എസ്.സി- എസ്.ടി കോർപറേഷൻ: അദാലത്തുകളിൽ ആനുകൂല്യങ്ങൾ അനുവദിച്ചത് പരിശോധന നടത്തണമെന്ന് റിപ്പോർട്ട്

കോഴിക്കോട് : സംസ്ഥാന പട്ടികജാതി -പട്ടികവർഗ വികസന കോർപ്പറേഷൻ 2019 നവംബർ 15 മുതൽ 2020 മാർച്ച് 31 വരെ അനുവദിച്ച വായ്പകളുമായി ബന്ധപ്പെട്ട് നടത്തിയ അദാലത്തുകളിൽ ആനുകൂല്യങ്ങൾ അനുവദിച്ചത് സംബന്ധിച്ച് എല്ലാ ജില്ലാ ഓഫീസുകളിലും ആഭ്യന്തര പരിശോധന നടത്തണമെന്ന് ധനകാര്യ റിപ്പോർട്ട്.

എസ്.സി- എസ്.ടി കോർപറേഷൻ സംഘടിപ്പിക്കുന്ന റവന്യൂ റിക്കവറി അദാലത്തുകൾ നടത്തുന്നത് കോർപറേഷൻറെ ജില്ലാ ഓഫീസുകൾ വഴിയാണ്. 2019 നവംബർ 15 മുതൽ 2020 മാർച്ച് 31 വരെയാണ് അദാലത്തിൽ ആനുകൂല്യം നൽകിയിരുന്നു. ഇതിൽ ക്രമക്കേട് നടന്നുവെന്നാണ് പരാതി ഉയർന്നത്. ഇക്കാര്യം ധനകാര്യ വിഭാഗം പരിശോധിച്ചതിന് ശേഷമാണ് ആഭ്യന്തര അന്വേഷണത്തിന് ശിപാർശ നൽകിയത്.

കോർപറേഷനിൽ നിന്നും വായ്പയെടുത്തു കുടിശ്ശികയായി റവന്യൂ റിക്കവറി നടപടി നേരിടുന്ന ഗുണഭോക്താക്കൾക്ക് കുടിശ്ശിക തുക ഒറ്റ തവണയായി അടച്ചു തീർക്കുമ്പോൾ നാല് ശതമാനം റവന്യൂ റിക്കവറി ചാർജ് ഇനത്തിൽ ഇളവ് നൽകുന്നുണ്ട്. ഇതിനുപുറമേ രണ്ട് ശതമാനം പിഴപ്പലിശ ഇളവ് കോർപ്പറേഷനും നൽകുന്നു. അദാലത്തുകൾ നടത്തുന്നതും, അർഹരെ കണ്ടെത്തി ആനുകൂല്യം അനുവദിക്കുന്നതും ജില്ലാ ഓഫീസുകളായിരുന്നു. അതിനാൽ പരാതിയിൽ പറഞ്ഞതുപ്രകാരം അനർഹർക്ക് ആനുകൂല്യം നൽകിയത് സംബന്ധിച്ച് ഓരോ ജില്ലാ ഓഫീസുകളിൽ പട്ടികജാതി വകുപ്പിൻറെ ആഭ്യന്തര പരിശോധന വിഭാഗം അന്വേഷമം നടത്താൻ ഭരണവകുപ്പ് നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ ശിപാർശ തചെയ്തത്.

കോർപ്പറേഷനിൽ നിന്നും സാധാരണയായി വായ്പ അനുവദിക്കുന്നത് ജില്ലാ ഓഫീസുകളിൽ നിന്നാണ്. വാഹന വായ്പ ഒഴികെ അഞ്ച് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ള സ്വയംതൊഴിൽ വായ്പകൾ, വിദേശ വിദ്യാഭ്യാസ വായ്പകൾ എന്നിവ മുഖ്യ കാര്യാലയത്തിൻറെ അനുമതിയോടെയാണ് വിതരണം ചെയ്യുന്നത്. 10 ലക്ഷം രൂപക്ക് മുകളിലുള്ള സ്വയംതൊഴിൽ വായ്പുകൾ ഭരണസമിതിയുടെ അനുമതിയോടെ മുഖ്യ കാര്യാലയത്തിൽ നിന്ന് അനുവദിക്കുകയും, ജില്ലാ കാര്യാലയങ്ങൾ വഴി വിതരണം ചെയ്യുകയുമാണ് രീതി.

അഞ്ച് ലക്ഷം രൂപക്ക് മുകളിലുള്ള വായ്പകൾ മുഖ്യ കാര്യാലയത്തിൽ നിന്നാണ് അനുവദിക്കുന്നതെങ്കിലും എല്ലാ വായ്പകളും ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത് ബന്ധപ്പെട്ട ജില്ലാ കാര്യാലയങ്ങളിൽ നിന്നാണ്. 10 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പെട്രോളിയം ഡീലർമാർക്കുള്ള പ്രവർത്തന മൂലധന വായ്പ പദ്ധതിയിൽ മുഖ്യ കാര്യാലയമാണ് വായ്പ അനുവദിക്കുന്നത്. എങ്കിലും, തുടർച്ചയായി ജില്ലാ കാര്യാലയങ്ങൾ ഗുണഭോക്താക്കളിൽ വായ്പ കരാറുകളിൽ ഒപ്പുവെക്കുകയും പിന്നീട് വായ്പാതുക മുഖ്യ കാര്യാലയത്തിൽ നിന്നും പെട്രോളിയം കമ്പനിക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. ഇതിൽ വായ്പ അനുവദിക്കുന്നതിലും, ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലും ജില്ലാ കാര്യാലയങ്ങളാണ് മുഖ്യപങ്ക് വഹിക്കുന്നത്. അതിനാൽ വായ്പ അനുവദിച്ചത് സംബന്ധിച്ച ക്രമക്കേടുകൾ കണ്ടെത്തുന്നതിന് ജില്ലകേന്ദ്രങ്ങളിൽ പരിശോധന നടത്തണം.

ഈ കാലയളവിൽ അനുവദിച്ച വായ്പകളെ സംബന്ധിച്ച് ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളുടെ നിജസ്ഥിതി മനസിലാക്കാൻ പരിശോധന നടത്താൻ ഭരണവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. 

Tags:    
News Summary - SC-ST Corporation: Report to check the granting of benefits in Adalats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.