10 ഏക്കര്‍വരെ വയല്‍നികത്തല്‍: മന്ത്രിസഭായോഗത്തിനുള്ള കുറിപ്പ് പുറത്ത്

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി 10 ഏക്കര്‍വരെയുള്ള നെല്‍വയല്‍ നികത്തുന്നത് നിയമവിധേയമാക്കിയ ഓര്‍ഡിനന്‍സിന് രൂപംനല്‍കാന്‍ തയാറാക്കിയ മന്ത്രിസഭായോഗത്തിനുള്ള കുറിപ്പ് പുറത്ത്. ഇത് കേവലം മാധ്യമസൃഷ്ടിയാണെന്നും വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും കാബിനറ്റിലോ പാര്‍ട്ടിയിലോ യു.ഡി.എഫിലോ ചര്‍ച്ച ചെയ്തിട്ടില്ളെന്നുമുള്ള മന്ത്രി അടൂര്‍ പ്രകാശിന്‍െറ വാദമാണ് ഇതോടെ പൊളിയുന്നത്.
മന്തിസഭായോഗത്തില്‍ കുറിപ്പ് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും ഫയലില്‍ വ്യക്തമാണ്. 2015 സെപ്റ്റംബര്‍ ഒമ്പതിലെ മന്ത്രിസഭായോഗം ഇത് പരിഗണിച്ചു. ഇക്കാര്യത്തില്‍ പരിസ്ഥിതി വകുപ്പിന്‍െറ അഭിപ്രായം രേഖപ്പെടുത്തി അടുത്ത മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിക്കാനാണ് തീരുമാനമെടുത്തത്. നെല്‍വയലുകളുടെ കാര്യത്തില്‍ നിയമ/ചട്ട രൂപവത്കരണത്തിന് അധികാരമുണ്ടെങ്കിലും തണ്ണീര്‍ത്തടങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് അധികാരമില്ളെന്ന് പരിസ്ഥിതിവകുപ്പ് മറുപടി നല്‍കി.  കേന്ദ്രവിഷയമായ തണ്ണീര്‍ത്തടങ്ങളെ സംബന്ധിച്ച നിയമ/ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍മിച്ചിട്ടുണ്ട്. കേന്ദ്രനിയമത്തിന്‍െറ ചുവടുപിടിച്ച് സംസ്ഥാനം തണ്ണീര്‍ത്തട അതോറിറ്റി രൂപവത്കരിക്കാന്‍ തയാറെടുക്കുന്നതിനാല്‍ ചട്ടം ഭേദഗതി ചെയ്യേണ്ടതില്ളെന്ന പരിസ്ഥിതിവകുപ്പിന്‍െറ നിലപാട് സര്‍ക്കാര്‍ നീക്കത്തിന് തടസ്സമായി.  
സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ മെഗാപദ്ധതികള്‍ നടപ്പില്‍വരുത്തുന്നതിന് 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ ചിലവകുപ്പുകള്‍ തടസ്സമായിട്ടുണ്ട്. ഗണ്യമായ മൂലധന നിക്ഷേപത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് വിലങ്ങുതടിയാണ്. കുതിച്ചുയരുന്ന തൊഴിലില്ലായ്മയുടെയും വരുമാന ഇടിവിന്‍െറയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് നോക്കിനില്‍ക്കാനാവില്ല. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനും സംസ്ഥാനത്ത് നിക്ഷേപാവസരങ്ങള്‍ സൃഷ്ടിക്കാനും നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണനിയമത്തിലെ ചിലവകുപ്പുകള്‍ പരിഷ്കരിക്കണമെന്നായിരുന്നു റവന്യൂവകുപ്പിന്‍െറ നിര്‍ദേശം. ഇതനുസരിച്ച് 10 ഏക്കര്‍ നെല്‍വയല്‍ നികത്താനുള്ള അപേക്ഷ പരിഗണിക്കുന്നതിനും തീര്‍പ്പാക്കുന്നതിനും ജില്ലാ കലക്ടര്‍ ചെയര്‍മാനും ആര്‍.ഡി.ഒ, പ്രിന്‍സിപ്പല്‍ അഗ്രികള്‍ചറല്‍ ഓഫിസര്‍, തഹസില്‍ദാര്‍ തുടങ്ങിയവര്‍ അംഗങ്ങളുമായുള്ള ജില്ലാതല ഏകജാലക സംവിധാനം രൂപവത്കരിക്കണം. നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങളെക്കുറിച്ച് തയാറാക്കി വിജ്ഞാപനം ചെയ്തിട്ടുള്ള ഡാറ്റാബാങ്കിനെ സംബന്ധിച്ച് നിലവിലെ നിയമത്തില്‍ അപ്പീലിന് വ്യവസ്ഥയില്ല. ഭേദഗതി ഓര്‍ഡിനന്‍സില്‍ ഈ വ്യവസ്ഥ ഉള്‍പ്പെടുത്തണം.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.