സോണിയയുമായുള്ള കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ഘടക കക്ഷി നേതാക്കള്‍

കോട്ടയം: നാലു വര്‍ഷമായി കോണ്‍ഗ്രസ് തുടരുന്ന നിലപാടുകള്‍ ഇനിയും തുടരുകയാണെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷയെ ധരിപ്പിച്ചതായി യു.ഡി.എഫ് ഘടക കക്ഷി നേതാക്കള്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്കും ഘടക കക്ഷികള്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളും  ഇവര്‍ സോണിയയെ അറിയിച്ചു.
നാട്ടകം ഗസ്റ്റ് ഹൗസില്‍ മുസ്ലിംലീഗുമായും സോണിയ കൂടിക്കാഴ്ച നടത്തി. അഞ്ച് മിനിട്ടോളം നീണ്ട ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിയോജിപ്പ്  ലീഗ് നേതൃത്വം അറിയിച്ചു. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം കെ.പി.എ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവരും ചര്‍ച്ചക്കത്തെിയിരുന്നു. കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയം നേടനാവുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിച്ചതായി ചര്‍ച്ചക്കുശേഷം പുറത്തിറങ്ങിയ മന്ത്രി കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെ.എം മാണി, സി.എഫ് തോമസ് എം.എല്‍.എ,ജോയ് എബ്രഹാം എം.പി,മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്, മന്ത്രി പി.ജെ. ജോസഫ് എന്നിവര്‍ എത്തിയിരുന്നു. കോണ്‍ഗ്രസിനോടുള്ള വിയോജിപ്പുകള്‍ കേരള കോണ്‍ഗ്ര് നേതൃത്വം സോണിയയെ ധരിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം വേണമെന്ന് അവര്‍ നിര്‍ദേശിച്ചു. ചില കോണ്‍ഗ്രസ് നേതാക്കളുടെ സമീപനങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളെ വേദനിപ്പിക്കുന്ന പ്രസ്താവനകളും യു.ഡി.എഫിന് ക്ഷീണം ചെയ്യും. രമേശ് ചെന്നിത്തലയുടേതെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ഹൈകമാന്‍റിനയച്ച കത്തിനെ കുറിച്ചാണോ ഇതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് തന്നെയാണെന്ന് മാണി മറുപടി നല്‍കി.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ല. റബര്‍ വിലയിടവ് ക്രമാതീതമായി  തുടരുകയാണ്. തെരഞ്ഞെടുപ്പില്‍ അര്‍ഹമായ സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിക്കണം. ഇക്കാര്യത്തില്‍ നീതിനിഷ്ഠമായ നിലപാട് സ്വീകരിക്കണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കണമെന്ന് സോണിയയോട് പറഞ്ഞതായും മാണി അറിയിച്ചു.
കഴിഞ്ഞ തവണത്തെ നാലു സീറ്റുകള്‍ ഇത്തവണയും ലഭിക്കണമെന്ന് ജേക്കബ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് എത്തിയ മന്ത്രി അനൂപ് ജേക്കബും ആവശ്യമുന്നയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.