തിരുവനന്തപുരം: ബാർ കോഴക്കേസിൽ നിർണായക വെളിപ്പെടുത്തലുകളാണ് ബിജു രമേശ് രഹസ്യമൊഴിയിലൂടെ നടത്തിയത്. 2015 മാർച്ച് 30ന് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കെ. വിഷ്ണുവിന് നൽകിയ 30 പേജുള്ള മൊഴിയിൽ പറയുന്ന മുഖ്യപരാമർശങ്ങൾ ഇവയാണ്.
മാണിക്കെതിരായ പരാമർശങ്ങൾ ഇങ്ങനെ:
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാണ് അസോസിയേഷൻ നേതാക്കൾ മാണിയെ 2014 മാർച്ച് 22ന് പാലായിലെ വീട്ടിൽപോയികണ്ടത്. അവിടെവെച്ച് 15 ലക്ഷം കൊടുത്തു. ബാറുകൾ തുറക്കാൻ അഞ്ചുകോടി മാണി ആവശ്യപ്പെട്ടതായി അസോസിയേഷൻ പ്രസിഡൻറ് രാജ്കുമാർ ഉണ്ണി പറഞ്ഞു. മാർച്ച് 26ന് ചേർന്ന കാബിനറ്റിൽ 418 ബാറുകളുടെ ഫയൽ പഠിക്കണമെന്ന് മാണി വാദിച്ചത് അഞ്ചുകോടി നൽകാമെന്ന് പറഞ്ഞതിനാലാണ്. തുടർന്ന് നേരിട്ടുകണ്ട് മാണിക്ക് 50 ലക്ഷം നൽകിയതായി രാജ്കുമാർ പറഞ്ഞു. 50 ലക്ഷം വാങ്ങിയശേഷം മാണി ബാക്കി പണം ആവശ്യപ്പെട്ടു.
ബാറുടമ അനിമോെൻറ നേതൃത്വത്തിൽ വിവിധ ജില്ലകളിൽനിന്ന് പിരിവ് നടത്തി. കൃഷ്ണദാസ്, രാജ്കുമാർ, എം.ഡി. ധനേഷ് എന്നിവർ ചേർന്ന് പിരിച്ചെടുത്ത 35 ലക്ഷം മാണിയുടെ വിശ്വസ്തൻ കുഞ്ഞാപ്പയുടെ സാന്നിധ്യത്തിൽ മാണിക്ക് കൈമാറി. ഡ്രൈവർ അമ്പിളിയോടൊപ്പമാണ് മാണിക്ക് പണം നൽകാൻ പോയത്. ബാക്കി പണം നൽകാൻ സാവകാശം ആവശ്യപ്പെട്ടു. ഏപ്രിൽ ഒന്നിന് സംഘടനാനേതാക്കൾ തിരുവനന്തപുരത്ത് യോഗം ചേർന്നു. പിന്നെയും പണപ്പിരിവു നടത്തി. അവർ തങ്ങിയത് തെൻറ ഹോട്ടലിലാണ്. പിറ്റേന്ന് മന്ത്രി ബാബു വിളിച്ച് മാണിക്ക് ഇനി പണം നൽകരുതെന്നും അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ബാബു വിളിച്ചത്.
ബാബുവിനെതിരെ പറയുന്നത്:
ഈ സർക്കാർ അധികാരത്തിൽവന്നശേഷം ബാബു ബാറുടമകളിൽനിന്ന് പലഘട്ടങ്ങളിലായി കോടികൾ പല സ്ഥലങ്ങളിൽ വെച്ചുവാങ്ങി. പുതുക്കിയ എക്സൈസ് ലൈസൻസുകൾക്കെല്ലാം 25 ലക്ഷം വീതം വാങ്ങി. ബാർ ലൈസൻസ് 22 ലക്ഷമായിരുന്നത് 30 ലക്ഷമാക്കാതിരിക്കാൻ 10 കോടി ആവശ്യപ്പെട്ടു. ബാറുകളുടെ പ്രവൃത്തിസമയം കുറച്ചതിനാൽ ഫീസ് 25 ലക്ഷമാക്കണമെന്നാണ് ബാറുടമകൾ ആവശ്യപ്പെട്ടത്. എന്നാൽ, ഉദ്യോഗസ്ഥർ കടുംപിടിത്തത്തിലാണെന്ന് മന്ത്രി പറഞ്ഞു. ഒടുവിൽ 23 ലക്ഷത്തിന് ഉറപ്പിച്ചു. ഇതേതുടർന്ന് പലയിടങ്ങളിൽ വെച്ച് 10 കോടി കൈമാറിയെന്നാണ് രാജ്കുമാർ, കൃഷ്ണദാസ്, ധനേഷ് എന്നിവർ പല യോഗങ്ങളിലും പറഞ്ഞത്. എലഗൻറ് ബാറുടമ ബിനോയ് മുഖേനയാണ് ബാബു പണം വാങ്ങിയത്. 15 ലക്ഷംവീതം വാങ്ങിയാണ് ബിയർ–വൈൻ ലൈസൻസ് അനുവദിച്ചത്. മാണിക്ക് അനുകൂലമായി മൊഴി മാറ്റിനൽകാൻ ബാബു ആവശ്യപ്പെട്ടു. മൊഴി മാറ്റിയാൽ ബാർകേസിൽ സർക്കാർ അപ്പീൽ പോകില്ലെന്നായിരുന്നു വാഗ്ദാനം. ഇതിെൻറ അടിസ്ഥാനത്തിലാണ് രാജ്കുമാർ ഉൾപ്പെടെ പണപ്പിരിവിന് മുന്നിട്ടിറങ്ങിയ ബാറുടമകൾ വിജിലൻസിന് മുന്നിൽമൊഴി മാറ്റിപ്പറഞ്ഞത്.
ജോസ് കെ. മാണി എം.പി സ്വാധീനിക്കാനായി ഫോണിൽ ബന്ധപ്പെട്ടു. അസോസിയേഷൻ യോഗത്തിനിടെയാണ് അദ്ദേഹം വിളിച്ചത്. ഇത് റെക്കോഡ് ചെയ്തു. ബാറുകൾ തുറക്കാൻ പണം നൽകിയതുമായി ബന്ധപ്പെട്ട് ബാറുടമകൾ വിവിധ യോഗങ്ങളിൽ സംസാരിക്കുന്നതും ഫോണിൽ റെക്കോഡ് ചെയ്തു. തങ്കച്ചൻ, സാജു ഡൊമനിക് എന്നിവരെ മൊഴിമാറ്റാൻ പി.ജെ. ജോസഫ് ആവശ്യപ്പെടുന്ന സംഭാഷണവും റെക്കോഡ് ചെയ്തിട്ടുണ്ട്. പല ഘട്ടങ്ങളിൽ ഇവയുടെ എഡിറ്റ് ചെയ്ത ഭാഗങ്ങൾ ചാനലുകൾക്ക് നൽകി. വിജിലൻസിന് നൽകിയ മൊഴി മന്ത്രി പി.ജെ. ജോസഫിന് ചോർന്നുകിട്ടിയതായി അറിഞ്ഞു. ഇതോടെയാണ് രേഖകൾ പൂർണമായി കൈമാറാത്തത്. കോടതിയെ വിശ്വാസമായതിനാൽ ഫോൺരേഖകൾ സഹിതം കൈമാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.