തിരുവനന്തപുരം: 2016-17 വാര്‍ഷിക പദ്ധതിയില്‍ 30,534.17 കോടി രൂപയുടെ മൊത്തം അടങ്കല്‍ പദ്ധതിയും 24,000 കോടി രൂപയുടെ കരട് സംസ്ഥാന പദ്ധതിയും മന്ത്രിസഭായോഗം അംഗീകരിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള കേന്ദ്രസഹായം 6,534.17 കോടി രൂപയാണ്. ഡിസംബര്‍ 21നു ചേര്‍ന്ന ആസൂത്രണ ബോര്‍ഡ് യോഗം ഇവ അംഗീകരിച്ച് മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നു. ആകെ വിഹിതമായ 24,000 കോടിയില്‍ 5,500 കോടി തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. ഇതില്‍ 500 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധിക പദ്ധതി സഹായമാണ്. വൈദ്യുതി ബോര്‍ഡിന്‍റെ തുകയായ 1485 കോടി ഒഴിവാക്കിയ ശേഷമുള്ള പദ്ധതി വിഹിതത്തിന്‍റെ 24.43 ശതമാനമാണിത്.

2,354.40 കോടി രൂപ പ്രത്യേക ഘടക പദ്ധതിക്കായി വകയിരുത്തി. ഇതില്‍ 1,315.50 കോടി പട്ടികജാതി വികസന വകുപ്പിനും ബാക്കി 1,038.90 കോടി തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതവുമാണ്. പട്ടികജാതി വിഭാഗത്തിനുള്ള  വിഹിതം സംസ്ഥാന പദ്ധതി വിഹിതത്തിന്‍റെ 9.81 ശതമാനമാണ്. ഇത് 2011 സെന്‍സസ് പ്രകാരമുള്ള പട്ടികജാതി ജനസംഖ്യയുടെ ശതമാനത്തേക്കാള്‍ (9.10) കൂടുതലാണ്. പട്ടികവര്‍ഗ ഉപപദ്ധതിക്ക് 532.80 കോടി രൂപ വകയിരുത്തി. ഇത് പദ്ധതി വിഹിതത്തിന്‍റെ 2.22 ശതമാനമാണ്. ഇതു കൂടാതെ മുന്‍വര്‍ഷങ്ങളിലെപ്പോലെ 150 കോടി രൂപ പട്ടികവര്‍ഗ ഉപപദ്ധതിക്കുള്ള അധിക സഹായമുണ്ട്. പട്ടികവര്‍ഗത്തിനായി ആകെ 682.80 കോടി രൂപ വകയിരുത്തിയിരിക്കുന്നു. ഇത് സംസ്ഥാന പദ്ധതി വിഹിതത്തിന്‍റെ 2.85 ശതമാനമാണ്. പട്ടികവര്‍ഗ ജനസംഖ്യയേക്കാള്‍ (1.45%) ഏറെ കൂടുതലാണിത്.

അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്ക് 2,536.07 കോടി രൂപ (10.57%) വകയിരുത്തി. പ്രധാനപ്പെട്ട പദ്ധതികള്‍: പാലക്കാട് മെഗാ ഫുഡ് പാര്‍ക്ക്, ഒറ്റപ്പാലം ഡിഫന്‍സ് പാര്‍ക്ക്, കൊച്ചി പെട്രോ കെമിക്കല്‍ പാര്‍ക്ക്, കൊച്ചി ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ പാര്‍ക്ക്, വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനല്‍, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ റെയില്‍, തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ, മൊബിലിറ്റി ഹബ്, സബര്‍ബന്‍ റെയില്‍വേ സര്‍വീസ്, ബൈപാസ് നിര്‍മാണം, കൊച്ചി സംയോജിത ജലഗതാഗത സംവിധാനം, ബേക്കല്‍ എയര്‍സ്ട്രിപ്പ്, ട്രാന്‍സ്ഗ്രിഡ് 2.0, വ്യാവസായികാവശ്യങ്ങള്‍ക്കും പ്രധാന പദ്ധതികള്‍ക്കും ഭൂമി ഏറ്റെടുക്കല്‍, ദേശീയ ഗെയിംസിന്‍റെ ആന്വിറ്റി പദ്ധതി.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് 400 കോടിയുടെ അധികഫണ്ട്
രൂപ/ ഡോളര്‍ എക്സ്ചേഞ്ച് വിനിമയ നിരക്കിലുള്ള വ്യത്യാസം മൂലം കേരള ലോക്കല്‍ ഫണ്ട് ഗവ. സര്‍വീസ് ഡെലിവറി പ്രോജക്ടിനു അധികമായി ലഭിക്കുന്ന  400 കോടി രൂപ വിനിയോഗിക്കുന്നതിനുള്ള തദ്ദേശ മിത്രം നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്രസര്‍ക്കാരും ലോകബാങ്കുമായി ഇതിനാവശ്യമായ കരാറില്‍ ഏര്‍പ്പെടുന്നതിന് അനുമതിയും നൽകി. പ്രോജക്ട് നീട്ടിക്കിട്ടുന്ന കാലഘട്ടമായ 2017 ജൂൺ 30 വരെ നിലവിലുള്ള പ്രോജക്ട് ഓഫീസും സ്റ്റാഫും തുടരാന്‍ അനുവദിച്ചു.

1,195.8 കോടി രൂപയാണ് പദ്ധതി അടങ്കല്‍. ഇതില്‍ 276 കോടി രൂപ സംസ്ഥാനത്തിന്‍റെ വിഹിതമാണ്. ലോകബാങ്ക് പദ്ധതി അംഗീകരിച്ചപ്പോള്‍ (200 ദശലക്ഷം യു.എസ് ഡോളര്‍) രൂപയുടെ വിനിമയ നിരക്ക് 46 രൂപയായിരുന്നു. ഇപ്പോഴത്തെ വിനിമയ നിരക്ക് വച്ച് 400 കോടിയുടെ  അധിക ഫണ്ട് പ്രതീക്ഷിക്കുന്നു.  ഗ്രാമപഞ്ചാത്തുകളും മുനിസിപ്പാലിറ്റികളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. 2011 മുതല്‍ 2015 വരെയാണ് പദ്ധതിയുടെ കാലഘട്ടം. പിന്നാക്ക ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കുമുള്ള ധനസഹായമാണ് പ്രധാന പദ്ധതി. പഞ്ചായത്തുകളുടെ പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കുന്നതിനും വരുമാനം കൂട്ടുന്നതിനും ഒരു പഞ്ചായത്തിന് 4 കോടി രൂപ െവച്ച് 40 പഞ്ചായത്തുകള്‍ക്കും  ഒരു മുനിസിപ്പാലിറ്റിക്ക് 4 കോടി രൂപ വച്ച് 10 മുനിസിപ്പാലിറ്റികള്‍ക്കും ഒറ്റത്തവണ ഗ്രാന്‍റ് നൽകും.

സംസ്ഥാനത്ത് നിര്‍ണയിച്ചിട്ടുള്ള 14 ആദിവാസി ക്ലസ്റ്ററുകളിലെ പഞ്ചായത്തുകള്‍ക്ക് ധനസഹായം നൽകുന്നതാണ്. ഫണ്ടിന്‍റെ ഒരു ഭാഗം ഓരോ ജില്ലയിലും മാതൃകാ പഞ്ചായത്തിനു രൂപം നൽകാൻ വിനിയോഗിക്കും. മാലിന്യസംസ്കരണം, അറവുശാല നിര്‍മാണം, ശ്മശാന നിര്‍മാണം, ചന്തകളുടെ നവീകരണം എന്നിവയിലുള്ള പെര്‍ഫോമന്‍സ് വിലയിരുത്തി പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പെര്‍ഫോമന്‍സ് ഗ്രാന്‍റ് നൽകുന്നതാണ്. ശുചിത്വമിഷന്‍, എസ്.ഐ.ആർ.ഡി, ഐ.കെ.എം, കില, പഞ്ചായത്ത് നഗരകാര്യ ഡയറക്ടറേറ്റ് എന്നീ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും തുക അനുവദിക്കും.

