ആറന്മുള വിമാനത്താവളം ആര് വിചാരിച്ചാലും നടപ്പാക്കാനാവില്ലെന്ന് കുമ്മനം

തിരുവനന്തപുരം: ആറന്മുള വിമാനത്താവളം നടപ്പാക്കാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ. ഇത് സംബന്ധിച്ച് എല്ലാ അംഗീകാരങ്ങളും കേന്ദ്രസർക്കാർ റദ്ദാക്കിക്കഴിഞ്ഞു. ആര് ശ്രമിച്ചാലും ഇനിയത് നടപ്പിലാക്കാൻ കഴിയില്ല. പിന്നെയും ഈ പദ്ധതിയുമായി കേരളസർക്കാർ മുന്നോട്ട് പോകുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. വിമാനത്താവളം പണിയാൻ പത്തനംതിട്ടയിൽ വേറെ സ്ഥലങ്ങളുണ്ട്. എന്തിനാണ് വയൽ നികത്തി വിമാനത്താവളം പണിയണമെന്ന് നിർബന്ധം പിടിക്കുന്നതെന്നും കുമ്മനം ചോദിച്ചു.

താൻ സംസ്ഥാന പ്രസിഡന്‍റ് ആയതിനുശേഷം ബി.ജെ.പിക്ക് ലഭിച്ച അനുകൂലാവസ്ഥയെ മറികടക്കാനാണ് തന്നെ വ്യക്തിഹത്യ ചെയ്യാനും തേജോവധം ചെയ്യാനും ഉമ്മൻചാണ്ടിയും പിണറായി വിജയനും ശ്രമിക്കുന്നത്. താനൊരിക്കലും തീവ്രവാദിയായിരുന്നില്ല. കേരളത്തിലെ ജനങ്ങൾക്ക് എന്നെ അറിയാം.

ഒരു തരത്തിലുള്ള വർഗീയതക്കും താൻ കൂട്ടുനിൽക്കില്ല. കേരളത്തിലെ എല്ലാ വർഗീയ കലാപങ്ങൾക്ക് പിന്നിലും രാഷ്ട്രീയക്കാരായിരുന്നു. ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടുകൾ നൽകുന്ന തെളിവുകൾ സൂചിപ്പിക്കുന്നത് അതാണ്. മൂന്നാം മുന്നണി ചർച്ചകൾ ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കുമ്മനം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.