അധികാരമേല്‍ക്കാന്‍ കേവലഭൂരിപക്ഷം വേണ്ട

കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപന ഭരണസമിതികള്‍ക്ക് അധികാരമേല്‍ക്കാന്‍ കേവലഭൂരിപക്ഷം കടമ്പയല്ളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. മന്ത്രിസഭാ രൂപവത്കരണത്തില്‍നിന്ന് ഭിന്നമാണ് ത്രിതലപഞ്ചായത്ത്-നഗരസഭാ ഭരണസമിതികള്‍. ഭൂരിപക്ഷം അവകാശപ്പെടുന്ന മുന്നണിയെ മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുന്നതാണ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്‍െറ രീതി. മുഖ്യമന്ത്രി ഭൂരിപക്ഷം തെളിയിക്കണം.
സഹമന്ത്രിമാരെ മുഖ്യമന്ത്രിയാണ് നിശ്ചയിക്കുന്നത്. മന്ത്രിസഭയാണ് ഭരിക്കുക. നിയമസഭക്ക് ഭരണത്തില്‍ നേരിട്ട് പങ്കാളിത്തമില്ല. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ട ഏതംഗത്തിനും പിന്താങ്ങാനാളുണ്ടെങ്കില്‍ (സംവരണംപാലിച്ച്) തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാം. ഓരോ പത്രികയും വോട്ടിനിടും. എറ്റവുംകുറഞ്ഞ വോട്ട് നേടുന്ന ആളെ ആദ്യംഒഴിവാക്കും. ശേഷിക്കുന്ന പത്രികകളുടെ വോട്ടെടുപ്പ് തുടരും. ഒടുവില്‍ കൂടുതല്‍ വോട്ടുനേടുന്നയാളെ പ്രഖ്യാപിക്കുകയാണ് ചെയ്യുകയെന്ന് ‘കില’യില്‍ പരിശീലനപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന പി.കെ. ജയദേവന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
സംസ്ഥാനത്ത് കേവലഭൂരിപക്ഷമില്ലാത്ത കാസര്‍കോട് ജില്ലാപഞ്ചായത്ത്, കണ്ണൂര്‍, തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകള്‍ എന്നിവയുള്‍പ്പെടെ 309 സ്ഥാപനങ്ങളില്‍ ഭരണസമിതികള്‍ക്ക് ഈ രീതിയില്‍ അധികാരമേല്‍ക്കാം. പഞ്ചായത്തീരാജ് നഗരപാലിക നിയമത്തിലെ 153 സെക്ഷനും ചട്ടങ്ങളും ഇതാണ് അനുശാസിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 17 അംഗ കാസര്‍കോട് ജില്ലാപഞ്ചായത്തില്‍ യു.ഡി.എഫ് എട്ട്, എല്‍.ഡി.എഫ് ഏഴ്, ബി.ജെ.പി രണ്ട് എന്നിങ്ങനെയാണ് പ്രതിനിധികള്‍. ചുമതലയുള്ള ഉദ്യോഗസ്ഥന്‍ യു.ഡി.എഫിനെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കുകയല്ല പ്രസിഡന്‍റ് സ്ഥാനത്തേക്ക് പത്രിക തേടുകയാണ് ചെയ്യുക. രണ്ടുപേരുടെ പത്രിക പ്രസിഡന്‍റ് സ്ഥാനത്തേക്ക് പ്രതീക്ഷിക്കാം. നിര്‍ദേശിക്കാനും പിന്താങ്ങാനും ആളുവേണമെന്നതിനാല്‍ ബി.ജെ.പിക്ക് മത്സരിക്കാനാവില്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഒമ്പതു വോട്ടാണ് ലഭിക്കുന്നതെങ്കില്‍ പ്രസിഡന്‍റായി പ്രഖ്യാപിക്കും. ഏഴാണെങ്കില്‍ ശേഷിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥിക്കായി വോട്ടെടുപ്പ് നടത്തും. എട്ടു വോട്ട് കിട്ടിയാലും ഇദ്ദേഹത്തെ പ്രസിഡന്‍റായി പ്രഖ്യാപിക്കും. വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പും ഈ ക്രമത്തിലാണ് നടക്കുക.
പഞ്ചായത്തീരാജ് നഗരപാലികനിയമത്തില്‍ പ്രതിപക്ഷമില്ലാത്തതാണ് ഭരണസമിതി. അവിശ്വാസപ്രമേയംപോലെ വോട്ടെടുപ്പ് ആവശ്യമാവുന്ന ഘട്ടത്തിലല്ലാതെ കേവല ഭൂരിപക്ഷമില്ലായ്മ ഭരണപ്രതിസന്ധി സൃഷ്ടിക്കില്ല. ഓരോ അംഗവും ഏതെങ്കിലും ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ അംഗമാവണമെന്നതിനാല്‍ എല്ലാവരും ചേര്‍ന്നതാണ് മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണസമിതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.