മത്സ്യത്തൊഴിലാളി വായ്പ തിരിച്ചടവ് മോറട്ടോറിയം ഒരു വര്‍ഷം കൂടി നീട്ടി
വിവിധ സ്ഥാപനങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ എടുത്തിട്ടുള്ള കടങ്ങള്‍ തിരിച്ചുപിടിക്കുന്ന നടപടികള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള മോറട്ടോറിയത്തിന്‍റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചു. മോറട്ടോറിയത്തിന്‍റെ കാലാവധി ഈ മാസം 31ന് കാലാവധി അവസാനിക്കുന്നത് പരിഗണിച്ചാണിത്. മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങുവാനും ഭവനനിര്‍മാണത്തിനും കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെൺമക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്കുമായി 31.12.2007 വരെ എടുത്തിട്ടുള്ള വായ്പകള്‍ക്കാണ് മോറട്ടോറിയം നിലവിലുള്ളത്.

സ്പെഷ്യല്‍ സ്കൂളിന് എയ്ഡഡ് പദവി നല്‍കി
കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര പഞ്ചായത്തിലെ വില്ലൂന്നിയിലെ എസ്.എച്ച്. ജ്ഞാനോദയ ബധിരവിദ്യാലത്തിലെ 5,6,7 ക്ലാസുകള്‍ ഉള്‍പ്പെടുന്ന യു.പി. വിഭാഗത്തിന് എയ്ഡഡ് പദവി അനുവദിച്ചു. എല്‍.പി. വിഭാഗത്തിന് നിലവില്‍ എയ്ഡഡ് പദവിയുണ്ട്.

ഡിസ്പെന്‍സറി നിര്‍മാണത്തിന് ഭൂമി
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ കാവൂര്‍ വില്ലേജിലെ 16.06 സെന്‍്റ് സര്‍ക്കാര്‍ ഭൂമി ആയുര്‍വേദ ഡിസ്പെന്‍സറി നിര്‍മാണത്തിനായി ആയുര്‍വേദ  വകുപ്പിന് ഉപയോഗാനുമതി മാത്രം നല്‍കി കൈമാറി.

കസ്റ്റഡി മരണം അന്വേഷിക്കാന്‍ ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍
കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനില്‍  സിബി എന്ന യുവാവ് മരിച്ചതു സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍  റിട്ട. ജില്ലാ ജഡ്ജി ഡി. ശ്രീവല്ലഭനെ നിയമിക്കാന്‍ തീരുമാനിച്ചു. മരണപ്പെട്ട വ്യക്തി ഏതെങ്കിലും തരത്തിലുള്ള കസ്റ്റഡി മര്‍ദനങ്ങള്‍ക്കോ മൂന്നാംമുറ നടപടികള്‍ക്കോ വിധേയനായിട്ടുണ്ടോ, അറസ്റ്റും കസ്റ്റഡിവെക്കലും നിയമവിരുദ്ധമാണോ എന്നീ കാര്യങ്ങള്‍ കമ്മീഷന്‍ അന്വേഷിക്കും.

ശമ്പള പരിഷ്കരണത്തിന് അനുമതി
കേരള സംസ്ഥാന സ്പോര്‍ട്സ് കൗൺസില്‍ ജീവനക്കാരുടെ ശമ്പളം, 9-ാം ശമ്പള കമ്മീഷന്‍ അംഗീകരിച്ച തീയതി മുതല്‍ പ്രാബല്യം നല്‍കി പരിഷ്കരിക്കും.

വളയംചാലില്‍ പൊലീസ് ഒൗട്ട്പോസ്റ്റ്
കണ്ണൂര്‍ ജില്ലയിലെ ആറളം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വളയംചാലില്‍ പൊലീസ് ഒൗട്ട്പോസ്റ്റ് ആരംഭിക്കും. ഇതിനായി 11 തസ്തികകള്‍ അനുവദിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.