എന്‍ഡോസള്‍ഫാന്‍ ഇരകളോട് അവഗണന: സര്‍ക്കാറിനെതിരെ നിസ്സഹകരണ സമരം വേണം -സുരേഷ് ഗോപി

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കാന്‍ വലിയ സമരങ്ങള്‍ വേണ്ടിവരുമെന്ന് സിനിമാ നടന്‍ സുരേഷ് ഗോപി. ബ്രിട്ടീഷുകാര്‍ക്കെതിരെ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന നിസ്സഹകരണ സമരം പോലുള്ള മാര്‍ഗങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനസിക വെല്ലുവിളി നേരിടുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കമുള്ള കുട്ടികളുടെ വിദ്യാഭ്യാസവും വ്യക്തിത്വ വികാസവും ലക്ഷ്യമിട്ട് അമ്പലത്തറയില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹവീടിന്‍െറ കെട്ടിടത്തിന് ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു സുരേഷ് ഗോപി.

ദുരിതബാധിതരുടെ ആവശ്യത്തിന് കാസര്‍കോട്ടെ മുഴുവന്‍ ജനങ്ങളും തിരുവനന്തപുരത്തത്തെി സമരത്തില്‍ അണിനിരക്കണം. നിസ്സഹകരണത്തിന്‍െറ ഭാഗമായി വൈദ്യുതി ബില്‍ അടക്കാതിരിക്കുന്നത് ഉള്‍പ്പെടെയുള്ള സമരമുറകള്‍ സ്വീകരിക്കണം. സ്നേഹവീട് പോലുള്ള സംരംഭങ്ങള്‍ സര്‍ക്കാറിന്‍െറ സഹായത്തിന് കാത്തുനില്‍ക്കാതെ പൊതുസമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകന്‍ ഡോ. ബിജു വിശിഷ്ടാതിഥിയായിരുന്നു. മുനീസ അമ്പലത്തറ ആമുഖഭാഷണം നടത്തി. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, എം. ലീലാകുമാരിയമ്മ, പഞ്ചായത്ത് പ്രസിഡന്‍റ് ശാരദ എസ്. നായര്‍, എം. രാജഗോപാലന്‍, ഡോ. മുഹമ്മദ് അഷീല്‍, എം.സി. ഖമറുദ്ദീന്‍, സി. ജയ, സി. കൃഷ്ണകുമാര്‍, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, കൃഷ്ണന്‍ വി. കാനം, കെ. പീതാംബരന്‍, അഡ്വ. ടി.വി. രാജേന്ദ്രന്‍, അമ്പലത്തറ നാരായണന്‍, പി. മുരളീധരന്‍, വി.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട് സ്വാഗതവും കെ.എം. സജേഷ് നന്ദിയും പറഞ്ഞു. നെഹ്റു കോളജ് സാഹിത്യ വേദിയുടെ സഹകരണത്തോടെയുള്ള കെട്ടിട നിര്‍മാണത്തിന് സുരേഷ് ഗോപിയുടെ  സാമ്പത്തിക സഹായമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.