ശബരിമല റോഡുകള്‍ക്ക് സമഗ്രപദ്ധതിയുമായി പൊതുമരാമത്ത്

കൊച്ചി: ശബരിമലയിലേക്കുള്ള മുഴുവന്‍ റോഡുകളും സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായും ഹൈടെക് ആക്കുന്നതിന് സമഗ്ര പദ്ധതി. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഇതിനുള്ള നിര്‍ദേശം  ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ശബരിമലയിലേക്കുള്ള 17 റോഡുകളില്‍ ഇപ്പോള്‍ ഗാരന്‍റിയോടെ ഹെവി മെയിന്‍റനന്‍സ് പൂര്‍ത്തിയായിട്ടുണ്ട്. മറ്റു റോഡുകളിലും ഈ പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യം. പദ്ധതി പൂര്‍ത്തിയാകുന്നതുവരെ റോഡുകള്‍ അറ്റകുറ്റ പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കും.
കോടികള്‍ ചെലവിട്ട് വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണി നടത്തുന്നതിനു പകരം വര്‍ഷങ്ങളോളം ഈട് നില്‍ക്കുന്ന റോഡുകള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം ശബരിമല റോഡുകളും അനുബന്ധ റോഡുകളും 100 ശതമാനം കുഴി മുക്തമായതായി പൊതുമരാമത്ത് അറിയിച്ചു. ശബരിമല റോഡുകളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണിയും 90 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലൂടെ ശബരിമലയിലേയ്ക്കുള്ള 1600 കിലോമീറ്റര്‍ റോഡുകളുടെ പ്രവൃത്തികള്‍ തീര്‍ഥാടനകാലം ആരംഭിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
പൊതുമരാമത്തിന് കീഴിലുള്ള റോഡ്സ്, ദേശീയപാത, കെ.എസ്.ടി.പി എന്നീ വിഭാഗങ്ങളിലായി 682 പ്രവൃത്തികളാണ് ആറ് ജില്ലകളിലായി പൂര്‍ത്തയാകുന്നത്. ഇതിനുപുറമെ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മൂന്നു വര്‍ഷ ഗാരന്‍റിയോടെ 76 കോടി രൂപ ചെലവില്‍ ഹെവി മെയിന്‍റനന്‍സ് നടത്തുന്ന 115 കിലോമീറ്റര്‍ റോഡുകള്‍ പൂര്‍ണമായും ഗതാഗതയോഗ്യമായി. മണ്ണാറക്കുളഞ്ഞി-പമ്പാ റോഡിലും മുണ്ടക്കയം-എരുമേലി റോഡിലും ക്രാഷ് ബാരിയര്‍ ഉള്‍പ്പെടെ സ്ഥാപിക്കുന്ന സുരക്ഷാജോലികളും പൂര്‍ത്തിയായി.
ദേശീയപാതയില്‍ കൊല്ലം-തേനി റൂട്ടിലും പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെയും ട്രാഫിക് സുരക്ഷ ഉള്‍പ്പെടെ ഓട നിര്‍മാണം, കലുങ്ക് വീതികൂട്ടല്‍, ഇന്‍റര്‍ലോക്കിങ് ടൈല്‍ പാകല്‍, ക്രാഷ് ബാരിയര്‍ സ്ഥാപിക്കല്‍ എന്നിവയുടെ ജോലികള്‍ പൂര്‍ത്തിയായി. കെ.എസ്.ടി.പി റോഡുകളില്‍ കഴക്കൂട്ടം- തൈക്കോട് റോഡും വെഞ്ഞാറമൂട്-ചെങ്ങന്നൂര്‍ റോഡും അറ്റകുറ്റപ്പണി പൂര്‍ത്തിയായി. ചെങ്ങന്നൂര്‍ മുതല്‍ ചങ്ങനാശ്ശേരിവരെ ഇപ്പോള്‍ ഗതാഗതയോഗ്യമാണ്. കോട്ടയം മുതല്‍ മൂവാറ്റുപുഴ വരെയും പൊന്‍കുന്നം മുതല്‍ തൊടുപുഴ വരെയും ഗതാഗതയോഗ്യമാക്കുന്നതിനുള്ള പ്രവൃത്തികള്‍ 90 ശതമാനവും പൂര്‍ത്തിയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.