സര്‍ക്കാര്‍ 17 ലക്ഷം നല്‍കിയിട്ടും കരള്‍ മാറ്റിവെച്ചില്ല; ആദിവാസി യുവതി മരിച്ചു

കാഞ്ഞങ്ങാട്: സര്‍ക്കാര്‍ 17 ലക്ഷം രൂപ നല്‍കിയിട്ടും കരള്‍മാറ്റ ശസ്ത്രക്രിയ നടത്താന്‍ ആശുപത്രി അധികൃതര്‍ തയാറാകാത്തതിനാല്‍ ആദിവാസി യുവതി മരിച്ചു. കോടോം ബേളൂര്‍ പഞ്ചായത്തില്‍ പറക്കളായി പട്ടികവര്‍ഗ കോളനിയിലെ സുരേശന്‍െറ ഭാര്യ ഉമ (35)യാണ് കൊച്ചിയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിനിടയാക്കിയതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സാമൂഹിക പ്രവര്‍ത്തക ധന്യ രാമന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഉമയുടെ ചികിത്സാ സഹായത്തിന് സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. 17 ലക്ഷം പട്ടികവര്‍ഗ വികസന വകുപ്പും മൂന്നുലക്ഷം മുഖ്യമന്ത്രി, മന്ത്രി പി.കെ. ജയലക്ഷ്മി എന്നിവരുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുമായാണ് അനുവദിച്ചത്. ഇതില്‍ 17 ലക്ഷം രൂപയുടെ ചെക്ക് ഡിസംബര്‍ 21ന് പട്ടികവര്‍ഗ വികസന വകുപ്പ് ഓഫിസില്‍നിന്ന് ആശുപത്രിയിലേക്ക് അയച്ചു. അടുത്തദിവസം ഇത് ആശുപത്രി അധികൃതര്‍ കൈപ്പറ്റിയതായി രേഖയുണ്ട്. എന്നിട്ടും ശസ്ത്രക്രിയ നീട്ടിക്കൊണ്ടുപോയതാണ് നിര്‍ധന കുടുംബാംഗമായ യുവതിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്.
ശസ്ത്രക്രിയാ ചെലവിനുള്ള തുക മുന്‍കൂര്‍ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് നേരത്തേ ആശുപത്രി അധികൃതര്‍ ചികിത്സ വൈകിപ്പിച്ചത്. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഡിസംബര്‍ 16ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ചികിത്സാ സഹായം അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത ദിവസം ഇതുസംബന്ധിച്ച ഉത്തരവിറങ്ങുകയും ചെയ്തു. ഇക്കാര്യം പട്ടികവര്‍ഗ വികസന വകുപ്പ് ഓഫിസ് അറിയിച്ചെങ്കിലും ഉത്തരവ് പോരെന്നും ചെക്ക് കിട്ടണമെന്നും ആശുപത്രി അധികൃതര്‍ നിര്‍ബന്ധംപിടിച്ചു. തുടര്‍ന്നാണ് ഉടന്‍ ചെക്ക് അയച്ചത്.  
കരള്‍ ദാനം ചെയ്യാന്‍ മൂന്നുപേര്‍ സന്നദ്ധരായിരുന്നു. എന്നാല്‍, ശസ്ത്രക്രിയ നീണ്ടതിനാല്‍ നില വഷളായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയ ഉമ ഡിസംബര്‍ 25ന് രാത്രി മരിച്ചതായാണ് വിവരം. ഇക്കാര്യം ശനിയാഴ്ച രാവിലെയാണ് കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് സുരേശനെ അറിയിച്ചത്.
ഒരുവര്‍ഷം മുമ്പ് ശ്വാസകോശ രോഗം ബാധിച്ച ഉമക്ക് ചികിത്സക്കിടെ മഞ്ഞപ്പിത്തം വന്ന് കരളിന്‍െറ പ്രവര്‍ത്തനം തകരാറിലാവുകയായിരുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍ മാസങ്ങളോളം ചികിത്സിച്ചിട്ടും ഫലമില്ലാത്തതിനാലാണ് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ചാണ് ഇതുവരെയുള്ള ചികിത്സാ ചെലവിന് പണം സ്വരൂപിച്ചത്. സുരേശന്‍ കൂലിത്തൊഴിലാളിയാണ്. മക്കള്‍: സുകന്യ, ജിഷ്ണു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.