‘ഞാന്‍ പോയാല്‍ അത് മാണിയേയും കൊണ്ടേ പോകൂ’ –ജോര്‍ജിന്‍െറ പ്രഖ്യാപനം യാഥാര്‍ഥ്യമായി

കോട്ടയം: ‘ഞാന്‍ പോയാല്‍ അത് മാണിയേയും കൊണ്ടേ പോകൂ’ എന്ന കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ കൂടിയായിരുന്ന പി.സി. ജോര്‍ജിന്‍െറ പ്രഖ്യാപനം യാഥാര്‍ഥ്യമായി. അയോഗ്യത കേസില്‍ ഈമാസം 13ന് വിധിവരാനിരിക്കെ അതിന് മുമ്പുതന്നെ മാണിയുടെ രാജി കാണാനായതിന്‍െറ സന്തോഷത്തിലാണ് ജോര്‍ജ്. തനിക്ക് മുമ്പ് തന്‍െറ മുഖ്യശത്രുവായ മാണിയുടെ പതനമായിരുന്നു ജോര്‍ജ് ആഗ്രഹിച്ചിരുന്നത്. അതും അപ്രതീക്ഷിതമായി സംഭവിച്ചു.
തനിക്കെതിരെ അയോഗ്യത സംബന്ധിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍കിയതുമുതല്‍ ഒളിഞ്ഞും തെളിഞ്ഞും മാണിയെ പുറത്താക്കാനുള്ള നീക്കങ്ങളിലായിരുന്നു ജോര്‍ജ്. ഒരുവര്‍ഷത്തിലേറെയായി കേരള രാഷ്ട്രീയത്തില്‍ കത്തിനിന്ന ബാര്‍കോഴ വിവാദം രൂക്ഷമാക്കിയതും ജോര്‍ജിന്‍െറ തന്ത്രപരമായ ഇടപെടലുകളായിരുന്നു. മാണിക്കൊപ്പം നിന്നപ്പോള്‍ മാണിയെ സഹായിക്കുകയും പുറത്തായപ്പോള്‍ ബാര്‍കോഴ പ്രധാന ചര്‍ച്ചാവിഷയമാക്കി കേസ് കോടതിയില്‍ എത്തിക്കുന്നതിനും ജോര്‍ജിന്‍െറ പങ്ക് നിര്‍ണായകമായിരുന്നു.
ബാര്‍ ഉടമകളുമായി ജോര്‍ജ് നടത്തിയ നീക്കങ്ങളും മാണിക്ക് തിരിച്ചടിയായി. ഫലത്തില്‍ മാണിയുടെ പതനം ജോര്‍ജിന്‍െറ വിജയവുമായി. ‘നീതിമാന്മാരോട് മാത്രമേ ദൈവം നീതി കാണിക്കൂ. വക്രതയുള്ളവരോട് ദൈവം വക്രത കാണിക്കും’-ബൈബ്ളിലെ സങ്കീര്‍ത്തനം 18ാം അധ്യായം ഉദ്ധരിച്ചായിരുന്നു ജോര്‍ജ് ചൊവ്വാഴ്ച കോട്ടയം പ്രസ്ക്ളബില്‍ വാര്‍ത്താസമ്മേളനം തുടങ്ങിയത് തന്നെ. ‘നീ നിന്‍െറ കര്‍മം ചെയ്യുക. കര്‍മഫലം ഞാന്‍ ചെയ്യു’മെന്ന ഭഗവത്ഗീതയിലെ വാചകവും മാണിക്കായി ജോര്‍ജ് ഉദ്ധരിച്ചു. അഴിമതിക്കെതിരെ പോരാടുകയാണ് എന്‍െറ കര്‍മം. കര്‍മഫലം ഇപ്പോള്‍ മാണി അനുഭവിക്കുകയാണെന്നും ജോര്‍ജ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.