പാലായാണ് തന്‍റെ ലോകം; വി.എസ് മകനെയോർത്ത് കണ്ണുനീർ പൊഴിച്ചാൽ മതിയെന്ന് മാണി

പാലാ: ബാർ കോഴ ആരോപണത്തിൽ മന്ത്രിസ്ഥാനം രാജിവെച്ച കെ.എം മാണിക്ക് ജന്മനാടും രാഷ്ട്രീയ തട്ടകവുമായ പാലായിൽ ഗംഭീര വരവേൽപ്പ്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ തന്നെ ഒാർത്ത് കണ്ണുനീർ പൊഴിക്കേണ്ടെന്ന് കെ.എം മാണി പറഞ്ഞു. വി.എസ് മകനെയോർത്ത് കണ്ണുനീർ പൊഴിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. മാണിക്ക് സ്വീകരണം നൽകുന്നതിനെ വിമർശിച്ച വി.എസിനുള്ള മറുപടിയായിട്ടായിരുന്നു മാണിയുടെ വിമർശം.

പാലാ എന്ന മണ്ഡലത്തിന് പുറത്ത് ലോകമുണ്ടെന്ന കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനക്കും മാണി മറുപടി നൽകി. പാലായിക്ക് പുറത്ത് ലോകമുണ്ടെന്ന് തനിക്കറിയാം. ലോകം ഒത്തിരി കണ്ടിട്ടുണ്ട്. എന്നാൽ പാലായേക്കാൾ വലിയ ലോകം തനിക്കില്ലെന്നും മാണി തിരിച്ചടിച്ചു.

പാലായിലെ ജനങ്ങളുടെ സ്നേഹമാണ് വലുത്. ജനങ്ങളുടെ പിന്തുണയാണ് തന്‍റെ  ശക്തിയും കരുത്തും. 12 ബജറ്റുകൾ അവതരിപ്പിച്ചതിൽ കേരളത്തിനുള്ളത് കേരളത്തിനും പാലാ മണ്ഡലത്തിനുള്ളത് പാലായിക്കും നൽകിയിട്ടുണ്ട്. ശതകോടികളുടെ വികസനമാണ് പാലായിൽ നടപ്പാക്കിയത്. ഇതിന് ഉദാഹരണമായി ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും നൽകിയിട്ടുണ്ടെന്നും മാണി വ്യക്തമാക്കി.

പൂഞ്ഞാറിലെ സ്നേഹിതനായ പി.സി ജോർജിനെ എം.എൽ.എ സ്ഥാനത്ത് നിന്ന് സ്പീക്കർ അയോഗ്യനാക്കിയിരിക്കുന്നു. നിലവാരം കൈവിട്ടാൽ അത് നാട്ടുക്കാർക്കും വീട്ടുകാർക്കും നാണക്കേട് ഉണ്ടാക്കും. ജോർജിന് നന്മയുണ്ടാകട്ടെ എന്നും മാണി പറഞ്ഞു. അതേസമയം, ബാർ കോഴയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ സംസാരിക്കാൻ മാണി തയാറായില്ല. പ്രവർത്തകർ നിരവധി തവണ മന്ത്രി കെ. ബാബുവിന്‍റെ പേര് വിളിച്ചു പറഞ്ഞെങ്കിലും അക്കാര്യം മാണി പ്രസംഗത്തിൽ ഉൾപ്പെടുത്തിയില്ല.

കോഴ ആരോപണത്തിൽ നിന്ന് മോചിതനായി കെ.എം മാണി തിരിച്ചു വരുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് മന്ത്രി പി.ജെ ജോസഫ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കോഴ വിഷയത്തിൽ ഇരട്ട നീതി എന്ന വലിയ വിമർശമുണ്ട്. ഇതിന് സംസ്ഥാന സർക്കാർ അടിയന്തര പരിഹാരം കാണണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

എം.എൽ.എമാരായ സി.എഫ് തോമസ്, ടി.യു കുരുവിള, റോഷി അഗസ്റ്റിൻ, പ്രഫ. എൻ. ജയരാജ്, ജോസ് കെ. മാണി എം.പി അടക്കം പാർട്ടിയിലെ എല്ലാ ഘടകങ്ങളിലെയും നേതാക്കളും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.