വീരേന്ദ്രകുമാറിന്‍െറ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ എല്‍.ഡി.എഫിന് ജയം

കല്‍പറ്റ: സംസ്ഥാന പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാറിന്‍െറ വീട് ഉള്‍പ്പെടുന്ന പുളിയാര്‍മലയില്‍ ജനതാദള്‍-യുവിന് തോല്‍വി. കല്‍പറ്റ നഗരസഭയിലെ രണ്ടാം വാര്‍ഡായ ഇവിടെ സി.പി.ഐ സ്ഥാനാര്‍ഥിക്ക് വിജയം. കല്‍പറ്റ പഞ്ചായത്ത് രൂപവത്കരിച്ച കാലം മുതല്‍ നിലനിന്നതും വീരേന്ദ്രകുമാറിനൊപ്പമുള്ള ജനതാദള്‍ സ്ഥാനാര്‍ഥി സ്ഥിരമായി വിജയിക്കുന്നതുമായ വാര്‍ഡില്‍ ഇതാദ്യമായി എതിര്‍സ്ഥാനാര്‍ഥി ജയിച്ചപ്പോള്‍ വയനാട്ടിലെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ വലിയ അട്ടിമറിയായി. ജനറല്‍ വാര്‍ഡായ ഇവിടെ ജനതാദളിലെ സിറ്റിങ് കൗണ്‍സിലറും അഡ്വക്കറ്റ് ക്ളര്‍ക്ക്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റുമായ കെ. പ്രകാശിനെ സി.പി.ഐ വയനാട് ജില്ലാ കൗണ്‍സില്‍ അംഗവും ആദിവാസി മഹാസഭാ ജില്ലാ പ്രസിഡന്‍റുമായ ടി. മണി രണ്ടു വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
 ജനതാദള്‍ സംസ്ഥാന പ്രസിഡന്‍റും മകനും എം.എല്‍.എയുമായ എം.വി. ശ്രേയാംസ്കുമാറും നേരിട്ട് ഇറങ്ങി ഈ വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പുളിയാര്‍മല വാര്‍ഡിനോട് ചേര്‍ന്ന കൈനാട്ടി, സിവില്‍ സ്റ്റേഷന്‍ വാര്‍ഡുകളിലും ജനതാദള്‍ -യു സ്ഥാനാര്‍ഥികള്‍ പരാജയമറിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷം നഗരസഭാ വൈസ് ചെയര്‍പേഴ്സനായിരുന്ന കെ.കെ. വല്‍സലയെ സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ സി.പി.ഐ സ്വതന്ത്ര അജി ബഷീറാണ് പരാജയപ്പെടുത്തിയത്. കൈനാട്ടി വാര്‍ഡില്‍ മുന്‍ കൗണ്‍സിലറും ജനതാദള്‍ നേതാവുമായ കെ.ബി. രാജേന്ദ്രനെ സി.പി.എമ്മിലെ സുരേഷ് കുമാറാണ് മലര്‍ത്തിയടിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കല്‍പറ്റ മുനിസിപ്പാലിറ്റിയില്‍ അഞ്ചു സീറ്റുകളില്‍ ജയിച്ച ജനതാദള്‍ -യുവിന് ഇക്കുറി രണ്ട് കൗണ്‍സിലര്‍മാര്‍ മാത്രമാണുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.