾ 1998 ൽ ലീഡറോട് തുറന്നു പറയുകയും പ്രായശ്ചിത്തമെന്നോണം ലോകസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് അദ്ദേഹത്തെ ജയിപ്പിക്കാൻ കഠിനയത്നം നടത്തുകയും ചെയ്തിരുന്നു. പിന്നീട് മരണം വരെ അദ്ദേഹത്തിന്‍റെ ഹൃദയത്തിൽ സ്ഥാനം നേടി. കെ കരുണാകരനെക്കുറിച്ചുള്ള ഓർമ്മകൾക്കു മുമ്പിൽ ദുഖഭാരത്തോടെ തല കുനിക്കുന്നു.

 

 

 

ഇന്ന് ലീഡർ കെ കരുണാകരന്റെ അഞ്ചാം ചരമ വാർഷിക ദിനമാണ് - ...

Posted by Cherian Philip on Tuesday, 22 December 2015
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.