എസ്.എന്‍.ഡി.പി സഖ്യം വിജയിച്ചില്ലെന്ന് ബി.ജെ.പി

തിരുവനന്തപുരം: കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ഗ്രാമ പഞ്ചായത്ത് തലത്തില്‍ സീറ്റ് വര്‍ധിപ്പിക്കാനും എസ്.എന്‍.ഡി.പി സഖ്യം വിജയകരമാക്കാനും കഴിഞ്ഞില്ലെന്ന് ബി.ജെ.പി സംസ്ഥാന കോര്‍കമ്മിറ്റി യോഗം വിലയിരുത്തി. ആലപ്പുഴയില്‍ എസ്.എന്‍.ഡി.പിയുമായി ചേര്‍ന്ന് രൂപവത്കരിച്ച സമത്വ മുന്നണി പേരിലുള്ള മത്സരം തിരിച്ചടിയായെന്നും നേതൃത്വം വ്യക്തമാക്കുന്നു.
സമത്വ മുന്നണിക്ക് കണക്കുകൂട്ടല്‍ പ്രകാരമുള്ള വോട്ട് നേടാനായില്ല. ഈഴവ സമുദായാംഗങ്ങള്‍ തന്നെ ഈ സഖ്യത്തെ തിരിച്ചറിഞ്ഞില്ല. ചേര്‍ത്തല, അരൂര്‍ മേഖലയില്‍ ഇത് പ്രകടമായി. ആലപ്പുഴയില്‍ മുന്നേറ്റം നടത്താനായെന്നാണ് വിലയിരുത്തല്‍. ഒപ്പം കൊല്ലത്തും നേട്ടമുണ്ടായി. കോഴിക്കോട് കോര്‍പറേഷനിലെ സീറ്റ് വര്‍ധിക്കലും 128 പഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനത്തത്തെിയതും നേട്ടമാണ്.
എസ്.എന്‍.ഡി.പി ബന്ധം കാരണം പരമ്പരാഗത നായര്‍ വോട്ട് നഷ്ടമായില്ല. എന്നാല്‍ മുസ്ലിം ന്യൂനപക്ഷ കേന്ദ്രീകരണം എല്‍.ഡി.എഫിന് അനുകൂലമായെന്നും ചൂണ്ടിക്കാട്ടുന്നു. കണ്ണൂരും തൃശൂരും ബി.ജെ.പിയെ തോല്‍പിക്കാന്‍ സി.പി.എമ്മും കോണ്‍ഗ്രസും പരസ്പരം വോട്ട് നല്‍കിയെന്നും നേതൃയോഗം വിലയിരുത്തി. തൃശൂര്‍ കോര്‍പറേഷനിലെ പൂപ്പാട്ടുകര, പാട്ടുരായ്ക്കല്‍ വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സി.പി.എമ്മിന് വോട്ട് ചെയ്തു. കണ്ണൂര്‍ ടെമ്പ്ള്‍ വാര്‍ഡില്‍ സി.പി.എം കോണ്‍ഗ്രസിന് വോട്ട് നല്‍കി.
ബി.ജെ.പി ഒന്നാം സ്ഥാനത്തത്തെിയ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനം സംബന്ധിച്ച് 13ന്  സംസ്ഥാന ഭാരവാഹിയോഗം തീരുമാനമെടുക്കും. ബി.ജെ.പി ഒന്നാമത് നില്‍ക്കുന്ന പഞ്ചായത്ത്-മുനിസിപ്പാലിറ്റികളിലെ അധ്യക്ഷ സ്ഥാനത്തിനുള്ള സാധ്യതകള്‍ ആരായാനാണ് തീരുമാനം. ഇതിനായി മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍- പി.കെ. കൃഷ്ണദാസ്, പത്തനംതിട്ട, ആലപ്പുഴ-എം.ടി. രമേശ്, കോട്ടയം, എറണാകുളം-എ.എന്‍. രാധാകൃഷ്ണന്‍, ഇടുക്കി, തൃശൂര്‍- ജോര്‍ജ് കുര്യന്‍, പാലക്കാട്- ശോഭാ സുരേന്ദ്രന്‍, കോഴിക്കോട്, മലപ്പുറം- കെ.പി. ശ്രീശന്‍, കാസര്‍കോട്, വയനാട്- കെ. സുരേന്ദ്രന്‍ എന്നിവരാണ് നേതാക്കള്‍.
പാര്‍ട്ടി നിര്‍ണായക ശക്തി നേടിയതും എന്നാല്‍ ഒന്നാം സ്ഥാനത്ത് എത്താത്തതുമായ തദ്ദേശ സ്ഥാപനങ്ങളില്‍ എന്തു നിലപാട് സ്വീകരിക്കണമെന്നത് സംബന്ധിച്ച് അതത് സ്ഥലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായും പ്രാദേശിക ഘടകങ്ങളുമായും ആവശ്യമായ ചര്‍ച്ച ഇവര്‍ നടത്തും.  ഇക്കാര്യത്തില്‍ അന്തിമ തീരുമാനം 13ന് ഉണ്ടാവും. അന്ന് നടക്കുന്ന ഭാരവാഹി യോഗത്തിന് മുമ്പ് ചുമതലപ്പെട്ട നേതാക്കള്‍ അതത് ജില്ലകളിലെ സ്ഥിതി സംബന്ധിച്ച് സംസ്ഥാന പ്രസിഡന്‍റിനെ ധരിപ്പിക്കും.  ശേഷം ചേരുന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്‍റുമാരുടെയും ജില്ലാ ജനറല്‍ സെക്രട്ടറിമാരുടെയും 13ലെ യോഗത്തില്‍ കേന്ദ്ര നേതാക്കളും പങ്കെടുക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.