കൊച്ചി: വഴിനടക്കുമ്പോഴും വാഹനത്തിൽ സഞ്ചരിക്കുമ്പോഴും ഭീതിയിലാണ് ജനം. കൂട്ടമായെത്തുന്ന തെരുവ് നായ്ക്കളുടെ ആക്രമണം ഏത് നിമിഷവുമുണ്ടാകാം. ചെറിയ കുട്ടികൾ മുതൽ വയോധികർ വരെ തെരുവുനായ് ആക്രമണത്തിന് ഇരയാകുന്ന സംഭവങ്ങൾ പതിവായിരിക്കുകയാണ്. പിന്നാലെ ഓടിയെത്തുന്നതും കുറുകെ ചാടുന്നതും കാരണം ഇരുചക്രവാഹന യാത്രികർ അപകടത്തിൽപെടുന്നു.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, ഗ്രാമ-നഗരഭേദമില്ലാതെ, വഴിയോരങ്ങൾ മുതൽ റെയിൽവേ സ്റ്റേഷനുകൾക്കുള്ളിൽവരെ തെരുവുനായ്ക്കൾ വിഹരിക്കുന്നു. മാസത്തിൽ 500ലധികം ആളുകൾക്കാണ് ജില്ലയിൽ കടിയേൽക്കുന്നത്. വഴിയോരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും കുന്നുകൂടുന്ന മാലിന്യം തെരുവുനായ്ക്കളുടെ സ്വൈരവിഹാരത്തിന് അനുകൂല സാഹചര്യമൊരുക്കുന്നു.
ഏതാനും ആഴ്ചകൾക്കിടെ ജില്ലയിൽ നിരവധിപേർ തെരുവുനായ് ആക്രമണത്തിനിരയായി. തൃക്കാക്കര നഗരസഭയുടെ മാലിന്യസംഭരണിക്ക് സമീപം റോഡിൽ തെരുവുനായ് കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട കാർ തെരുവുവിളക്ക് തൂണിൽ ഇടിച്ചുകയറിയിരുന്നു.
കളമശ്ശേരി നജാത്ത്നഗർ പരിസരത്ത് തെരുവുനായുടെ ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്കടക്കം മൂന്നുപേർക്ക് കടിയേറ്റു. കടുങ്ങല്ലൂർ പ്രദേശത്ത് രണ്ടുപേർക്ക് കടിയേറ്റിരുന്നു. ഒരു വിദ്യാർഥിയെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ബാഗിൽ കടിയേറ്റതിനാൽ രക്ഷപ്പെട്ടു. നീറിക്കോട് ഭാഗത്ത് മൂന്നുപേരെയും ഒരു പശുവിനെയും കടിച്ചു. ആലങ്ങാട്ട് പശുവിനെ കടിച്ച സംഭവവുമുണ്ടായി.
നെടുമ്പാശ്ശേരി പഞ്ചായത്തിലെ മേയ്ക്കാട് കവലയിൽ താമസിക്കുന്ന കുന്നുകര ജെ.ബി സ്കൂൾ അധ്യാപികക്കും കടിയേറ്റിരുന്നു. മണിക്കൂറുകൾക്കകം വഴിയാത്രക്കാരനായ മറ്റൊരു വയോധികനെയും നായ്ക്കൂട്ടം അക്രമിച്ചു. അത്താണി കവലയിൽ ബസ് കാത്തുനിന്ന യുവതിക്കും തെരുവ് നായ്ക്കളുടെ കടിയേറ്റു. പനങ്ങാട് കെ.എസ്.ഇ.ബി മീറ്റർ റീഡിങ്ങിന് എത്തിയയാളെ തെരുവുനായ്ക്കൾ ആക്രമിച്ചിരുന്നു. ഇങ്ങനെ നൂറുകണക്കിന് ആളുകളാണ് നായുടെ കടിയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന എറണാകുളം ജങ്ഷൻ, ടൗൺ റെയിൽവേ സ്റ്റേഷനുകളിൽ അതിദയനീയമാണ് സ്ഥിതി. വൻ കൂട്ടമായാണ് നായ്ക്കൾ പ്ലാറ്റ്ഫോമിലൂടെ അലയുന്നത്. കുരച്ചുകൊണ്ട് പാഞ്ഞടുക്കുന്ന ഇവ യാത്രക്കാർക്കും ജീവനക്കാർക്കും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ കുരച്ചുകൊണ്ട് കൂട്ടമായെത്തുന്ന നായ്ക്കളെ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പ്ലാറ്റ്ഫോമുകളിൽ ആളുകളുടെ തിക്കിനും തിരക്കിനും ഇടയിലേക്ക് തെരുവുനായ്ക്കൾ ഓടിയെത്തുകയാണ്.
തിരക്കേറിയ സമയങ്ങളിൽ ആളുകൾ നായ്ക്കളെ അറിയാതെ ചവിട്ടുന്നതും അവ അക്രമകാരികളായി കുതിച്ചുചാടുന്നതുമായ സംഭവങ്ങളും നിരവധി. ഇതോടെ നായ്ക്കൾ പാഞ്ഞടുക്കുകയും ആക്രമിക്കുകയും ചെയ്യും. നിരവധിതവണ പലർക്കും കടിയേറ്റിട്ടുണ്ട്. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും സ്ഥിതി സമാനമാണ്. പദ്ധതി പ്രഖ്യാപിച്ചിട്ടും വികസനം എവിടെയുമെത്താത്ത കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ഉൾവശം തെരുവുനായ്ക്കൾ കൈയടക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.