ക്ഷീരകര്‍ഷകര്‍ക്ക് ലിറ്റര്‍ പാലിന്  മില്‍മ 50 പൈസകൂടി നല്‍കും


തൃശൂര്‍: ഉല്‍പാദന ചെലവ് വര്‍ധിച്ചതിനാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ലിറ്റര്‍ പാലിന് 50 പൈസകൂടി അധികമായി നല്‍കുമെന്ന് മില്‍മ എറണാകുളം മേഖല യൂനിയന്‍ ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ ഒന്നു മുതല്‍ നല്‍കുന്ന ഒരു രൂപക്ക് പുറമെയാണ് 50 പൈസ. ജനുവരി ഒന്നുമുതല്‍ ഇത് നല്‍കും. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് ഇതോടെ ഒരു ലിറ്റര്‍ പാലിന് ഒന്നര രൂപ അധികം ലഭിക്കും. ഇതോടൊപ്പം ക്ഷീരകര്‍ഷക സംഘങ്ങള്‍ക്കും ലിറ്ററിന് 50 പൈസ അധികം നല്‍കുമെന്ന് ബാലന്‍ മാസ്റ്റര്‍ പറഞ്ഞു.  ഇത് ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമാകുമെങ്കിലും ഉല്‍പാദനച്ചെലവ് കൂടുതലായതിനാല്‍ പാല്‍വില വര്‍ധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് അദ്ദേഹം  പറഞ്ഞു.  തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷീരകര്‍ഷകരെ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് കൃത്യമായ വരുമാനം ഇതിലൂടെ ലഭിക്കും. നിരന്തരമായ പ്രവര്‍ത്തനത്തിലൂടെ ഇക്കാര്യം നേടിയെടുക്കാനാവുമെന്നാണ് തന്‍െറ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലാണ് ക്ഷീരകര്‍ഷകര്‍ ഏറെയുള്ളതെന്നതിനാല്‍ പഞ്ചായത്തുതലത്തില്‍ ക്ഷീരവികസന ഓഫിസുകള്‍ രൂപവത്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്തുകള്‍ വഴി പോഷക പ്രധാനമായ തീറ്റപ്പൂല്‍ കൃഷി നടപ്പാക്കണമെന്നും കാലിരോഗങ്ങള്‍ക്ക് ചികിത്സക്ക് ധനസഹായം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.