കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ടു

മഞ്ചേരി: കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ മുസ്ലിംലീഗ് പ്രവര്‍ത്തകരെ മഞ്ചേരി ജില്ലാ സെഷന്‍സ് രണ്ടാം കോടതി വെറുതെവിട്ടു. 2004 നവംബര്‍ ഒന്നിന് ഉച്ചക്ക് 2.30 നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലീഗ് പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയത്. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനത്തെിയ ദൃശ്യമാധ്യമപ്രവര്‍ത്തകരെയടക്കം മര്‍ദിച്ച് പരിക്കേല്‍പ്പിച്ചെന്നായിരുന്നു കേസ്. വധശ്രമമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി പ്രതികളെ അഞ്ചുവര്‍ഷവും ഒമ്പത് മാസവും  വരെ തടവിന് ശിക്ഷിച്ചിരുന്നു.
പ്രതികള്‍ നല്‍കിയ അപ്പീലിലാണ് കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ളെന്ന് ചൂണ്ടിക്കാട്ടി 15 പേരെ വെറുതെവിട്ടത്. എസ്.ടി.യു സംസ്ഥാന സെക്രട്ടറി വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, പെരുമ്പള്ളി മുനീര്‍, നൊട്ടിത്തൊടി അന്‍വര്‍ സാദത്ത്, പി.എം. അബ്ദുല്‍ റസാഖ്, അഷ്റഫ്, താനാരി സുല്‍ഫി, എം.പി. അബ്ദുല്‍ നാസര്‍ എന്ന കുഞ്ഞാപ്പു, അഷ്റഫ് എന്ന അപ്പു, വാറങ്ങോട്ട് ഖുതുബുദ്ദീന്‍, പുളിക്കല്‍ സ്വദേശികളായ ഷഹാബുദ്ദീന്‍, അബ്ദുല്‍ റഷീദ്, ഖാലിദ്, ഫൈസല്‍, ഷംസീര്‍, കണ്ണൂര്‍ സ്വദേശിയായ അയ്യൂബ് എന്നിവരെയാണ് ശിക്ഷിച്ചിരുന്നത്. ഐസ്ക്രീം കേസില്‍ പ്രതിയായിരിക്കെ പി.കെ. കുഞ്ഞാലിക്കുട്ടി വിദേശത്തുനിന്ന് തിരിച്ചത്തെിയപ്പോഴാണ് പ്രവര്‍ത്തകര്‍ സ്വീകരണമേര്‍പ്പെടുത്തിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.