സ്വർണം കടത്തിയവരിൽ മതപണ്ഡിതനും; ലീഗ് നിഷേധിച്ചാൽ പേര് വെളിപ്പെടുത്തും; വെല്ലുവിളിച്ച് കെ.ടി. ജലീൽ

മലപ്പുറം: മുസ്ലിം ലീഗിന് മറുപടിയുമായി കെ.ടി. ജലീൽ എം.എൽ.എ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തന്‍റെ പരാമർശം മോശമായി ചിത്രീകരിച്ചെന്നും മുസ്ലിം സമൂഹത്തിന്‍െ നന്മക്കുവേണ്ടിയാണ് താൻ പറഞ്ഞതെന്നും ജലീൽ വ്യക്തമാക്കി.

ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളാക്കുന്നതാണ് ജലീലിന്‍റെ പ്രസ്താവനയെന്നും ഇത് അപകടകരമാണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചിരുന്നു. സ്വർണക്കടത്ത് കേസുകളിൽ പിടിക്കപ്പെടുന്നവരിൽ കൂടുതലും മുസ്‍ലിം സമുദായത്തിൽ നിന്നുള്ളവരാണെന്ന ജലീലിന്‍റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സലാം.

താൻ സദുദ്ദേശ്യത്തോടെയുള്ള ഒരു പരാമർശമാണ് നടത്തിയത്. എന്നാൽ, തന്‍റെ വാക്കുകൾ വളച്ചൊടിച്ചു. സൈബർ ഇടത്തിൽ പരാമർശം തെറ്റായി പ്രചരിച്ചു. സ്വർണം കടത്തിയവരിൽ മത പണ്ഡിതനുമുണ്ട്. ഹജ്ജ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് സ്വർണം കടത്തിയത്. ലീഗ് വേദികളിൽ അദ്ദേഹം സംസാരിക്കാനെത്തി. ലീഗിന് ഇത് ഇപ്പോഴും തെറ്റാണെന്നറിയില്ല. ലീഗ് നിഷേധിച്ചാൽ പണ്ഡിതന്‍റെ പേര് വെളിപ്പെടുത്തും. തിരുത്തൽ വേണ്ടത് സമുദായത്തിൽനിന്ന് തന്നെയാണെന്നും ജലീൽ കൂട്ടിച്ചേർത്തു. നേരത്തെ, സ്വർണക്കടത്തിൽ പങ്കാളികളാകുന്ന ഭൂരിഭാഗം മുസ്‍ലിംകളും ഇത് മതവിരുദ്ധമല്ലെന്നാണ് വിശ്വസിക്കുന്നതെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിപ്പിൽ പറഞ്ഞിരുന്നു.

കരിപ്പൂരിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ജലീലിന്റെ പ്രസ്താവന നികൃഷ്ടമാണെന്നാണ് സലാം മറുപടി നൽകിയത്. മുസ്‍ലിം സമൂഹമാണ് കള്ളക്കടത്ത് നടത്തുന്നതെന്നാണ് ജലീൽ പറയുന്നത്. ബി.ജെ.പി നേതാക്കൾ പോലും അങ്ങനെ പറയില്ല. കരിപ്പൂർ വിമാനത്താവളത്തിൽ മാത്രമല്ല, കണ്ണൂരിലും തിരുവനന്തപുരത്തും കൊച്ചിയിലും കള്ളക്കടത്ത് നടക്കുന്നുണ്ട്. സ്വന്തം രാഷ്ട്രീയ നിലനിൽപിനും സ്ഥാനമാനങ്ങളും പദവികളും നേടിയെടുക്കാൻ ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളാക്കുന്ന നിലപാട് അപകടകരമാണ്. ജലീലിന്റെ പ്രസ്താവനക്ക് പിന്നിൽ സ്വാർഥ താൽപര്യവും സി.പി.എമ്മിനെ തൃപ്തിപ്പെടുത്തലുമാണെന്നും സലാം ആരോപിച്ചു.

കെ.ടി ജലീലിന്റെ നിലപാട് പാർട്ടി നിലപാടാണോ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കണമെന്നും മുസ്‍ലിം ലീഗ് നേതാവ് കൂട്ടിച്ചേർത്തു.

സ്വർണക്കടത്ത് കേസുകളിൽ പിടിക്കപ്പെടുന്നവരിൽ കൂടുതലും മുസ്‍ലിം സമുദായത്തിൽ നിന്നുള്ളവരാണെന്ന് ആവർത്തിച്ച് കെ.ടി. ജലീൽ ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. സ്വർണക്കടത്ത് മതവിരുദ്ധമാണെന്ന് പറയാൻ ഖാളിമാർ തയാറാവണം. ഈ പ്രശ്നത്തെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‍കരണവും പുരോഗതിയുമാണ് മുസ്‍ലിം സമുദായത്തിൽ നടത്താൻ മലപ്പുറം പ്രേമികൾ ഉദ്ദേശിക്കുന്നതെന്നും ജലീൽ ചോദിച്ചിരുന്നു.

Tags:    
News Summary - Religious scholars were among those who smuggled gold - KT Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.