മാണിക്കും ബാബുവിനും നല്‍കാന്‍ പണം പിരിച്ചത് വിജിലന്‍സിനോട് പറഞ്ഞിരുന്നുവെന്ന് ബാറുടമ

തൃശൂര്‍: ബാര്‍ ലൈസന്‍സ് കിട്ടാന്‍ മന്ത്രിമാരായ കെ.എം. മാണിക്കും കെ. ബാബുവിനും കോഴ നല്‍കാനായി തൃശൂരിലെ 105 ബാര്‍ ഹോട്ടലുകാരില്‍ നിന്ന് 30 ലക്ഷം രൂപ പിരിച്ചു കൊടുത്തിട്ടുണ്ടെന്ന് ബാര്‍ ഹോട്ടല്‍ ഉടമാ സംഘടന ജില്ലാ സെക്രട്ടറി ചെറക്കുളം ജോഷി. മന്ത്രിമാര്‍ക്ക് ഈ പണം നല്‍കിയതായി സംസ്ഥാന കമ്മിറ്റിയില്‍ സംസ്ഥാന പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണിയും ബിജു രമേശും സെക്രട്ടറിയും പറഞ്ഞിരുന്നു. ആര്‍ക്ക്, എത്ര വീതം കൊടുത്തുവെന്നത് പ്രസിഡന്‍റിനും സെക്രട്ടറിക്കും മാത്രമേ അറിയാവൂ എന്ന് ജോഷി ഇരിങ്ങാലക്കുടയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ 10 ലക്ഷവും പിന്നീട് 20 ലക്ഷവുമാണ് സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയത്. ഇക്കാര്യം എറണാകുളത്തുവെച്ച് വിജിലന്‍സ് ഡയറക്ടറോട് താന്‍ പറഞ്ഞിരുന്നു. എഴുതിയെടുത്ത മൊഴി തന്നെ വായിച്ചു കേള്‍പ്പിക്കുകയും ചെയ്തിരുന്നു. മൂന്നു തവണയാണ് എറണാകുളത്ത് ചെന്ന് മൊഴി നല്‍കിയത്. അതില്‍ ഒരു തവണ മന്ത്രി ബാബുവിനെതിരായ കേസിനാണ്.

എല്ലാ ജില്ലാ കമ്മിറ്റികളും മന്ത്രിമാര്‍ക്ക് നല്‍കാന്‍ പണം പിരിച്ചിട്ടുണ്ട്. തൃശൂരില്‍ നിന്നാണ് കൂടുതല്‍ പണം നല്‍കിയത്. ലൈസന്‍സ് റദ്ദാക്കിയപ്പോള്‍ ബാര്‍ ഹോട്ടല്‍ നടത്തിപ്പുകാരും തൊഴിലാളികളും പ്രതിസന്ധിയിലായി. ഈ ഘട്ടത്തിലാണ് ലൈസന്‍സ് തിരിച്ചു കിട്ടാന്‍ മന്ത്രിമാര്‍ക്ക് പണം നല്‍കിയത്. ലൈസന്‍സ് തിരിച്ചു കിട്ടാനായി ബാറുകളുടെ നിലവാരം ഉയര്‍ത്താന്‍ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചതിനൊപ്പമാണ് മന്ത്രിമാര്‍ക്ക് പണം പിരിച്ചു കൊടുത്തതെന്നും ജോഷി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.