എല്‍.ഡി.എഫിന് 3,27,217 വോട്ടിന്‍െറ വര്‍ധന –കോടിയേരി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെക്കാള്‍ എല്‍.ഡി.എഫിന് രണ്ട് ശതമാനം വോട്ട് വര്‍ധിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 3,27,217 വോട്ടിന്‍െറ വര്‍ധനയാണ് ഉണ്ടായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്‍.ഡി.എഫിന് 41.98 ശതമാനം വോട്ടാണ് ലഭിച്ചത്. യു.ഡി.എഫിന് 40.26 ശതമാനവും. ഇത് 2005ല്‍ യു.ഡി.എഫിന് ലഭിച്ചതിന് തുല്യമാണ്.
പരാജയം സമ്മതിക്കുന്നതിനു പകരം ജാള്യം മറയ്ക്കാനാണ് മുഖ്യമന്ത്രി എല്‍.ഡി.എഫിന് 23000 വോട്ടിന്‍െറ വര്‍ധനയേയുള്ളൂവെന്ന കള്ളക്കണക്ക് പ്രചരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷന്‍ കക്ഷികള്‍ക്ക് കിട്ടിയ വോട്ട് മാത്രമാണ് നല്‍കുന്നത്. സ്വതന്ത്രരുടെയും പിന്തുണ നല്‍കിയവരുടെയും വിജയം ഒപ്പം കൂട്ടാറില്ല. എല്‍.ഡി.എഫിന് 8273715 വോട്ട് ലഭിച്ചപ്പോള്‍ യു.ഡി.എഫിന് 7946721 വോട്ടാണ് കിട്ടിയത്. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും ആധിപത്യം എല്‍.ഡി.എഫിനാണ്. 2010ലെ 360 പഞ്ചായത്തിന്‍െറ സ്ഥാനത്ത് 549 എണ്ണത്തില്‍ ഇത്തവണ ഭൂരിപക്ഷം ലഭിച്ചു.
 യു.ഡി.എഫിന് 2010 ല്‍ 601 പഞ്ചായത്തില്‍ ഭൂരിപക്ഷം ലഭിച്ചത് 365 ആയി കുറഞ്ഞു. ബ്ളോക് പഞ്ചായത്തുകളില്‍ 2010 ല്‍ 59 ഇടത്ത് ഭരണം നേടിയ സ്ഥാനത്ത് നിലവില്‍ 90 എണ്ണത്തില്‍ ഭരണം നേടി. യു.ഡി.എഫാകട്ടെ 91ല്‍നിന്ന് 61 ലേക്ക് ചുരുങ്ങി.  മുനിസിപ്പാലിറ്റികളില്‍ എല്‍.ഡി.എഫിന് 2010 ല്‍ 17 എണ്ണത്തില്‍ മാത്രമാണ് ഭരണം ലഭിച്ചത്.  അത് 44 ആയി. പുതുതായി 28 മുനിസിപ്പാലിറ്റികള്‍ രൂപവത്കരിച്ചിട്ടും യു.ഡി.എഫിന് 2010 ല്‍ 41 മുനിസിപ്പാലിറ്റികളില്‍ ഭരണം ഉണ്ടായിരുന്നത് വര്‍ധിച്ചില്ല. അരുവിക്കരയില്‍പോലും യു.ഡി.എഫിന് ഭൂരിപക്ഷം നേടാനായില്ല. ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 46320 വോട്ടാണ് ലഭിച്ചതെങ്കില്‍ തദ്ദേശത്തില്‍ ല്‍ 54323 വോട്ട് ലഭിച്ചു.
 ഉപതെരഞ്ഞെടുപ്പ് ഫലത്തെ അപേക്ഷിച്ച് യു.ഡി.എഫിന്‍െറ വോട്ട് നില 56448 ല്‍ നിന്ന് 47447 ആയും ബി.ജെ.പിയുടേത് 34145 ല്‍നിന്ന് 25517 ആയും കുറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനില്‍ സി.പി.എമ്മിന്‍െറ പ്രധാന നേതാക്കള്‍ പരാജയപ്പെട്ടത്  ജില്ലാ കമ്മിറ്റി വിലയിരുത്തും. അവിടെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 62 ഡിവിഷനില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നു. പത്തെണ്ണത്തിലേ എല്‍.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചുള്ളൂ.
 ബി.ജെ.പിക്ക് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനെക്കാള്‍ നാല് ശതമാനം വോട്ട് കൂടി. ഇത് ഗൗരവമായി കാണണം. കേരളത്തിലെ ശക്തമായ മതനിരപേക്ഷ നിലപാടില്‍ പോറല്‍ ഏല്‍പ്പിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. അത് എല്‍.ഡി.എഫിന്‍െറ പോരാട്ടഫലമാണ്.
 എസ്.എന്‍.ഡി.പി ഉള്‍പ്പെടെ 100 ല്‍പരം സാമുദായിക സംഘടനകളുമായാണ് ബി.ജെ.പി ധാരണ ഉണ്ടാക്കിയത്. അത്തരം സമുദായങ്ങള്‍ക്ക് ഇടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ആര്‍.എസ്.എസിന് കഴിഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച സി.പി.എം കൗണ്‍സിലര്‍മാര്‍ക്ക് പെരുമാറ്റച്ചട്ടം നടപ്പാക്കും. ഗ്രാമസഭകള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കും. മാലിന്യമുക്ത പദ്ധതി, ജൈവകൃഷി, സാന്ത്വന ചികിത്സ എന്നിവ എല്‍.ഡി.എഫിന് ഭരണം ലഭിച്ച സ്ഥാപനങ്ങളില്‍ നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.