സംഘട്ടനത്തില്‍ പരിക്കേറ്റ ലീഗ് നേതാവ് മരിച്ചു

തളിപ്പറമ്പ്:  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ദിനത്തില്‍ ഏഴാംമൈലില്‍ ഉണ്ടായ സി.പി.എം-ലീഗ് സംഘട്ടനത്തില്‍ പരിക്കേറ്റ മുസ്ലിംലീഗ് നേതാവ് മരിച്ചു. തളിപ്പറമ്പ് മുനിസിപ്പല്‍ മുസ്ലിം ലീഗ് ട്രഷറര്‍ ഫാറൂഖ് നഗറിലെ കെ.വി.എം. കുഞ്ഞി (56) ആണ് മരിച്ചത്.
തലക്ക് ഗുരുതര പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചക്ക് 12.30 ഓടെയായിരുന്നു മരണം. തെരഞ്ഞെടുപ്പ് ദിനം വൈകീട്ട് അഞ്ചരയോടെ ബൂത്തില്‍ ഇരുന്ന യു.ഡി.എഫ് ഏജന്‍റുമാരുമായി തളിപ്പറമ്പിലേക്ക് വരുകയായിരുന്ന ലീഗുപ്രവര്‍ത്തകരും ഏഴാംമൈലില്‍ കേന്ദ്രീകരിച്ച സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് കുഞ്ഞിന് പരിക്കേറ്റത്.  രൂക്ഷമായ കല്ളേറും തുടര്‍ന്ന് പട്ടിക, കരിങ്കല്ല് എന്നിവ കൊണ്ടുള്ള അടിയും പിന്നീട് ബോംബേറും നടന്നു. തലക്ക് കരിങ്കല്ലുകൊണ്ടുള്ള അടിയേറ്റ് വീണ കുഞ്ഞിയെ പൊലീസാണ് തളിപ്പറമ്പിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് മംഗളൂരുവിലേക്ക് മാറ്റി. തളിപ്പറമ്പ് കെ.വി കോംപ്ളക്സിലെ ഹോട്ടല്‍ വ്യാപാരിയും ഹൈദ്രോസ് പള്ളി കമ്മിറ്റി സെക്രട്ടറിയുമാണ്. ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.വി. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ സഹോദരി പുത്രനാണ്. തളിപ്പറമ്പ് വലിയ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ഇസ്മായില്‍, ഇര്‍ഷാദ്, ഇസ്ഹാഖ്, ആയിഷാബി. മരുമകന്‍: സിദ്ദിഖ് (വ്യാപാരി, തളിപ്പറമ്പ്).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.