കൊച്ചി: നേവി ഫെസ്റ്റ് ഈ മാസം 20, 21, 22 തീയതികളിൽ കൊച്ചി ദക്ഷിണമേഖലാ നാവികസേന ആസ്ഥാനത്ത് നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കുന്ന പ്രദർശനങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശം സൗജന്യമാണ്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളും എയർ ക്രാഫ്റ്റുകളും അടുത്തു കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ നേവി സ്കൂളുകളുടെ സ്റ്റാളുകൾ, നാവികസേന പടക്കപ്പലുകളുടെ മാതൃകകൾ, തോക്കുകൾ, പീരങ്കികൾ, വിവിധതരം ടോർപിഡോകൾ, മുങ്ങൽ ഉപകരണങ്ങൾ തുടങ്ങിയവയുടെ പവിലിയനുകളും ഉണ്ടാകും. 40ഓളം പവിലിനയനുകളാണ് ഇന്ത്യൻ നാവികസേനയെ അടുത്തറിയാനായി ഒരുക്കുന്നത്.
കഴിഞ്ഞവർഷം 27,000ഓളം പേർ നേവി ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന പ്രദർശനങ്ങൾ കാണാൻ എത്തിയിരുന്നു. സ്കൂൾ വിദ്യാർഥികളുമായി എത്തുന്ന ബസുകൾക്കും മറ്റു വാഹനങ്ങൾക്കും ഈ ദിവസങ്ങളിൽ പ്രവേശം അനുവദിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയുടെ ആധുനിക വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് കൊച്ചി, ഫെസ്റ്റിനോട് ബന്ധപ്പെട്ട് ആദ്യമായി കൊച്ചിയിലെത്തും. ഡിസംബർ ആറിന് മറൈൻ ഡ്രൈവിനും സുഭാഷ് പാർക്കിനോടും ചേർന്ന് കായലിലും കരയിലുമായി നടക്കുന്ന നാവികസേനയുടെ അഭ്യാസപ്രകടനങ്ങളിൽ ഐ.എൻ.എസ് കൊച്ചിയും പങ്കുചേരും. സുഭാഷ് പാർക്കിനോടുചേർന്ന് പൊതുജനങ്ങൾക്ക് നാവികാഭ്യാസങ്ങൾ കാണാൻ സൗകര്യം ഒരുക്കും. വിശിഷ്ടാതിഥികൾക്കായി രാജേന്ദ്രമൈതാനത്തും ഇരിപ്പിടസൗകര്യം ഒരുക്കും.
ആറിന് കടലിലും ആകാശത്തുമായി മറൈൻ ഡ്രൈവിന് സമീപം നടക്കുന്ന അഭ്യാസപ്രകടനങ്ങൾ വൈകുന്നേരം 4.30 മുതൽ 6.30വരെയാണ്. നാവികസേന കാഡറ്റുകൾക്കുള്ള പരിശീലനക്കപ്പൽ ഉൾപ്പെടെ 10ഓളം പടക്കപ്പലുകൾ അഭ്യാസങ്ങളിൽ പങ്കെടുക്കും. അതോടൊപ്പം നാവികസേനയുടെ 16ഓളം വിമാനങ്ങൾ ആകാശത്ത് വിസ്മയക്കാഴ്ചകളും ഒരുക്കും. പി എട്ട് ഇനത്തിൽപെട്ട എയർ ക്രാഫ്റ്റാണ് ഇതിൽ ശ്രദ്ധേയം.
1971ലെ ഇന്ത്യ–പാകിസ്താൻ യുദ്ധത്തിൽ കറാച്ചി തുറമുഖത്ത് കിടന്ന പാക് മിസൈൽ വാഹിനിക്കപ്പൽ ഡിസംബർ നാലിന് ഇന്ത്യൻ നാവികസേന തരിപ്പണമാക്കി, 1971ലെ യുദ്ധത്തിെൻറ ഗതി മാറ്റിയതിെൻറ ഓർമപുതുക്കലായിട്ടാണ് ഇന്ത്യൻ നാവികസേന നാവികവാരം ആഘോഷിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.