ഹിന്ദുത്വത്തെ ഇസ് ലാമിക് സ്റ്റേറ്റുമായി ഉപമിച്ച നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബൽറാം

പാലക്കാട്: ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള ബന്ധം ഇസ് ലാമും ഇസ് ലാമിക് സ്റ്റേറ്റും തമ്മിലുള്ളത് മാത്രമാണെന്ന നേരത്തെയുള്ള നിലപാട് ആവർത്തിച്ച് വി.ടി ബൽറാം എം.എൽ.എ. ശനിയാഴ്ച ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് ബൽറാം പിന്നീടിട്ട പോസ്റ്റിൽ അറിയിച്ചത്. നിലപാട് 101 തവണ ആവർത്തിക്കുന്നു എന്ന് ബൽറാം വ്യക്തമാക്കി.

ബൽറാമിൻെറ പുതിയ പോസ്റ്റിൻെറ പൂർണരൂപം

വിവാദമോ !
എന്ത് വിവാദം, ഏത് വിവാദം ?
'ഹിന്ദുത്വം' എന്നത് സംഘപരിവാർ എന്ന അസ്സൽ ഫാഷിസ്റ്റ് സംഘടനയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൻെറ പേരാണെന്നും അതിന് ഇന്നാട്ടിലെ സാധാരണക്കാരായ ഹിന്ദുമത വിശ്വാസികളുടെ നിഷ്ക്കളങ്ക വിശ്വാസങ്ങളും സാംസ്കാരിക പാരമ്പര്യങ്ങളുമായി പുലബന്ധം പോലുമില്ലെന്നും ഞാൻ മാത്രമല്ല, കാര്യ വിവരമുള്ള എത്രയോ അധികം ആളുകൾ എത്രയോ കാലമായി പറഞ്ഞു വരികയാണ്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച കേസിൽ പ്രതിയായിരുന്ന ഹിന്ദു മഹാസഭ നേതാവ് വി.ഡി. സവർക്കർ ആണ് "ഹിന്ദുത്വം'' എന്ന ഈ വാക്കിനും രാഷ്ട്രീയാശയത്തിനും രൂപം നൽകിയത്. ബ്രിട്ടീഷ് വൈസ്രോയിയുടെ കാലുപിടിച്ച് ലജ്ജാകരമായ മാപ്പപേക്ഷ എഴുതിനൽകിയാണ് ഈ ഭീരു ജയിലിൽ നിന്ന് പുറത്തു കടന്നതും സ്വാതന്ത്ര്യ സമരത്തിൽ നിന്ന് പിൻവാങ്ങി ഹിന്ദുമഹാസഭ പ്രവർത്തനങ്ങളിലേക്ക് ചുവടു മാറ്റിയതും. ഗാന്ധിജിയെ കൊല്ലാൻ വേണ്ടി നാഥുറാം ഗോഡ്സേ ദില്ലിക്ക് തിരിക്കുന്നതിന് മുൻപ് ഇയാളെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. ഗൂഢാലോചനാക്കേസുകൾ കോടതികളിൽ സംശയാതീതമായി തെളിയിക്കുക അന്നത്തെ കാലത്ത് അത്ര എളുപ്പമല്ലാത്തത് കൊണ്ട് മാത്രം കൊലക്കയറിൽ നിന്ന് രക്ഷപ്പെട്ടയാളാണ് 'ഹിന്ദുത്വ' വാദികളുടെ ആചാര്യനായ ഈ ഭീരു സവർക്കർ. ഗാന്ധി ഘാതകരുടെ പ്രത്യയശാസ്ത്രമായ 'ഹിന്ദുത്വ'ത്തെ ഇവിടത്തെ സാധാരണ ഹിന്ദുക്കളുടെ തലയിൽ കെട്ടിയെഴുന്നെള്ളിക്കാനും അതിനെ എതിർക്കുന്നവരെ മുഴുവൻ ഹിന്ദു വിരോധികളായി ബ്രാൻഡ് ചെയ്യാനും ആണ് ആർ.എസ്.എസ് ശ്രമിക്കുന്നത്.
ബഹുസ്വരതകളോടും വൈവിധ്യങ്ങളോടും സഹിഷ്ണുത പുലർത്തുക മാത്രമല്ല, അവയെ എല്ലാം ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്ന വിശാലമാനവികതയാണ് യഥാർത്ഥ ഭാരതീയ പാരമ്പര്യമായും ഹൈന്ദവ സംസ്ക്കാരമായും നാം കണ്ടെടുക്കേണ്ടതും മുന്നോട്ടു കൊണ്ടുപോകേണ്ടതും. അതിനു പകരം ഇന്ത്യയിലെ ദലിതരേയും ന്യൂനപക്ഷങ്ങളേയും ശത്രുപക്ഷത്ത് നിർത്തി, ഉത്തരേന്ത്യൻ ബ്രാഹ്മണ്യത്തിൻെറ മൂല്യവ്യവസ്ഥകളിലൂന്നി, അക്രമോത്സുകമായ തീവ്രവർഗീയത വളർത്തുന്ന നവ നാസി ആശയമാണ് 'ഹിന്ദുത്വം'. അതിനു ചേരുന്ന താരതമ്യം ഐസിസുമായിട്ട് തന്നെയാണ്.
അതുകൊണ്ട് ഞാൻ നേരത്തെ പറഞ്ഞ വാചകം ഇതാ നൂറ്റൊന്ന് തവണ ആവർത്തിക്കുന്നു:
"ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള ബന്ധം ഇസ്ലാമും ഇസ് ലാമിക്ക് സ്‌റ്റേറ്റും തമ്മിലുള്ളത് മാത്രമാണ് ".


