യു.ഡി.എഫ് അനുഭവത്തില്‍നിന്ന് പാഠം പഠിക്കണം -ലീഗ്

കോഴിക്കോട്: അനുഭവത്തില്‍നിന്ന് യു.ഡി.എഫ് പാഠം പഠിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. യു.ഡി.എഫിലെ സംഘടനാ ദൗര്‍ബല്യം തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം സജീവമാകുന്ന യു.ഡി.എഫ് സംവിധാനം മാറേണ്ടതുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 2010ലെ പ്രകടനം കാഴ്ചവെക്കാന്‍ മുന്നണിക്ക് സാധിച്ചില്ല. എന്നാല്‍, 2005ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ കോട്ടമുണ്ടായിട്ടില്ല.
കോണ്‍ഗ്രസിന്‍േറത് മാത്രമല്ല, സി.പി.എമ്മിന്‍െറ വോട്ടും ബി.ജെ.പിക്ക് പോയിട്ടുണ്ട്. സി.പി.എമ്മിന്‍െറ ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണം ഇരട്ടത്താപ്പാണ്. ഇവരുടെ ഫാഷിസ്റ്റ് വിരുദ്ധ കണ്‍കെട്ട് വിശ്വസിച്ച് ന്യൂനപക്ഷ വോട്ട് അവര്‍ക്ക് അനുകൂലമായിട്ടുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു.
മതേതര ചേരിക്ക് ഊര്‍ജം നല്‍കുന്നതാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം. ന്യൂഡല്‍ഹിക്കു പിന്നാലെ ബിഹാറിലും ബി.ജെ.പിക്കുണ്ടായ പരാജയം മോദിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയതിന്‍െറ തെളിവാണ്. സി.പി.എം ഉള്‍പ്പെടെ പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തി മതേതര പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.