ലോട്ടറി കേസില്‍ സി.ബി.ഐക്ക് തിരിച്ചടി

കൊച്ചി: ലോട്ടറി കേസില്‍ തുടരന്വേഷണം ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാറിന് അവകാശമുണ്ടെന്ന് കോടതി. ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 22 കേസില്‍ അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാറിന്‍െറ ഹരജി പരിഗണിച്ചാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ. കമനീസിന്‍െറ ഉത്തരവ്. സംസ്ഥാന സര്‍ക്കാറിന്‍െറ മറുപടി കേള്‍ക്കാന്‍ കേസ് ഡിസംബര്‍ 11ലേക്ക് മാറ്റി.
രജിസ്റ്റര്‍ ചെയ്ത ലോട്ടറി കേസുകളിലെ പരാതിക്കാരന്‍ സംസ്ഥാന സര്‍ക്കാറല്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ സര്‍ക്കാറിന് അധികാരമില്ളെന്നായിരുന്നു സി.ബി.ഐയുടെ വാദം. എന്നാല്‍, സി.ബി.ഐയുടെ വാദം തള്ളിയ കോടതി അന്വേഷണം അവസാനിപ്പിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ എതിര്‍പ്പുണ്ടെങ്കില്‍ സര്‍ക്കാറിന് കോടതിയെ അറിയിക്കാമെന്ന് വ്യക്തമാക്കി. സി.ബി.ഐ എഴുതിത്തള്ളിയ 22 കേസിലാണ് സംസ്ഥാന സര്‍ക്കാര്‍ തുടരന്വേഷണം ആവശ്യപ്പെട്ടത്. സര്‍ക്കാറിന്‍െറ എതിര്‍ സത്യവാങ്മൂലം കൂടി പരിഗണിച്ച ശേഷമാകും വീണ്ടും അന്വേഷണത്തിന് ഉത്തരവിടണോ തുടരന്വേഷണ റിപ്പോര്‍ട്ട് സ്വീകരിക്കണോ എന്നീ കാര്യങ്ങളില്‍ കോടതി അന്തിമ തീരുമാനമെടുക്കുക.
അതേസമയം, സി.ബി.ഐ അന്വേഷണം പൂര്‍ത്തിയാക്കിയ കേസുകളില്‍ പ്രതികള്‍ക്ക് എത്രയും വേഗം സമന്‍സ് അയച്ച് തുടര്‍ നടപടി കൈക്കൊള്ളാനും നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റപത്രം നല്‍കിയ ഒരുകേസില്‍ പോലും പ്രതികള്‍ക്ക് ഇതുവരെ സമന്‍സ് അയച്ചിട്ടില്ല. ഇത് നടപ്പാക്കുന്നതില്‍ ഇനിയും കാലതാമസമുണ്ടാകാന്‍ പാടില്ളെന്നാണ് കോടതിയുടെ കര്‍ശന നിര്‍ദേശം.
സംസ്ഥാന പൊലീസ് അന്വേഷിച്ച 32 കേസിലാണ് സി.ബി.ഐ അന്വേഷണം നടത്തിയത്. ഇതില്‍ 10 എണ്ണത്തില്‍ മാത്രമാണ് പ്രതികളെ ഉള്‍പ്പെടുത്തി സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്തര്‍ സംസ്ഥാന ലോട്ടറി നിയമവിരുദ്ധമായി കേരളത്തില്‍ വിറ്റതിലൂടെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയതെന്നായിരുന്നു സര്‍ക്കാറിന്‍െറ വാദം.
പ്രതികളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന മുഴുവന്‍ തെളിവും സി.ബി.ഐക്ക് കൈമാറുകയും അന്വേഷണത്തില്‍ പൂര്‍ണ സഹകരണവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ കൈമാറിയ തെളിവുകള്‍ മുഖവിലക്കെടുക്കാതെയാണ് സി.ബി.ഐ കേസുകള്‍ അവസാനിപ്പിച്ചതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. വാദത്തിനിടെയാണ് അന്വേഷണം അവസാനിപ്പിച്ച നടപടി ചോദ്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ളെന്ന് സി.ബി.ഐ എതിര്‍വാദം ഉന്നയിച്ചത്.
അച്ചടിച്ച ലോട്ടറികള്‍ വില്‍പന നടത്തുന്നതിന് ഒരുമാസം മുമ്പേ സംസ്ഥാന വാണിജ്യനികുതി വകുപ്പ് ലോട്ടറി വില്‍പനയുടെ കരാര്‍ ഏറ്റെടുത്തിരുന്ന മേഘ ഡിസ്ട്രിബ്യൂട്ടേഴ്സില്‍നിന്ന് നികുതി വാങ്ങിയിരുന്നെന്നും സി.ബി.ഐ നേരത്തേ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്‍, ജോണ്‍ കെന്നഡി എന്നിവരാണ് കുറ്റപത്രം നല്‍കിയ കേസുകളിലെ പ്രധാന പ്രതികള്‍.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.