ബൽറാം ആദ്യമിട്ട പോസ്റ്റ്

കഴിഞ്ഞ ദിവസം വീടിൻെറ മുന്നിലൂടെ കടന്നുപോയ ഒരു നബിദിന റാലിയെ ഞാൻ അഭിവാദ്യം ചെയ്യുന്ന ഫോട്ടോ വച്ചാണ് ഇപ്പോൾ ഫേസ്ബുക്കിൽ സംഘികളുടെ പ്രചരണ കോലാഹലം. നബിദിന റാലിയിൽ പങ്കെടുക്കുന്ന ഞാൻ എന്തുകൊണ്ട് ബാലഗോകുലം നടത്തുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയെ മുൻപൊരിക്കൽ വിമർശിച്ചു എന്നതാണ് പ്രധാന ചോദ്യം. ഹൈന്ദവ ചിഹ്നങ്ങളേയും ആചാരങ്ങളേയും അവമതിക്കുന്നു എന്ന സ്ഥിരം സംഘി ആരോപണങ്ങളും ആവർത്തിക്കപ്പെടുന്നുണ്ട്.
ആദ്യം തന്നെ പറയട്ടെ, ശ്രീകൃഷ്ണ ജയന്തിയിലെ ശോഭായാത്രയെക്കുറിച്ച് നേരത്തെ വിമർശനമുന്നയിച്ചത് ഞാനായിരുന്നില്ല, യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന വേളയിൽ ശ്രീ. പി.സി.വിഷ്ണുനാഥ് എം.എൽ.എ ആയിരുന്നു. ഓർമ്മശക്തിയുടേയും ചരിത്രബോധത്തിൻെറയും കാര്യത്തിൽ പണ്ടേ പിന്നാക്കമായ സംഘികൾക്ക് ഇക്കാര്യത്തിലും തെറ്റ് പറ്റിയതിൽ എനിക്ക് പരാതിയില്ല. മാത്രവുമല്ല, ബാലഗോകുലം എന്ന ആർ.എസ്.എസ് പോഷക സംഘടന കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന ശോഭായാത്ര പോലുള്ള പരിപാടികളേക്കുറിച്ച് വിഷ്ണുനാഥിൻെറ ആശങ്കകൾ ഞാനടക്കം ഒരുപാട് പേർ പങ്കുവക്കുന്നുമുണ്ട്.
വ്യക്തിപരമായി ഏതെങ്കിലുമൊരു പ്രത്യേക മതവിശ്വാസിയല്ലാത്തതിനാൽ വിശ്വാസപരമായ കാരണങ്ങളാൽ ഏതെങ്കിലും മതാചാരങ്ങളിലോ ആഘോഷങ്ങളിലോ പങ്കെടുക്കാറില്ല. എന്നാൽ ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്ന വ്യക്തി എന്ന നിലയിലും എല്ലാവരേയും പ്രതിനിധീകരിക്കുന്ന ജനപ്രതിനിധി എന്ന നിലയിലും വ്യത്യസ്ത മത, സാമൂഹ്യ വിഭാഗങ്ങളുടെ ആചാരങ്ങളിലും ആഘോഷങ്ങളിലും ക്ഷണിക്കപ്പെടുന്നതിനനുസരിച്ച് പങ്കെടുത്ത് പോരാറുമുണ്ട്. ഹിന്ദു മത വിശ്വാസികളായ നാട്ടുകാർ ചേർന്ന് ക്ഷേത്ര കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന പല സാംസ്ക്കാരിക പരിപാടികളിലും അയ്യപ്പൻ വിളക്ക് പോലുള്ള നാട്ടുത്സവങ്ങളിലുമൊക്കെ ഇത്തരത്തിൽ ഞാൻ പങ്കെടുക്കാറുണ്ട്. മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സാംസ്ക്കാരിക, ജീവകാരുണ്യ പരിപാടികളിലും അങ്ങനെത്തന്നെ. ഏതായാലും അർ.