ബാര്‍കോഴ കേസ് ശരിയായി അന്വേഷിച്ചാല്‍ ഉമ്മന്‍ചാണ്ടിയും കുടുങ്ങും -വി.എസ്

തിരുവനന്തപുരം: ബാര്‍കോഴ കേസ് ശരിയായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ 'ഇന്ത്യന്‍ എക്‌സ്പ്രസ്' ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത് ബാര്‍കോഴ കേസില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദം ചെലുത്തിയതെന്നും വി.എസ് ആരോപിച്ചു.

മാണിക്കൊപ്പം കൈക്കൂലി വാങ്ങിയയാളാണ് മന്ത്രി കെ.ബാബു. ബാബുവിന് 50 ലക്ഷം രൂപ നല്‍കി എന്ന പരാതിയില്‍ 164 വകുപ്പു പ്രകാരം പ്രസ്താവന നല്‍കിയിട്ടും ക്വിക് വെരിഫിക്കേഷന്‍ നടത്താതെ പ്രാഥമിക അന്വേഷണം നടത്താന്‍ വിന്‍സണ്‍ എം പോള്‍ ഉത്തരവിടുകയായിരുന്നു. അന്വേഷണം നടത്തിയ പൊലിസ് ഉദ്യോഗസ്ഥനാകട്ടേ അഴിമതിക്ക് പേരു കേട്ടയാളും. ഇതെല്ലാം മുഖ്യമന്ത്രിയുടെ ഇടപെടലിനാലാണ് നടന്നത്. അഴിമതിക്കേസുകളെ കീഴുദ്യോഗസ്ഥന്മാരെക്കൊണ്ട് അന്വേഷിപ്പിച്ചില്ലാതാക്കുന്ന 'മായാവി'യാണ് മുഖ്യമന്ത്രി. കേസ് അന്വേഷണം നടത്തി സത്യം ബോധ്യപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണ്. ബാബുവിനെതിരായ കേസില്‍ എഫ്.ഐ.ആര്‍ തയാറാക്കാന്‍ താന്‍ വിജിലന്‍സിന് കത്ത് നല്‍കിയിട്ടുണ്ട്.ശരിയായ അന്വേഷണം നടന്നില്ലെങ്കില്‍ കോടതിയെ സമീപിക്കും. മാണി പ്രകോപിതനായാല്‍ ശിക്ഷിക്കപ്പെടുക മുഖ്യനാണ്. അതിനാലാണ് മാണിയെ ഉമ്മന്‍ചാണ്ടി താലോലിക്കുന്നതെന്നും വി.എസ് പറഞ്ഞു.

വെള്ളാപ്പള്ളിക്കെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട വ്യക്തമായ രേഖകള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. ഇത് വൈകാതെ കോടതിക്ക് കൈമാറുമെന്നും വി.എസ് അറിയിച്ചു.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.