തിരുവനന്തപുരം: രാജിവെക്കില്ലെന്ന് കെ.എം മാണിയും മാണിയെ നിർബന്ധിച്ച് രാജിവെപ്പിക്കാൻ ശ്രമിച്ചാൽ പിന്തുണ പിൻവലിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാക്കളും മുന്നറിയിപ്പ് നൽകിയതോടെ യു.ഡി.എഫും സർക്കാരും പ്രതിസന്ധിയിലായി. കേരളാ കോണ്‍ഗ്രസിന്‍റെ ഉന്നതാധികാര സമിതി ഇന്ന് ചേരുന്നുണ്ട്. അതേസമയം, കേരള കോൺഗ്രസ് മാണി വിഭാഗം വിട്ടുനിന്നതിനെ തുടർന്ന് യു.ഡി.എഫ് യോഗം ചേരാൻ സാധിച്ചില്ല. ഇതേതുടർന്ന് ഘടകകക്ഷി നേതാക്കളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുകയാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഒഴികെ കോണ്‍ഗ്രസിൽ മാണിയെ പിന്തുണക്കാൻ ആരും ഇല്ലെന്ന സ്ഥിതിയാണ്. ഉമ്മൻചാണ്ടിയാകട്ടെ മാണി രാജിവെക്കേണ്ടെന്ന നിലപാടിലാണ്. എന്തു വന്നാലും രാജിവെക്കില്ലെന്നും സമ്മർദ്ദം ചെലുത്തി രാജിവെപ്പിച്ചാൽ മന്ത്രിസഭക്ക് പിന്തുണ പിൻവലിക്കുമെന്നുമുള്ള മാണിയുടെ ഭീഷണിക്ക് പിന്നിലും ഉമ്മൻചാണ്ടി തന്നെ. കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെയും ഇതുവഴി സമ്മർദ്ദത്തിലാക്കുകയാണ് അദ്ദേഹം. മാണി രാജിവെച്ചാൽ അടുത്ത ഉന്നം താൻ ആണെന്ന് ഉമ്മൻചാണ്ടിക്ക് അറിയാം. തദ്ദേശ ഫലം വന്നതോടെ കോണ്‍ഗ്രസിൽ നേതൃത്വ മാറ്റം വിഷയമായി കഴിഞ്ഞു. രമേശ് ചെന്നിത്തല അടക്കം മുതിർന്ന നേതാക്കൾ അത് പരോക്ഷമായി ഉന്നയിച്ചു കഴിഞ്ഞു. അതിനെ പ്രതിരോധിക്കാൻ എം.എം ഹസനെ ഉമ്മൻചാണ്ടി ഇറക്കുകയും ചെയ്തു. നേതൃമാറ്റം വേണ്ടെന്ന ഹസന്‍റെ നിലപാട് പക്ഷേ വേണ്ട വിധത്തിൽ ചർച്ച ചെയ്യപ്പെട്ടില്ല. ഒരു കൂലിതല്ലുകാരന്‍റെ വെളിപാടായാണ് അതിനെ കോണ്‍ഗ്രസ് നേതാക്കൾ കണ്ടത്.
ഘടകകക്ഷികളിൽ ഭൂരിഭാഗവും മാണി രാജിവെച്ച് യു.ഡി.എഫിനെ രക്ഷിക്കണമെന്ന ആഗ്രഹക്കാരാണ്. നിർബന്ധിച്ച് രാജിവെപ്പിക്കാതെ മാണി സ്വമേധയ ഒഴിയണമെന്ന അഭിപ്രായമാണ് അവർക്ക്. കേരളാ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിൽ ഭൂരിഭാഗവും മാണിയുടെ കൂടെയാണ്. ജോസഫിന്‍റെ ആളുകൾക്ക് സ്വന്തം നിലയിൽ തീരുമാനം എടുക്കാൻ കഴിയില്ല. മകൻ ജോസ് കെ. മാണിയെ മന്ത്രിയാക്കാൻ സമ്മതിച്ചാൽ ഒരു പക്ഷെ മാണി രാജിക്ക് തയാറായേക്കും. എന്നാൽ, പാർട്ടിയിൽ പ്രബല വിഭാഗം അതിനു എതിരാണ്. ജോസ് കെ. മാണിയെ കൊണ്ടുവരാൻ ശ്രമിച്ചാൽ പാർട്ടി പിളരാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.