എസ്.എസും പോഷക സംഘടനകളും നടത്തുന്ന ജീവകാരുണ്യപരമല്ലാത്ത മറ്റേതെങ്കിലും പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് ഒട്ടും താത്പര്യമില്ല. അതേപോലെ നബിദിന റാലികൾ നടത്തുന്നത് എൻ.ഡി.എഫ് പോലുള്ളവരാണെങ്കിൽ അതിലും പങ്കെടുക്കാൻ താത്പര്യമില്ല.
എൻെറ എതിർപ്പ് ഹിന്ദുക്കളോടൊ ഹിന്ദുമതത്തോടോ അല്ല. "ഹിന്ദുത്ത്വം'' എന്ന സംഘപരിവാറിൻെറ ഫാഷിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടാണ് എന്നത് എത്രയോ തവണ ആവർത്തിച്ച് വിശദീകരിച്ചിട്ടുണ്ട്. ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള ബന്ധം ഇസ്ലാമും ഇസ്ലാമിക് സ്റ്റേറ്റും തമ്മിലുള്ളത് മാത്രമാണ്. സംഘികൾക്കും സംഘി മനസ്സുള്ളവർക്കും അത് മനസ്സിലാവാത്തത് ആരുടേയും കുറ്റമല്ല. "ഹൈന്ദവ ബിംബ''ങ്ങൾ എന്ന പേരിൽ RSS പുനരാനയിക്കുന്ന സവർണ്ണ, ബ്രാഹ്മണ്യ മൂല്യങ്ങളേയാണ് ഞാനടക്കമുളളവർ തുറന്നെതിർക്കുന്നത്. അത്തരം മൂല്യങ്ങളെ ആർജ്ജവത്തോടെ തിരസ്ക്കരിച്ചതുകൊണ്ടാണ് ഭ്രാന്താലയ കേരളം നവകേരളമായത് എന്ന ചരിത്രബോധമാണ് ആ എതിർപ്പുകളുടെ അടിസ്ഥാനം.
ആർ.എസ്.എസ് കാൽപ്പനികവൽക്കരിക്കുന്ന ബ്രാഹ്മണ്യ മൂല്യങ്ങളല്ലാതെയും കുറേ ഹൈന്ദവ, ഭാരതീയ മൂല്യങ്ങളുണ്ട്. അത്തരം നാട്ടു നന്മാമൂല്യങ്ങളേയും കീഴാള സാംസ്കാരികത്തനിമകളേയും എൻെറ നാട്ടിൽ പരിചയപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന "പൈതൃകോത്സവം" പരിപാടി സംഘടിപ്പിക്കുന്ന തിരക്കിലാണ് തത്ക്കാലം ഞാനടക്കമുള്ളവർ. പക്ഷേ അതൊന്നും ഹൈന്ദവ സംസ്കാരത്തിൻെറ ഭാഗമായി അംഗീകരിക്കാൻ ആർ.എസ്.എസുകാരുടെ സവർണ്ണ മനസ്സിന് കഴിയുന്നില്ല എന്ന് മാത്രം. അവരെ സംബന്ധിച്ച് ഹിന്ദു എന്നാൽ സവർണ്ണ ഹിന്ദു എന്നത് മാത്രമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.