മാണി പുറത്തേക്ക്...

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയിലെ രൂക്ഷപരാമര്‍ശങ്ങളെതുടര്‍ന്ന് മന്ത്രി കെ.എം. മാണി ചൊവ്വാഴ്ച രാജിവെക്കുമെന്ന് സൂചന.മുന്നണിക്ക് കോട്ടം ഉണ്ടാകാത്തവിധം മാന്യമായി രാജിവെച്ച് ഒഴിയാന്‍ മാണിക്ക് അവസരം ഒരുക്കണമെന്ന നിലപാടാണ്  ഉണ്ടായിരിക്കുന്നത്. അതിന്‍െറ ഭാഗമായി, മാണി രാജിവെച്ചാലും ബാര്‍ കോഴ ആരോപണം അടിസ്ഥാന രഹിതമെന്ന മുന്‍നിലപാടില്‍  ഉറച്ചുനില്‍ക്കുകയും മാണി നടത്തുന്ന നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യും.
കോടതി ഉത്തരവോടെ ഉടലെടുത്ത ഗുരുതര രാഷ്ട്രീയ സാഹചര്യം ചര്‍ച്ചചെയ്യാന്‍ യു.ഡി.എഫ് നേതൃയോഗം ചൊവ്വാഴ്ച രാവിലെ തലസ്ഥാനത്ത് ചേരും. ഇതിനു മുമ്പ് മാണി രാജിസന്നദ്ധത പ്രഖ്യാപിച്ചേക്കും. യു.ഡി.എഫ് യോഗത്തിനുമുമ്പ് കേരള കോണ്‍ഗ്രസ് -എം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും ചേരും.
കോണ്‍ഗ്രസില്‍നിന്ന് മാത്രമല്ല, മുന്നണി ഘടകകക്ഷികളില്‍നിന്നും രാജി അനിവാര്യമാണെന്ന അഭിപ്രായമുയരുന്നുണ്ട്. കോടതി പരാമര്‍ശത്തിന്‍െറ ഗൗരവവും സമ്മര്‍ദത്തിന്‍െറ ശക്തിയും ബോധ്യപ്പെട്ട മാണിഗ്രൂപ്പും രാജിയല്ലാതെ പോംവഴി ഇല്ളെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ട നിലയിലാണ്.
കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍, കെ.പി. അനില്‍കുമാര്‍ എന്നിവരും യൂത്ത് കോണ്‍ഗ്രസും മാണിയുടെ രാജി ആവശ്യപ്പെട്ടു. കോടതിവിധി ഏറെ ഗൗരവതരമാണെന്നും ഉചിത തീരുമാനം ഉണ്ടാകുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവരും അഭിപ്രായപ്പെട്ടു.
മാണിക്ക് ഇത്രയുംകാലം പൂര്‍ണ പിന്തുണ നല്‍കിവന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിപോലും ഹൈകോടതി വിധിക്കുശേഷം അതിന് തയാറായില്ല. മുസ്ലിം ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികളും രാജിയാണ് ഉചിതമെന്ന നിലപാടിലാണ്. മാണി ഗ്രൂപ്പില്‍നിന്ന് ഇതുവരെ വ്യത്യസ്ത നിലപാട് ഉണ്ടായിട്ടില്ല.
ബാര്‍ കോഴക്കേസില്‍ ഒരാഴ്ച മുമ്പ് വിജിലന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവ് തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍െറ തിരിച്ചടിക്ക് പ്രധാന കാരണമായെന്ന് മുന്നണിയില്‍ അഭിപ്രായമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന ഘട്ടമായിരുന്നതിനാല്‍ അന്ന് ഭരണപക്ഷത്തുനിന്ന് ആര്‍ക്കും മാണിയുടെ രാജി ആശ്യം ഉന്നയിക്കാനുമായില്ല. എന്നാല്‍, ഇപ്പോള്‍ സാഹചര്യത്തില്‍ മാറ്റം വന്നെന്ന് മാത്രമല്ല അന്നത്തെക്കാളും കടുത്ത പരാമര്‍ശം കോടതിയില്‍നിന്ന് നേരിടേണ്ടി വന്നിരിക്കുകയാണ്.
 ഈ സാഹചര്യത്തില്‍ ഇനി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചാല്‍ അത് മുന്നണിയുടെ കെട്ടുറപ്പ് തകര്‍ക്കുമെന്ന് മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് ഇടയാക്കുമെന്നും നേതൃത്വം ഭയപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.