കൊച്ചി: സർക്കാരിനും മന്ത്രി കെ.എം. മാണിക്കും കനത്ത തിരിച്ചടിയായി ബാർകോഴക്കേസിൽ ഹൈകോടതി വിധി. തിരുവനന്തപുരം വിജിലൻസ് കോടതിവിധി അംഗീകരിച്ചുകൊണ്ട് കേസിൽ തുടരന്വേഷണം ആകാമെന്ന് ഹൈകോടതി വ്യക്തമാക്കി. അന്വേഷണ കാലയളവിൽ മന്ത്രിസ്ഥാനത്ത് തുടരണോ എന്ന കാര്യം മാണിയുടെ മന:സാക്ഷിക്ക് വിടുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തിൽ ജനങ്ങൾക്ക് സംശയം തോന്നുന്ന രീതിയിൽ ഒന്നുമുണ്ടാകരുത്. സീസറുടെ ഭാര്യ എപ്പോഴും സംശയത്തിന് അതീതയായിരിക്കണം. അന്വേഷണം സത്യസന്ധമായിരിക്കണമെന്നും വിജിലൻസ് കോടതി ഇക്കാര്യത്തിൽ ഇടപെടില്ലെന്നും ജസ്റ്റിസ് ബി. കെമാൽ പാഷ വിധിയിൽ പറഞ്ഞു ബാർകോഴ കേസിലെ വിധിക്കെതിരെ വിജിലൻസ് നൽകിയ പുന:പരിശോധനാ ഹരജിയിൽ വിധി പറയവെ ഹൈകോടതി വിജിലൻസ് ഡയറക്ടർക്കെതിരെയും രൂക്ഷ വിമർശമുന്നയിച്ചു.
കേസ് അന്വേഷണത്തിൽ വിജിലൻസ് ഡയറക്ടർക്ക് പിഴവ് പറ്റി. തെളിവുകൾ കൃത്യമായി പരിശോധിച്ചില്ല. നടപടിക്രമങ്ങളിൽ വീഴ്ച പറ്റിയെന്നും കോടതി നിരീക്ഷിച്ചു. വിജിലൻസ് ഡയറക്ടർ സ്വന്തം അഭിപ്രായം അന്വേഷണ ഉദ്യോഗസ്ഥരുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. സുപ്രീംകോടതി അഭിഭാഷകന്‍റെ നിയമോപദേശങ്ങൾ മാത്രമാണ് ഡയറക്ടർ സ്വീകരിച്ചത്. ഡയറക്ടർക്ക് തുടരന്വേഷണത്തിന് ഉത്തരവിടാമായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. വിജിലൻസ് ഡയറക്ടർക്ക് കേസുകളിൽ ഇടപെടാൻ അധികാരമുണ്ട്. കീഴുദ്യോഗസ്ഥർക്ക് നിർദേശം നൽകാം. വസ്തുതാ റിപ്പോർട്ട് പരിശോധിക്കാം. കേസിന്‍റെ സ്ഥിതിവിവര റിപ്പോർട്ട് വിളിച്ചു വരുത്തിയ നടപടിയിൽ തെറ്റില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
അന്വേഷണ ഉദ്യോഗസ്ഥന്‍റെ വസ്തുതാ റിപ്പോർട്ടിൻമേൽ നിയമോപദേശം തേടാൻ നിർദേശിച്ച നടപടിയെകുറിച്ച് അഡ്വക്കെറ്റ് ജനറൽ വിശദീകരിച്ചു. സംസ്ഥാന മന്ത്രിസഭയിലെ മുതിർന്ന മന്ത്രിക്കെതിരായ ആരോപണമായതിനാലാണ് നിയമോപദേശം നൽകാതിരുന്നത്. അതിനാലാണ് പുറത്തു നിന്ന് നിയമോപദേശം തേടിയതെന്നും എ.ജി കോടതിയെ അറിയിച്ചു. ഇതിന് മറുപടിയായി, ഖജനാവിലെ ജനങ്ങളുടെ പണം ചെലവാക്കി പുറത്തുനിന്ന് നിയമോപദേശം തേടിയത് ശരിയായില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. ആരോപണ വിധേയനായ മന്ത്രി രാജിവെക്കണമോ എന്ന കാര്യം അദ്ദേഹത്തിന്‍റെ മനഃസാക്ഷിക്കു വിടുന്നതായും കോടതി വ്യക്തമാക്കി.
വിജിലൻസ് ഡയറക്ടർ അന്വേഷണ സംഘത്തിന്‍റെ ഭാഗമാണെന്നും ബാർകോഴ കേസിൽ വിജിലൻസ് ഡയറക്ടർ അധികാരപരിധി ലംഘിച്ചിട്ടില്ലെന്നുമായിരുന്നു വിജിലൻസിന് വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ കപിൽസിബൽ വാദം. വിജിലൻസ് ഡയറക്ടർ വിജിലൻസ് മാന്വലിനെതിരായി പ്രവർത്തിച്ചിട്ടില്ല. മാന്വൽ പ്രകാരം ഡയറക്ടർക്ക് ചില അധികാര അവകാശങ്ങളുണ്ട്. ഇതിന്‍റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടാണ് പ്രവർത്തിച്ചത്. ബാർകോഴ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ തിരുത്തുന്ന നടപടിയും വിജിലൻസ് ഡയറക്ടർ കൈക്കൊണ്ടിട്ടില്ല. ഇക്കാര്യത്തിൽ നിയമപരമായ നടപടികൾ മാത്രമാണ് ഡയറക്ടർ സ്വീകരിച്ചിട്ടുള്ളതെന്നും സിബൽ തന്‍റെ പ്രാഥമിക വാദത്തിൽ വ്യക്തമാക്കി.
കേസിൽ വാദം ആരംഭിച്ചയുടൻ തന്നെ വിജിലൻസ് ഡയറക്ടർ അധികാര പരിധി ലംഘിച്ചിട്ടില്ലേ എന്ന് ഹൈകോടതി ജഡ്ജി കെമാൽപാഷ സിബലിനോട് ചോദിച്ചിരുന്നു. കേസിന്‍റെ മെറിറ്റിലേക്ക് കടക്കേണ്ടെന്നും വിജിലൻസ് ഡയറക്ടർ പരിധി ലംഘിച്ചോ ഇല്ലയോ എന്ന കാര്യത്തിലാണ് വാദം നടക്കേണ്ടതെന്നും കോടതി സൂചിപ്പിച്ചു.
വിജിലൻസിനെതിരെയുള്ള കോടതി ഉത്തരവ്, വിജിലന്‍സിന്‍റെ പ്രതിഛായയെ ബാധിക്കുമെന്നും ഹൈകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് വിജിലൻസ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.