രൂപേഷിന് അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം നാല് യുവാക്കള്‍ക്കെതിരെ യു.എ.പി.എ

മഞ്ചേരി: മാവോവാദി നേതാവ് രൂപേഷിനെ മഞ്ചേരി കോടതിയില്‍ കൊണ്ടുവന്ന ഘട്ടത്തില്‍ അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം മുഴക്കിയ നാല് യുവാക്കള്‍ക്കെതിരെ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) പ്രകാരം കുറ്റം ചുമത്തി. തിരുവനന്തപുരം തനാല്‍പുരം സുജേഷ്ഭവനില്‍ സന്തോഷ് (35), കൊണ്ടോട്ടി പുളിയംകുന്ന് കുണ്ടടയല്‍ വീട്ടില്‍ ദീപേഷ്, കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പില്‍ മഠത്തില്‍ വീട്ടില്‍ രാജേഷ് (23), കൊണ്ടോട്ടി കാഞ്ഞിപ്പറമ്പില്‍ ചാലംപറ്റ വീട്ടില്‍ സുമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ മഞ്ചേരി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.  നിലമ്പൂരില്‍ മാവോവാദി അനുകൂല ലഘുലേഖ കണ്ടെടുത്ത 2010ലെ കേസില്‍ പ്രതിചേര്‍ത്ത രൂപേഷിനെ ബുധനാഴ്ച ഉച്ചക്ക് ശേഷം രണ്ടരയോടെ മഞ്ചേരി കോടതിയില്‍ എത്തിച്ച സമയത്ത് കോടതി കവാടത്തിന് പുറത്താണ് യുവാക്കള്‍ മുദ്രാവാക്യം വിളിച്ചത്.
സഖാവ് രൂപേഷ് സിന്ദാബാദ്, രക്തസാക്ഷികള്‍ സിന്ദാബാദ്, സഖാവ് രൂപേഷിന് അഭിവാദ്യങ്ങള്‍ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. നിരോധിത സംഘടനയായ സി.പി.ഐ.എം മാവോയിസ്റ്റ് വിഭാഗത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിനാണ് കേസ്. മാവോവാദി സംഘടനയുമായി യുവാക്കള്‍ക്കുള്ള ബന്ധം പൊലീസ് അന്വേഷിക്കുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.