മിന്നല്‍: ശ്രദ്ധിച്ചാല്‍ അപകടം ഒഴിവാക്കാം

തിരുവനന്തപുരം: അല്‍പം ശ്രദ്ധിച്ചാല്‍ മിന്നല്‍മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാമെന്ന് വിദഗ്ധര്‍. തുലാവര്‍ഷം ആരംഭിച്ചതോടെ മിന്നലേറ്റുള്ള അപകടങ്ങളും പതിവായിട്ടുണ്ട്. മിന്നലുള്ളപ്പോള്‍ വീടിന്‍െറ മുകളിലോ ബാല്‍ക്കണിയിലോ നില്‍ക്കുന്നത് അപകടകരമാണെന്ന് ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുന്‍ ശാസ്ത്രജ്ഞനും ഇപ്പോള്‍ സെന്‍റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷനിലെ  (സിസ) മിന്നല്‍ പഠനകേന്ദ്രം ചീഫ് കണ്‍സള്‍ട്ടന്‍റുമായ ഡോ.എസ്. മുരളിദാസ് പറഞ്ഞു.
 തുറസ്സായ സ്ഥലങ്ങളിലും മരങ്ങള്‍, വലിയ ലോഹനിര്‍മിത വാഹനങ്ങള്‍, വസ്തുക്കള്‍ എന്നിവയുടെ സമീപത്ത് നില്‍ക്കുമ്പോഴും മിന്നലേല്‍ക്കാന്‍ സാധ്യതയുണ്ട്.  തുറസ്സായ സ്ഥലത്ത് കുട പിടിക്കുന്നതും ഒഴിവാക്കണം. മിന്നലിനത്തെുടര്‍ന്ന് വൈദ്യുതി പ്രവഹിക്കാന്‍ സാധ്യതയുള്ള വസ്തുക്കളില്‍നിന്ന് അകന്നുനില്‍ക്കണം.
ലാന്‍ഡ്ഫോണ്‍, കേബ്ള്‍ ടി.വി കണക്ഷന്‍, വയര്‍ ഘടിപ്പിച്ച ഇന്‍റര്‍നെറ്റ് മോഡം, വൈദ്യുതിയുമായി ബന്ധിപ്പിച്ച മറ്റുപകരണങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം അകലം പാലിക്കുക. മൊബൈല്‍ ഫോണ്‍, ലാന്‍ഡ് ഫോണുകളുടെ കോഡ്ലെസ് റിസീവര്‍ തുടങ്ങിയവ അത്ര അപകടകാരിയല്ല.
മിന്നലുണ്ടാവുമ്പോള്‍ ഉപകരണങ്ങളുടെ പ്ളഗ് ഊരാനും ടാപ്പുകള്‍ തുറക്കാനും ശ്രമിക്കരുത്. വീടിന് മുകളില്‍ മിന്നലേറ്റാല്‍ ഭിത്തികളിലും ജനാലകളിലും തൊടരുത്. ഇത്തരം സാഹചര്യങ്ങളില്‍ ചുവരിനോട് ചേര്‍ന്നുള്ള വസ്തുക്കളില്‍ നിന്നുപോലും അകന്നുനില്‍ക്കണം. മണ്‍വെട്ടി പോലുള്ളവയും ഉപയോഗിക്കരുത്.
ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നതും അപകടകരമാണ്. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ താരതമ്യേന സുരക്ഷ നല്‍കും. മുറിയുടെ മധ്യത്തില്‍ നില്‍ക്കുന്നതാവും അഭികാമ്യം. മിന്നലുള്ളപ്പോള്‍ നീന്തുന്നതും  മീന്‍പിടിക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കും.
സിസയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മിന്നല്‍ പഠന ഗവേഷണകേന്ദ്രം വിവിധ ജില്ലകളില്‍ മിന്നലുമായി ബന്ധപ്പെട്ട് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.  
പൊതുജനങ്ങള്‍ക്ക് സംശയനിവാരണത്തിന്  0471- 2722151, 9633412841 എന്നീ ഫോണ്‍ നമ്പറുകളിലും ഇ-മെയിലിലും      ( cissa.larc@gmail.com) ബന്ധപ്പെടാം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.