കോഴിക്കോട്: ഡിസംബർ അഞ്ചു മുതൽ എട്ടുവരെ മെഡിക്കൽ കോളജ് കാമ്പസിലെ സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന 59ാം സംസ്ഥാന സ്കൂൾ കായികമേളക്ക് കോഴിക്കോട് ഒരുങ്ങുന്നു. 2500 മത്സരാർഥികളും 350 ഒഫിഷ്യലുകളും അടക്കം 3500ഓളം പേർ മേളയിൽ പങ്കാളികളാവുന്ന മേളയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ഡി.പി.ഐ എം.എസ്. ജയയുടെ നേതൃത്വത്തിൽ അവലോകന യോഗം ശനിയാഴ്ച ചേർന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ എം.എസ്. ജയ, കായിക വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ചാക്കോ ജോസഫ്, ഡി.ഡി.ഇ ഗിരീഷ് ചോലയിൽ എന്നിവരും സബ്കമ്മിറ്റി ചുമതലയുള്ള അധ്യാപക സംഘടനാ പ്രതിനിധികളും പങ്കെടുത്തു. മേളക്ക് ദിവസങ്ങൾമാത്രം ശേഷിക്കെ, ഒരുക്കങ്ങൾ ത്വരിതഗതിയിൽ പൂർത്തിയാക്കേണ്ടതുണ്ടെന്ന് ഡി.പി.ഐ പറഞ്ഞു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ സിന്തറ്റിക് ട്രാക്കിലാണ് മേള നടത്താൻ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇവിടെ ഒരുക്കങ്ങൾ പൂർത്തിയാകാത്തതിനാലാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.
കഴിഞ്ഞ വർഷത്തെ അതേ തുകയാണ് മേളക്ക് വേണ്ടി സർക്കാർ അനുവദിച്ചത്. 4639250 രൂപ.ചെലവു ചുരുക്കി ഈ തുകക്കുള്ളിൽ മേള നടത്താനാണ് നിർദേശം. ഓരോ സബ് കമ്മിറ്റികളുടെയും ചുമതലകൾ യോഗത്തിൽ വിശദീകരിച്ചു. മേളയുടെ ക്രമസമാധാനപാലനത്തിന് പൊലീസിനുപുറമെ, എൻ.എസ്.എസ് വളൻറിയർമാർ, സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തും. സ്വീകരണ കമ്മിറ്റിക്ക് കീഴിൽ ഓരോ ജില്ലകൾക്കും പ്രത്യേകം കൗണ്ടറുകൾ ഉണ്ടാവും. മത്സരത്തിന് ആവശ്യമായ ഉപകരണങ്ങൾ രണ്ടു ദിവസം മുമ്പ് ഗ്രൗണ്ടിൽ എത്തിക്കും. വിദ്യാർഥികൾക്കുള്ള താമസസൗകര്യങ്ങൾ സമീപത്തെ സ്കൂളുകളിൽ ഒരുക്കാനാണ് ശ്രമം. ഇവിടെ ടോയ്ലറ്റുകളിലും മുറികളിലും അധിക സംവിധാനമൊരുക്കി വെളിച്ചം ക്രമീകരിക്കും.
കായിക വിദ്യാഭ്യാസ ഡയറക്ടർക്കാണ് മേളയുടെ നടത്തിപ്പ് ചുമതല. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറായിരിക്കും ഇദ്ദേഹത്തിെൻറ അഭാവത്തിൽ ചുമതലകൾ നിർവഹിക്കുക. ഡി.പി.ഐ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. ജനപ്രതിനിധികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി 20ന് രൂപവത്കരിക്കുന്ന സ്വാഗതസംഘം കമ്മിറ്റിക്ക് കീഴിലാണ് മേള നടക്കുക. ഓരോ സമിതികളുടെയും കൺവീനർമാരെയും അന്ന് തീരുമാനിക്കും.
സിന്തറ്റിക് ട്രാക് തൃപ്തികരം–ഡി.പി.ഐ
സംസ്ഥാന സ്കൂൾ കായിക മേളക്ക് മെഡിക്കൽ കോളജിലെ സംവിധാനങ്ങൾ തൃപ്തികരമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എം.എസ്. ജയ. കായിക മേളകൾ സിന്തറ്റിക് ട്രാക്കിൽ നടത്തുക എന്ന വിദ്യാഭ്യാസ വകുപ്പിെൻറ നയത്തിെൻറ ഭാഗമായാണ് കോഴിക്കോട്ടെ മൈതാനം തെരഞ്ഞെടുത്തത്. ദേശീയ ഗെയിംസിന് ഒരുക്കിയ മൈതാനം മത്സരത്തിന് സജ്ജമാണ്. ദേശീയ ഗെയിംസിെൻറ ഭാഗമായി നവീകരിച്ച സ്റ്റേഡിയത്തിൽ പതിനായിരത്തോളം പേർക്ക് ഇരിക്കാവുന്ന ഗാലറി, ഇരുപതോളം മുറികളിൽ ഓഫിസ്, താമസ സൗകര്യങ്ങൾ എന്നിവ ഇവിടെയുണ്ട്.
മേളയുടെ എല്ലാ ദിവസങ്ങളിലും അവലോകന യോഗം ചേരും. ഇതിനായി ഇവിടെ കോൺഫറൻസ് ഹാൾ സജ്ജീകരിക്കും. കൊച്ചിയിലും മറ്റുമുള്ള പോലെ പ്രകൃതിദത്തമായ തണൽ ഗാലറിയിൽ ഇല്ല എന്നതാണ് പ്രയാസം. ഇതിന് ഗാലറി മൊത്തം പന്തൽ വിരിക്കും. കാണികൾക്ക് ഇരിക്കാൻ ഗ്രൗണ്ടിന് സമീപത്തെ കുറ്റിക്കാടുകൾ നീക്കി സൗകര്യമൊരുക്കും. വാംഅപ്പിനും പരിശീലനത്തിനും മെഡിക്കൽ കോളജ് പഴയ ഗ്രൗണ്ടിൽ സംവിധാനമൊരുക്കും. ഭക്ഷണ സൗകര്യം ഗ്രൗണ്ടിന് സമീപം പന്തൽ കെട്ടിയോ സമീപത്തെ സ്കൂളുകളിലോ സജ്ജീകരിക്കും. മാധ്യമങ്ങൾക്കും അതിഥികൾക്കും വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്നും അവർ പറഞ്ഞു.
കായിക വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ചാക്കോ ജോസഫ്, ഡി.ഡി.ഇ ഗിരീഷ് ചോലയിൽ, റവന്യൂ ജില്ലാ സ്പോർട്സ് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മെഡിക്കൽ കോളജ് കായിക വിദ്യാഭ്യാസ വിഭാഗം മേധാവി ശെൽവരാജ്, സിന്തറ്റിക് ട്രാക് സാങ്കേതിക സമിതി അംഗം ഹരിദാസൻ, കായിക മേള സബ് കമ്മിറ്റി അംഗങ്ങൾ എന്നിവരും ഡി.പി.ഐയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.